12 Nov 2023 5:00 PM IST
Summary
- പോലീസ് വെള്ളി, ശനി ദിവസങ്ങളിൽ ഒന്നിലധികം ട്രാഫിക് നിര്‍ദേശങ്ങള്‍ പുറത്തിറക്കി
- 1,000 ബസുകളും 50,000 സ്വകാര്യ വാഹനങ്ങളും അധികമായി നിരത്തിലിറങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍
- പലരും മണിക്കൂറുകളോളം റോഡില്‍ കുരുങ്ങി
ദീപാവലി ആഘോഷത്തിന് മുന്നോടിയായി വെള്ളി, ശനി ദിവസങ്ങളിൽ ബെംഗളൂരു നഗരത്തിലെ പ്രധാന റോഡുകളില്‍ അനുഭവപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. ദീപാവലി പ്രമാണിച്ച് പലരും നഗരത്തിനു പുറത്തെ തങ്ങളുടെ സ്വദേശങ്ങളിലേക്ക് യാത്ര തിരിച്ചതും പലരും ഷോപ്പിംഗിനും ഉല്ലാസത്തിനുമായി പുറത്തേക്കിറങ്ങിയതും, ടെക് നഗരത്തിന്‍റെ വീഥികളെ കഴിഞ്ഞ രണ്ട് ദിവസത്തെയും രാത്രികളില്‍ മണിക്കൂറുകളോളം വീര്‍പ്പുമുട്ടിച്ചു.
ഹൊസൂർ റോഡ്, മൈസൂർ റോഡ്, കൃഷ്ണരാജപുരം, ബന്നാർഘട്ട തുടങ്ങിയ സ്ഥലങ്ങളിൽ അസാധാരണമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തിരക്ക് സംബന്ധിച്ച് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതിനായി ബെംഗളൂരു പോലീസ് വെള്ളി, ശനി ദിവസങ്ങളിൽ ഒന്നിലധികം ട്രാഫിക് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു.
ദീപാവലി പ്രമാണിച്ച് മൈസൂർ റോഡ്, സാറ്റലൈറ്റ് ബസ് സ്റ്റേഷനിൽ അധിക ബസുകൾ വിന്യസിച്ചിട്ടുണ്ടെന്നും യാത്രക്കാർ സ്വന്തം നാടുകളിലേക്ക് പോകുന്നതിനാൽ മൈസൂർ റോഡിൽ ഗതാഗതക്കുരുക്കുണ്ടാകാൻ സാധ്യതയുണ്ടെന്നും ബദല്‍ റോഡുകള്‍ തെരഞ്ഞെടുക്കാന്‍ യാത്രക്കാര്‍ തയാറാകണമെന്നും പോലീസ് തങ്ങളുടെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി 1,000 ബസുകളും 50,000 സ്വകാര്യ വാഹനങ്ങളും അധികമായി നിരത്തിലിറങ്ങിയതായി ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബസ് സ്റ്റോപ്പുകളിൽ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ പൊലീസുകാരെ വിന്യസിച്ചിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കേരളം, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുമായി കർണാടക അതിർത്തി പങ്കിടുന്നതിനാലും ഇന്ത്യയിലെ ഏറ്റവും പ്രമുഖ ടെക് നഗരം ആയതിനാലും ദീപാവലി പോലുള്ള രാജ്യവ്യാപക ആഘോഷങ്ങളുടെ ഘട്ടത്തില്‍ വലിയ തിരക്ക് ബെംഗളൂരുവില്‍ അനുഭവപ്പെടാറുണ്ട്.
ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ സെപ്റ്റംബർ 27-ന് ഉണ്ടായ ഗതാഗതക്കുരുക്ക് അടുത്തിടെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അഞ്ച് കിലോമീറ്ററിൽ താഴെയുള്ള ദൂരം പിന്നിടാൻ രണ്ടോ മൂന്നോ മണിക്കൂർ എടുത്ത് ഏറെ കഠിനമായ അനുഭവമാണ് ഇത് നല്‍കിയത്. സാധാരണ ദിവസങ്ങളിൽ റോഡിലെ വാഹനങ്ങളുടെ എണ്ണം 150,000 മുതൽ 200,000 വരെയാണ് എങ്കില്‍ സെപ്റ്റംബർ 27 ന്, രാത്രി 7.30 ഓടെ റോഡിലെ വാഹനങ്ങളുടെ എണ്ണം 350,000 ആയി ഉയർന്നു.