image

3 Nov 2023 10:58 AM GMT

News

ചൈന ചർച്ചയ്ക്കു പിന്നാലെ ഭൂട്ടാന്‍ രാജാവ് ഇന്ത്യയില്‍

MyFin Desk

border dispute with china, bhutan king in india
X

Summary

  • എട്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് വാങ്ചുക്ക് ഇന്ത്യയിലെത്തിയത്
  • ഭൂട്ടാനും ചൈനയും ചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് വാങ്ചുക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നത്


ഭൂട്ടാന്‍ രാജാവ് ജിഗ്മേ കേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എട്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തി. എട്ടുദിവസത്തെ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും രാജാവ് കൂടിക്കാഴ്ച നടത്തും. അദ്ദേഹം ആസാമും മഹാരാഷ്ട്രയും സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രാലയത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഭൂട്ടാനും ചൈനയും ചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് വാങ്ചുക്ക് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്. ഉഭയകക്ഷി സഹകരണം അവലോകനം ചെയ്യാനും പങ്കാളിത്തം കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാനും രാജാവിന്റെ സന്ദര്‍ശനം അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

വാങ്ചുക്കും ഭൂട്ടാന്‍ രാജകീയ ഗവണ്‍മെന്റിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നവംബര്‍ 10വരെ ഇന്ത്യയിലുണ്ടാകും. ധാരണയും പരസ്പര വിശ്വാസവും കൊണ്ട് സവിശേഷമായ സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും അതുല്യമായ ബന്ധമാണ് ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ളതെന്ന് മന്ത്രാലയം പറയുന്നു.

ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. ഭൂട്ടാന്‍ വിദേശകാര്യ മന്ത്രി താണ്ടി ഡോര്‍ജി ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ബെയ്ജിംഗില്‍ ചര്‍ച്ച നടത്തിയത് കഴിഞ്ഞയാഴ്ചയാണ്.

ഭൂട്ടാന്‍ ഏക ചൈന തത്ത്വത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അതിര്‍ത്തി പ്രശ്‌നം നേരത്തെ പരിഹരിക്കുന്നതിനും ചൈനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും തയ്യാറാണെന്നും ചര്‍ച്ചകളെക്കുറിച്ചുള്ള ഒരു ചൈനീസ് പത്രക്കുറിപ്പ് പറഞ്ഞു.

ഡോക്ലാം ട്രൈ ജംഗ്ഷനില്‍, ഭൂട്ടാനും ചൈനയും തമ്മിലുള്ള അതിര്‍ത്തി സംബന്ധിച്ച് നടക്കുന്ന ചര്‍ച്ചകള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഓഗസ്റ്റില്‍, ചൈനയും ഭൂട്ടാനും, 'തങ്ങളുടെ രൂക്ഷമായ അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിന് മൂന്ന്-ഘട്ട റോഡ്മാപ്പ് നടപ്പിലാക്കുന്നതിന് ഒരേസമയം നടപടികള്‍ വേഗത്തിലാക്കാനും സമ്മതിച്ചിരുന്നു.

ഭൂട്ടാന്‍ തങ്ങളുടേതെന്ന് അവകാശപ്പെടുന്ന പ്രദേശത്ത് ചൈന റോഡ് നീട്ടാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ഡോക്ലാം ട്രൈ ജംഗ്ഷനില്‍ ഇന്ത്യ-ചൈന സൈന്യങ്ങള്‍ തമ്മില്‍ 73 ദിവസത്തെ സംഘര്‍ഷം ഉടലെടുത്തിരുന്നു.