3 Oct 2024 9:50 AM GMT
Summary
- ഇസ്രയേലിന് പ്രതികരിക്കാന്‍ അവകാശമുണ്ടെന്ന് ജി7 രാജ്യങ്ങള്‍
- ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെ എതിര്‍ക്കുമെന്ന് ബൈഡന്‍
- ഇറാന്റെ ആക്രമണത്തില്‍ പാലസ്തീനില്‍ ഒരു മരണം
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തുന്നതിനെ താന്‍ എതിര്‍ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പ്രതികരിക്കാന്‍ ജറുസലേമിന് അവകാശമുണ്ടെന്ന് അംഗീകരിക്കുമ്പോള്‍, പ്രതികരണം 'ആനുപാതികമായി' ആയിരിക്കണമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാനെതിരെ ഉപരോധം ശക്തമാക്കുമെന്ന് ബൈഡന്‍ സ്ഥിരീകരിച്ചു. ജി 7 രാജ്യങ്ങളുടെ നേതാക്കളുമായി യുഎസ് പ്രസിഡന്റ് വിഷയം ചര്‍ച്ച ചെയ്തു.
'ഇസ്രയേലികള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഞങ്ങള്‍ അവരുമായി ചര്‍ച്ച ചെയ്യും, പക്ഷേ പ്രതികരിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് ഏഴ് പേരും സമ്മതിക്കുന്നു, പക്ഷേ അവര്‍ ആനുപാതികമായി പ്രതികരിക്കണം,' എയര്‍ഫോഴ്‌സ് വണ്ണില്‍ കയറുന്നതിന് മുമ്പ് ബൈഡന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇറാന്റെ മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായി ടെഹ്‌റാന്റെ ആണവ, എണ്ണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണം ഇസ്രയേല്‍ പരിഗണിക്കുന്നതായി വാര്‍ത്ത പരക്കുന്നതിനിടെയാണ് യുഎസ് പ്രസിഡന്റിന്റെ പ്രതികരണം.
ഇറാന്റെ വ്യാപക ആക്രണത്തില്‍ ഒരു മരണം മാത്രമെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളു. അത് വെസ്റ്റ് ബാങ്കിലെ ഒരു പാലസ്തീന്‍ പൗരനാണ്. ഇസ്രയേലിന്റെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ജനങ്ങള്‍ ബോംബ് ഷെല്‍ട്ടറുകളിലേക്ക് മാറിയിരുന്നു.
ആക്രമണത്തിന് തൊട്ടുപിന്നാലെ, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാന്‍ ഒരു വലിയ തെറ്റ് ചെയ്തുവെന്നും അതിന് വലിയ വില നല്‍കേണ്ടിവരുമെന്നും പ്രഖ്യാപിച്ചു.
ഇസ്രയേലിന്റെ പ്രതികരണം ഒരു പ്രാദേശിക യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് നയതന്ത്ര സ്രോതസ്സുകള്‍ സൂചിപ്പിച്ചതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
അതേസമയം, ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ഇസ്രയേല്‍ മറുപടി നല്‍കുമെന്ന് ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.
ഇറാനെതിരായി ഇസ്രയേല്‍ എന്തു നടപടി സ്വീകരിച്ചാലും അതിനൊപ്പം നില്‍ക്കുക എന്നതായിരിക്കും യുഎസ് നയം എന്നാണ് വിലയിരുത്തപ്പെടുന്നത്.