Summary
- ബീഹാറിന്റെ നിര്‍ബന്ധിത ചെലവ്- വരുമാന അനുപാതം 237 ശതമാനം
- കേരളത്തിന്റെ നിര്‍ബന്ധിത ചെലവ്- വരുമാന അനുപാതം 84 ശതമാനം
കൊച്ചി: റവന്യു ചെലവുകളും, വരുമാനവും തമ്മില്‍ ബാലന്‍സ് ചെയ്യുന്നതില്‍ കേരളം സാമ്പത്തിക സമ്മർദ്ദത്തിലുള്ള മറ്റു സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നിവയേക്കാൾ പിന്നിലാണ്. എന്നാൽ ബീഹാർ ഈ കാര്യത്തിൽ കേരളത്തേക്കാൾ ബഹുദൂരം പുറകിലാണ് എന്നതാണ് വസ്തുത. സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പറയുമ്പോഴും ബീഹാർ ഒഴികയുള്ള മറ്റു മൂന്നു സംസ്ഥാനങ്ങൾ അവയുടെ ചെലവുകള്‍ കേരളത്തെക്കാള്‍ താരതമ്യേന കുഴപ്പമില്ലാത്ത രീതിയില്‍ കൈകാര്യം ചെന്നുണ്ടന്നു മൈഫിന്‍പോയിന്റ് ഡോട്ട് കോമിന് ലഭിച്ച ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിൽ ജൂണ്‍ 30 ന് അവസാനിച്ച പാദത്തിലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ സാമ്പത്തിക വിശകലനമനുസരിച്ചു കേരള൦ അതിന്റെ വരുമാനത്തിന്റെ 84 ശതമാനത്തിനു മുകളിൽ നിർബന്ധിത ചിലവുകളായ ( കമ്മിറ്റഡ് എക്സ് പെന്റിച്ചർ ) പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായാണ് ചെലവാക്കുന്നത്. എന്നാൽ ഇതിനായി സംസ്ഥാനത്തിന്റെ മൊത്തം നികുതി വരുമാനം പോലും പര്യാപ്തമല്ലെന്നാണ് സി ആൻഡ് എ ജി പറയുന്നു .
രണ്ട് വര്‍ഷം മുമ്പ് നടന്ന ശമ്പള പരിഷ്‌കരണത്തിന്റെ ഫലമായി താങ്ങാനാകാത്ത ഉയര്‍ന്ന ശമ്പളച്ചെലവിന്റെ വിഷമ വൃത്തത്തില്‍ കേരളം അകപ്പെട്ടിരിക്കുകയാണെന്നാണ് മൈഫിന്‍പോയിന്റിനോട് ഒരു അനലിസ്റ്റ് അഭിപ്രായപ്പെട്ടത്. കാലാകാലങ്ങളില്‍ നടത്തുന്ന ശമ്പള പരിഷ്‌കരണം തീര്‍ച്ചയായും ഉയര്‍ന്ന പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. ഇത് രണ്ടും കൂടുതല്‍ കടമെടുക്കുന്നതിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നു. പലിശയിനത്തിലുള്ള ചെലവ് വര്‍ധിക്കുന്നതിലേക്കാണ് ഇത് നയിക്കുന്നത്. അവസാനം കടം കൂമ്പാരമായി വര്‍ധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ ഉയര്‍ന്ന ചെലവ് കേരളത്തിന് മാത്രമുള്ളതാണോ എന്നതാണ് പ്രധാന ചോദ്യം.
ആർ ബി ഐ സാമ്പത്തിക പ്രശ്ന സംസ്ഥാനങ്ങളായി കാണുന്ന ബീഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ വരുമാനവും, ചെലവും തമ്മിലുള്ള അനുപാതം താരതമ്യം ചെയ്താല്‍ കേരളം എവിടെ നില്‍ക്കുന്നു എന്നു വ്യക്തമായ ചിത്രം ലഭിക്കും. ബീഹാറുമായി തട്ടിച്ചു നോക്കുമ്പോൾ മറ്റെല്ലാ സംസ്ഥാനങ്ങളും അവരുടെ വരുമാനം ഒരു വിധം മെച്ചമായി കൈകാര്യം ചെയ്യുന്നു. ബീഹാറിനെ സംബന്ധിച്ചിടത്തോളം, ജൂണില്‍ അവസാനിച്ച ആദ്യ പാദത്തിലെ റവന്യൂ വരുമാനം 7,300.41 കോടി രൂപയായിരുന്നു. എന്നാൽ പലിശ, ശമ്പളം, പെന്‍ഷന്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍ബന്ധിത ചെലവുകള്‍ക്കായി 17,316.47 കോടി രൂപ ചെലവഴിച്ചു. അതായത് 237.20 ശതമാനാമാണ് ബീഹാറിന്റെ നിര്‍ബന്ധിത ചെലവ്- വരുമാന അനുപാത൦. ഇത് ഏതെങ്കിലിമൊരു സംസ്ഥാനത്തെ സംബന്ധിച്ച് സുസ്ഥിരമായ രീതിയല്ല.
ഇക്കാര്യത്തില്‍ കേരളത്തിന്റെ ചിത്രവും അത്ര പ്രോത്സാഹജനകമല്ല. 2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കേരളത്തിന്റെ നിര്‍ബന്ധിത ചെലവ്-റവന്യൂ വരുമാന അനുപാതം 84.01 ശതമാനമാണ്. റവന്യൂ വരുമാനത്തിന്റെ 14 ശതമാനത്തില്‍ താഴെ മാത്രമാണ് സംസ്ഥാനത്തിന്റെ അവശേഷിക്കുന്ന എല്ലാ റവന്യൂ ചെലവുകളും കൈകാര്യം ചെയ്യാനായുള്ളത്.
വരുമാനം വെസ്റ്റ് ബംഗാളിന്റെ രക്ഷകൻ
ഇവിടെ മറ്റൊരുകാര്യ൦, വെസ്റ്റ് ബംഗാളും, റിസർവ് ബാങ്കിന്റെ സാമ്പത്തിക സമ്മർദ പട്ടികയിലുള്ള സംസ്ഥാനമാണെങ്കിലും ,ഈ പാദത്തിൽ അതിന്റെ നിര്‍ബന്ധിത ചെലവ്-റവന്യൂ വരുമാന അനുപാതം മറ്റു നാലു സാമ്പത്തിക സമ്മർദ സംസ്ഥാനങ്ങളെക്കാൾ വളരെ താഴെയാണ്. .
ബിഹാര്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളുടെ നിര്‍ബന്ധിത ചെലവുകള്‍ കുത്തനെ കൂടുന്നതിനെതിരെ റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാജസ്ഥാന്‍, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ മികച്ച നിലയിലാണെന്നാണ് സി ആൻഡ് എജി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്.
കേരളം ഉള്‍പ്പെടെ സാമ്പത്തികമായി സമ്മര്‍ദ്ദത്തിലായ അഞ്ച് സംസ്ഥാനങ്ങളുടെ നിര്‍ബന്ധിത ചെലവുകളും റവന്യൂ വരുമാനവും തമ്മിലുള്ള അനുപാതം കാണിക്കുന്ന പട്ടിക ചുവടെ ചേര്‍ക്കുന്നു.