image

25 Sept 2023 12:22 PM IST

News

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഒക്റ്റോബറില്‍ എത്തും

MyFin Desk

Yellow line metro to get driverless metro train
X

Summary

  • ആദ്യ രണ്ട് മെട്രോ ട്രെയിന്‍ സെറ്റുകളുടെ ഫാക്ടറി പരിശോധനകള്‍ ചൈനയില്‍ പുരോഗമിക്കുന്നു
  • യെല്ലോ ലൈനിലെ പരീക്ഷണ ഓട്ടങ്ങള്‍ ഉടന്‍ ആരംഭിക്കാനാകുമെന്ന് പ്രതീക്ഷ
  • ബെംഗളൂരുവിലെ ഐടി കേന്ദ്രങ്ങളിലേക്ക് കണക്റ്റിവിറ്റി ഉയര്‍ത്തുന്നതാണ് യെല്ലോ ലൈന്‍


രാജ്യ തലസ്ഥാനമായ ഡെല്‍ഹിക്ക് ശേഷം ഇന്ത്യയില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്ന രണ്ടാമത്തെ നഗരമാകാന്‍ ബെംഗളൂരു തയാറെടുക്കുന്നു. ചൈനയിലെ റോളിംഗ് റെയിൽവേ സ്റ്റോക്ക് കോർപ്പറേഷൻ (സിആര്‍ആര്‍സി) നിര്‍മിച്ച രണ്ട് ഡ്രൈവര്‍ലെസ്സ് മെട്രോ ട്രെയിന്‍ സെറ്റുകള്‍ ഒക്ടോബറില്‍ ബെംഗളൂരുവില്‍ എത്തിക്കും. ഓരോ ട്രെയിന്‍ സെറ്റിനും വേണ്ട ആറു കോച്ചുകളാണ് ചൈനയില്‍ നിര്‍മിച്ചിട്ടുള്ളത്. ഈ ട്രെയിനുകള്‍ക്കായുള്ള ബാക്കി കോച്ചുകള്‍ ബെംഗളൂരു ആസ്ഥാനമായുള്ള ബിഇഎംഎല്‍ ആണ് നിര്‍മിക്കുന്നത്. ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് (ബിഎംആർസിഎല്‍) വേണ്ടി ബാക്കി ട്രെയിനുകളെല്ലാം നിര്‍മിച്ചിട്ടുള്ളത് ബിഇഎംഎല്‍ ആണ്.

പരീക്ഷണ ഓട്ടങ്ങള്‍ പൂര്‍ത്തിയാക്കി 2024 ആദ്യ പാദത്തില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകളുടെ സേവനം ബെംഗളൂരു നിവാസികള്‍ക്ക് ലഭ്യമാക്കാനാകും എന്നാണ് പ്രതീക്ഷ. സാധാരണ മെട്രോ ട്രെയിനുകളെ അപേക്ഷിച്ച് ട്രെയിനുകള്‍ക്കിടയിലെ സമയം കുറച്ചു മതി എന്നതും പുതിയ ട്രെയിന്‍ സംവിധാനത്തിന്‍റെ സവിശേഷതയാണ്.

ചൈനയിലെ പരിശോധനകള്‍ അവസാന ഘട്ടത്തില്‍

ഫാക്ടറി ആക്സപ്റ്റന്‍സ് ടെസ്‍റ്റിനായി (എഫ്എടി) ബിഎംആർസിഎൽ എഞ്ചിനീയർമാരുടെ ഒരു സംഘം അടുത്തിടെ ചൈനയില്‍ എത്തിയിട്ടുണ്ട്. ട്രെയിൻ സിസ്‍റ്റങ്ങളുടെ പ്രവർത്തനം പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സിഗ്നലിംഗ്, റോളിംഗ് സ്റ്റോക്ക് ഇന്റർഫേസ് എന്നിവയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ നിലവിൽ പരിഹരിച്ചുവരികയാണെന്നും ഫാക്ടറി സ്വീകാര്യത പരിശോധന പൂർത്തിയായാൽ, ആദ്യത്തെ രണ്ട് ട്രെയിനുകൾ ചൈനയിൽ നിന്ന് ചെന്നൈയിലേക്ക് എത്തിക്കുമെന്നും ബിഎംആർസിഎല്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചെന്നൈ തുറമുഖത്ത് നിന്ന് റോഡ് മാർഗം ബെംഗളൂരുവിലേക്ക് എത്തിക്കുന്നതിന് പിന്നാലെ ട്രയൽ റണ്ണും പരിശോധനയും ആരംഭിക്കും.

ചൈനയിൽ നിന്നുള്ള സിആർആർസി എഞ്ചിനീയർമാർക്ക് ട്രെയിനുകള്‍ കമ്മീഷൻ ചെയ്യുന്നതിനും ട്രയല്‍ റണ്ണുകള്‍ നിയന്ത്രിക്കുന്നതിനുമായി ബെംഗളൂരുവിലേക്ക് എത്തുന്നതിന് ചില വിസ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ട്രെയിനുകൾക്കുള്ള പ്രൊപ്പൽഷൻ സംവിധാനങ്ങൾ ജപ്പാനിൽ നിന്ന് വാങ്ങുന്നതിലും കാലതാമസം നേരിടുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.

ഐടി കേന്ദ്രങ്ങളിലേക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി

ഇൻഫോസിസ് , ബയോകോൺ എന്നിവ പോലുള്ള വൻകിട കമ്പനികളുടെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ദക്ഷിണ ബെംഗളൂരു മേഖലയിലേക്കുള്ള കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനാണ് പുതിയ ട്രെയിനുകളിലൂടെ ബിഎംആർസിഎല്‍ ശ്രമിക്കുന്നത്. 2021 ഓടെ ഡ്രൈവര്‍ലെസ് ട്രെയിനുകള്‍ ട്രാക്കില്‍ എത്തിച്ച് യെല്ലോ ലൈനിന്‍റെ പൂര്‍ണമായി പ്രവര്‍ത്തന സജ്ജമാക്കാനായിരുന്നു ബിഎംആർസിഎല്‍ ആദ്യം ശ്രമിച്ചിരുന്നത് , എന്നാല്‍ കോവിഡ് 19 വ്യാപനം ഉള്‍പ്പടെയുള്ള പ്രതിസന്ധികളെ തുടര്‍ന്ന് ഇത് പലതവണ മാറ്റിവെക്കേണ്ടി വന്നു. ബൊമ്മമനഹള്ളി, ബിടിഎം ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട്, ജയദേവ ഹോസ്പിറ്റൽ തുടങ്ങിയ 16 സ്‍റ്റേഷനുകള്‍ ഉള്‍പ്പെട്ട യെല്ലോ ലൈനിലേക്കാണ് ഡ്രൈവറില്ലാ മെട്രോ ആദ്യമെത്തുക.

കമ്മ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) സിഗ്നലിംഗ് സിസ്റ്റത്തിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രെയിനുകൾ ബെംഗളൂരുവില്‍ അവതരിപ്പിക്കുന്നത്. ഇതാദ്യമായാണ് 'ഡ്രൈവർലെസ് ടെക്‌നോളജി' എന്ന് വിളിക്കുന്ന സിബിടിസി ബെംഗളൂരു മെട്രോയിൽ ഉപയോഗിക്കുന്നത്. നിലവിൽ ഡിടിജി (ഡിസ്റ്റൻസ് ടു ഗോ) സിഗ്നലിംഗ് സംവിധാനമാണ് ഉപയോഗിക്കുന്നത്, ഇതിൽ രണ്ട് ട്രെയിനുകൾക്കിടയിലുള്ള സമയം രണ്ടര മിനിറ്റാണ്. സിബിടിസി സംവിധാനത്തിലേക്ക് മാറുന്നതോടെ ഈ സമയം 90 സെക്കൻഡിൽ താഴെയായി കുറയ്ക്കാൻ കഴിയും. ഇതിനാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താനാകും.

യെല്ലോ ലൈനിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിത്തുടങ്ങിയാലും യാത്രക്കാരുടെ ഭയം അകറ്റാൻ ഇവയില്‍ തല്‍ക്കാലം ലോക്കോ പൈലറ്റുമാരെ വിന്യസിക്കുന്നത് തുടരാനാണ് ബിഎംആർസിഎല്‍-ന്‍റെ തീരുമാനം.

2020 ഡിസംബറില്‍ ഡെല്‍ഹി മെട്രോയുടെ മജന്താ ലൈനിലാണ് ഇന്ത്യയില്‍ ആദ്യമായി ഡ്രൈവറില്ലാ മെട്രോ യാത്രക്കാരുമായി ഓടിത്തുടങ്ങിയത്. പിന്നീട ് 2021 നവംബറില്‍ ഡിഎംആര്‍സി-യുടെ പിങ്ക് ലൈനിലും ഡ്രൈവറില്ലാ മെട്രോകള്‍ ഓടിത്തുടങ്ങി