18 Jan 2024 12:17 PM
Summary
- എച്ച്ഡിഎഫ്സി ബാങ്ക് അയോധ്യയില്‍ നാലാമത്തെ ശാഖതുറക്കാനൊരുങ്ങുന്നു
- നിലവിലുള്ള പൊതുമേഖലാ ബാങ്കുകളും ശാഖകള്‍ വര്‍ധിപ്പിക്കുന്നു
- ഹോട്ടല്‍ ബുക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ അയോധ്യയിലെ തിരയല്‍ വര്‍ധിച്ചു
അയോധ്യയിലെ രാമജന്മഭൂമിക്ക് സമീപം തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാനും ബിസിനസ് വര്‍ധന ലക്ഷ്യമിട്ടും കൂടുതല്‍ ബാങ്കുകള്‍ അയോധ്യയിലേക്കെത്തുന്നു. ഇവിടെ നിരവധി എടിഎമ്മുകളും ശാഖകളും തുറക്കുന്നതിനും പൊതു-സ്വകാര്യ മേഖലാ ബാങ്കുകള്‍ മത്സരിക്കുന്നു. ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രത്തിലേക്കുള്ള സന്ദര്‍ശകരുടെ ഒഴുക്ക് അവര്‍ക്ക് ബിസിനസ് ഉത്തേജനം നല്‍കുമെന്ന് ബാങ്കുകള്‍ പ്രതീക്ഷിക്കുന്നു.
'അയോധ്യ സിറ്റിയില്‍ വരാനിരിക്കുന്ന ബിസിനസ് അവസരങ്ങള്‍ കണക്കിലെടുത്ത്, ഒരു പുതിയ ശാഖ തുറക്കുന്നതിനുള്ള നിര്‍ദ്ദേശം ബാങ്കിന്റെ സജീവ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ പ്രഖ്യാപിക്കും', ജെ&കെ ബാങ്കിന്റെ വക്താവ് പറഞ്ഞു. എടിഎമ്മുകളോ ശാഖകളോ തുറക്കുന്നതിന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രണ്ട് ബാങ്കുകളെങ്കിലും ഇപ്പോള്‍ ശ്രമിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു.
അയോധ്യയില്‍ മൂന്ന് ശാഖകളുള്ള രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യമേഖലയിലെ വായ്പദാതാവായ എച്ച്ഡിഎഫ്സി ബാങ്ക് ഒരു മാസത്തിനുള്ളില്‍ ഒരെണ്ണം കൂടിയും മാര്‍ച്ചോടെ മറ്റൊന്നും തുറക്കാന്‍ പദ്ധതിയിടുകയാണ്.
ജനുവരി ഒന്നിന് അത് അയോധ്യയില്‍ രണ്ട് അത്യാധുനിക 'ബാങ്ക് ഓണ്‍ വീല്‍സ്' വാനുകള്‍ വിന്യസിച്ചു. ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി നഗരത്തിലെത്തുന്ന ഉപഭോക്താക്കള്‍ക്കും സന്ദര്‍ശകര്‍ക്കും എല്ലാത്തരം ബാങ്കിംഗ് സേവനങ്ങളും അവര്‍ വാഗ്ദാനം ചെയ്യും. കാഷ് ഡെപ്പോസിറ്റ്, പിന്‍വലിക്കല്‍ സൗകര്യങ്ങള്‍, വിദേശ വിനിമയം എന്നിവ ഉള്‍പ്പെടെ നിരവധി വാണിജ്യ, വ്യക്തിഗത ബാങ്കിംഗ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാനുകള്‍ വാഗ്ദാനം ചെയ്യുമെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.
ഒരു പ്രമുഖ സ്വകാര്യമേഖലാ ബാങ്കിന്റെ ഒരു മുതിര്‍ന്ന എക്‌സിക്യൂട്ടീവും ഒരു ശാഖ തുറക്കാന്‍ ശ്രമിക്കുന്നതായി പറഞ്ഞു.''ഞങ്ങള്‍ക്ക് ഇതിനകം അയോധ്യയില്‍ ചില ശാഖകളുണ്ട്; അടുത്ത സാമ്പത്തിക വര്‍ഷത്തോടെ പുതിയ ശാഖകള്‍ വരും'',അദ്ദേഹം പറഞ്ഞു.
ജനുവരി 11-ന് സ്വകാര്യമേഖലയിലെ കര്‍ണാടക ബാങ്ക് അയോധ്യയില്‍ മിനി ഇ-ലോബിയുമായി 915-ാമത് ശാഖ തുറന്നു. പുതിയ ശാഖയുടെ ഉദ്ഘാടനം രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി അനില്‍ മിശ്രയും പുതിയ ശാഖയുടെ മിനി ഇ-ലോബിയുടെ ഉദ്ഘാടനം രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റി ഗോപാല്‍ നാഗരക്കാട്ടെയും നിര്‍വഹിച്ചു.
ആഗോള ഭൂപടത്തില്‍ ഇപ്പോള്‍ സ്ഥാനം പിടിച്ചിരിക്കുന്ന നഗരമായ അയോധ്യയിലേക്ക് കടക്കുന്നതില്‍ ബാങ്കിന് സന്തോഷമുണ്ടെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ശ്രീകൃഷ്ണന്‍ എച്ച് അഭിപ്രായപ്പെട്ടു.
100 വര്‍ഷത്തെ ബാങ്കിംഗ് പാരമ്പര്യം ഉപയോഗിച്ച് കര്‍ണാടക ബാങ്ക് ഈ വിശുദ്ധ നഗരത്തില്‍ നിന്ന് ലോകോത്തര ബാങ്കിംഗ്, ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മറ്റ് പല സ്വകാര്യ, പൊതുമേഖലാ ബാങ്കുകളും അയോധ്യയില്‍ ശാഖ തുറക്കാന്‍ സ്ഥലം തേടാന്‍ തുടങ്ങിയിട്ടുണ്ട്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിലെ യാത്രാ പ്ലാറ്റ്ഫോമായ അഗോഡയില്‍ തിരച്ചില്‍ വര്‍ധിച്ചു. വാരാണസിക്കൊപ്പം, ജനുവരി 20, 21, 22 തീയതികളില്‍ ചെക്ക്-ഇന്‍ ചെയ്യുന്നതിനായി അയോധ്യ അഞ്ചിരട്ടി കൂടുതല്‍ തിരയലുകള്‍ കാണുന്നു.