image

18 May 2023 4:00 PM

News

ഗോ എയറിന്റെ പാപ്പരത്വം; ബസ് ടിക്കറ്റെടുത്താല്‍ കൈപ്പൊള്ളും

MyFin Desk

ഗോ എയറിന്റെ പാപ്പരത്വം; ബസ് ടിക്കറ്റെടുത്താല്‍ കൈപ്പൊള്ളും
X

Summary

  • വിമാന ടിക്കറ്റ് നിരക്ക് 5 മടങ്ങ് കൂടി
  • ലഖ്‌നൗ-ഡല്‍ഹി റൂട്ടുകളില്‍ വലിയ ഡിമാന്റ്
  • പാപ്പരായി യാത്രികര്‍


പ്രമുഖ എയര്‍ലൈന്‍ കമ്പനി ഗോ ഫസ്റ്റ് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ ശേഷം നിരവധി സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിന് പിന്നാലെ പല വ്യോമ കമ്പനികളും ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുകയും ചെയ്തു.എന്നാല്‍ ഈ സാഹചര്യം മുതലെടുക്കുകയാണ് പ്രധാന നഗരങ്ങളിലേക്കുള്ള ബസ് സര്‍വീസ് കമ്പനികള്‍. ഗോ ഫസ്റ്റ് സര്‍വീസ് നടത്തിയ പ്രമുഖ റൂട്ടുകളിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളിലെ ടിക്കറ്റ് ബുക്കിങ് ഏഴ് മടങ്ങ് വര്‍ധിച്ചിട്ടുണ്ടെന്ന് ബസ് ബുക്കിങ് പ്ലാറ്റ്‌ഫോം ആയ അഭിബസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ രോഹിത് ശര്‍മ പറഞ്ഞു.

ലഖ്‌നൗ-ഡല്‍ഹി റൂട്ടുകളില്‍ ഗോഫസ്റ്റിന് ഏഴ് ഡെയ്‌ലി സര്‍വീസുണ്ട്. ഈ റൂട്ടുകളില്‍ 399 രൂപ മുതല്‍ 1500 രൂപാവരെയായിരുന്നു നേരത്തെ ബസ് ചാര്‍ജ് . എന്നാല്‍ ഇപ്പോള്‍ 8000 രൂപാവരെയാണ് എസ് സ്ലീപ്പര്‍ ബസുകള്‍ ചാര്‍ജ് ഈടാക്കുന്നത്. ഏഴ് മടങ്ങ് വര്‍ധനവാണ് ടിക്കറ്റ് നിരക്കിലുണ്ടായിരിക്കുന്നത്.

ബസ് ടിക്കറ്റ് നിരക്ക് വര്‍ധനവിന് കാരണം വിമാനടിക്കറ്റ് നിരക്ക് വര്‍ധനവാണെന്ന് ഇന്റര്‍സിറ്റി സ്മാര്‍ട്ട്ബസിന്റെ സഹസ്ഥാപകന്‍ കപില്‍ റൈസാദ പറഞ്ഞു. സാധാരണ മൂന്ന് മടങ്ങ് ഉയരുന്ന വിമാനടിക്കറ്റ് നിരക്ക് ഇപ്പോള്‍ അഞ്ച് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. ഇത് ഗോഫസ്റ്റ് പ്രതിസന്ധിയിലായ ശേഷമാണ്. അതുകൊണ്ട് തന്നെ ആളുകള്‍ ബസ് സര്‍വീസിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുപ്പത് ഡല്‍ഹി -ശ്രീനഗര്‍ ഫ്‌ളൈറ്റുകളില്‍ ആറെണ്ണവും ഗോഫസ്റ്റിന്റേതായിരുന്നു. അതുകൊണ്ട് തന്നെ ഈ റൂട്ടുകളിലും വലിയ തിരക്കാണ് നേരിടുന്നത്. ഡല്‍ഹി-ജമ്മു സെക്ടറിലെ പ്രതിദിന ബസ് ബുക്കിങ് പ്രതിദിനം മുന്നൂറില്‍ നിന്ന് ആയിരമായി കുതിച്ചുയര്‍ന്നിട്ടുണ്ട്. അതുപോലെ മുംബൈ - ഗോവ റൂട്ടുകളിലും ബസ് ബുക്കിങ് കുതിച്ചുയര്‍ന്നിട്ടുണ്ട്. സാധാരണ വാരാന്ത്യത്തില്‍ രണ്ടായിരത്തോളം ബുക്കിങ്ങും പ്രവൃത്തിദിനങ്ങളില്‍ 1500 ടിക്കറ്റുകളുമായിരുന്നു ഉണ്ടാകുന്നത്. എന്നാല്‍ മെയ് 5,6,7 തീയതികളില്‍ ഒന്‍പതിനായിരത്തില്‍ അധികമാണ് ബുക്കിങ്. ഈ റൂട്ടില്‍ സാധാരണ ആയിരം രൂപയില്‍ താഴെയാണ് ബസ് ടിക്കറ്റ് നിരക്ക്. ഇതും കൂടിയിട്ടുണ്ട്.