Summary
- അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനം ഉയർന്ന് 1,971 കോടി രൂപയായി
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 80.66 ശതമാനം ഇടിഞ്ഞ് 51.52 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 266 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ അറ്റാദായം 153 കോടി രൂപയായിരുന്നു. പാദാടിസ്ഥാനത്തിൽ 66 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്.
എന്നാൽ, അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 11.7 ശതമാനം ഉയർന്ന് 1,971 കോടി രൂപയായി. മുൻവർഷം മൂന്നാം പാദത്തിൽ ഇത് 1,764 കോടി രൂപയായിരുന്നു.
അറ്റ പലിശ മാർജിൻ വാർഷികാടിസ്ഥാനത്തിൽ 10 ബേസിസ് വർധിച്ച് 2.5 ശതമാനമായി. എന്നാൽ പാദാടിസ്ഥാനത്തിൽ 10 ബേസിസ് കുറഞ്ഞു. കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുക പാദാടിസ്ഥാനത്തിൽ 45 ശതമാനം ഉയർന്ന് 845 കോടി രൂപയായി. അറ്റ വായ്പ വാർഷികാടിസ്ഥാനത്തിൽ 10.4 ശതമാനം വർധിച്ച് 1,94,573 കോടി രൂപയായപ്പോൾ മൊത്ത വായ്പ വാർഷികാടിസ്ഥാനത്തിൽ 15.9 ശതമാനം ഉയർന്ന് 2,13,608 കോടി രൂപയായി.
അറ്റ നിഷ്ക്രിയ ആസ്തി 1,991 കോടി രൂപയായി.
പലിശ ഇതര വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 734 കോടി രൂപയിൽ നിന്നും 55.8 ശതമാനം ഉയർന്ന് 1,143 കോടി രൂപയായി. തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 920 കോടി രൂപയിൽ നിന്നും 24.3 ശതമാനം വർധിച്ചു.