6 Nov 2023 2:54 PM IST
Summary
- ഈ പുലിയെ കണ്ടതും ഇലക്ട്രോണിക് സിറ്റിക്ക് സമീപം
- പുലിയെ പിടികൂടാന്‍ ശ്രമം തുടരുകയാണെന്ന് വനം വകുപ്പ്
ബെംഗളൂരു നഗരത്തെ വീണ്ടും ഭീതിയിലാഴ്ത്തി പുള്ളിപ്പുലി. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നഗരത്തിന്‍റെ പ്രധാന മേഖലകളില്‍ പുലി ഭീതി വിതയ്ക്കുന്നത്. ആദ്യത്തെ പുലിയെ കണ്ടെത്തിയ അതേ സ്ഥലത്തു തന്നെയാണ് ഈ പുലിയെയും കണ്ടത്.ഇലക്‌ട്രോണിക്‌സ് സിറ്റിക്ക് സമീപം, ചിക്കതോഗൂരിലെ എഇസിഎസ് ലേഔട്ടിൽ നിന്ന് 3-4 കിലോമീറ്റർ അകലെയാണ് ഈ പുലിയെ കണ്ടത്.ആദ്യത്തേതിനേക്കാള്‍ ചെറുപ്പമാണ് ഈ പുലിക്കെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
വനം വകുപ്പ് ഉദ്യോഗസ്ഥരെയും മൃഗ ഡോക്ടറെയും പരിക്കേൽപ്പിച്ചതിനെ തുടർന്ന് ആദ്യം പിടിയിലായ പുലിയെ വെടിവെച്ച് കൊന്നിരുന്നു.നവംബര്‍ ആദ്യം ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള കുഡ്നു ഗേറ്റിൽ പിടിയിലായ പുലി പിന്നീട് ബന്നാർഗട്ട ബയോളജിക്കല്‍ പാർക്കിലെ മൃഗാശുപത്രിയില്‍ വെച്ചായിരുന്നു ചത്തത്.
പുലിയെ ശാന്തമാക്കാൻ ശ്രമിക്കുന്നതിനിടെ മൃഗഡോക്ടറെയും ജീവനക്കാരനെയും ആക്രമിച്ചതിനെത്തുടർന്നാണ് വെടിയുതിർത്തത്. ഇവർക്ക് ഗുരുതരമായ പരുക്കേറ്റിരുന്നു.മറ്റൊരു ജീവനക്കാരനെ ആക്രമിക്കാൻ ചാടിയതോടെ സ്വയം രക്ഷാർത്ഥം വെടിവെക്കുകയായിരുന്നു.പുലിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും വിഫലമാവുകയായിരുന്നുവെന്ന് ബംഗളുരു അർബൻ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ചീഫ് എസ് എസ് ലിംഗരാജു പറഞ്ഞു.
രണ്ടു ദിവസമായി പരിസര വാസികളെ പരിഭ്രാന്തിലാക്കുന്ന പുതിയ പുലിയെ വനം വകുപ്പ് ഉദ്യഗസ്ഥർ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. പ്രദേശത്ത് കൂടുൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.