3 Jan 2023 4:34 AM GMT
Summary
- പുതുക്കിയ നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് സേവിംഗ്സ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവയുടെ പലിശ നിരക്കുയര്‍ത്തി. ഇതിന് തൊട്ടുമുന്‍പ് 2022 ഡിസംബര്‍ 20 ന് ബാങ്ക് നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു. രണ്ട് കോടി രൂപയില്‍ താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ഉയര്‍ത്തിയിരിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പത്ത് ലക്ഷം രൂപയില്‍ താഴെ ബാലന്‍സുള്ള സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് 2.70 ശതമാനമായി തുടരും.
പത്ത് ലക്ഷം രൂപ മുതല്‍ 100 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 2.75 ശതമാനം നിരക്കിലാണ് പലിശ നല്‍കുന്നത്. എന്നാല്‍, സേവിംഗ്സ് അക്കൗണ്ടിലെ ബാലന്‍സ് 100 കോടി രൂപ മുതല്‍ മുകളിലേക്കുള്ളവയ്ക്ക് പലിശ നിരക്കില്‍ 0.25 ശതമാനത്തിന്റെ (25 ബേസിസ് പോയിന്റ്) വര്‍ധന വരുത്തിയിട്ടുണ്ട്. ഇതോടെ പലിശ നിരക്ക് 2.75 ശതമാനത്തില്‍ നിന്നും മൂന്ന് ശതമാനമായി ഉയര്‍ന്നു.
സ്ഥിര നിക്ഷേപം
സ്ഥിര നിക്ഷേപ കാലാവധി ഒരു വര്‍ഷം മുതല്‍ 665 ദിവസം വരെയാണെങ്കില്‍ നിലവില്‍ ലഭിച്ചിരുന്ന 6.30 ശതമാനത്തില്‍ നിന്നും 0.45 ശതമാനം (45 ബേസിസ് പോയിന്റ്) ഉയര്‍ന്ന 6.75 ശതമാനം നിരക്ക് ലഭിക്കും. നിക്ഷേപം 667 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയാണെങ്കിലും പലിശ നിരക്കില്‍ 0.45 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
ഇതോടെ പലിശ നിരക്ക് 6.30 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി ഉയര്‍ന്നു. രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനയാണ് ബാങ്ക് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 6.25 ശതമാനത്തില്‍ നിന്നും 6.75 ശതമാനമായി. മറ്റ് കാലാവധിയിലുള്ള നിക്ഷേപ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ബാങ്ക് 666 ദിവസത്തെ നിക്ഷേപത്തിന് നല്‍കുന്ന 7.25 ശതമാനമാണ് ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക്.
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപം
മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഒരു വര്‍ഷം മുതല്‍ 665 ദിവസം വരെയുള്ള സ്ഥിര നിക്ഷേപം, 667 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപം എന്നിവയുടെ പലിശ നിരക്ക് 0.45 ശതമാനം (45 ബേസിസ് പോയിന്റ്) ഉയര്‍ത്തിയതോടെ 6.80 ശതമാനത്തില്‍ നിന്നും 7.25 ശതമാനമായി.
രണ്ട് വര്‍ഷം മുതല്‍ മൂന്ന് വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റ്) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 6.75 ശതമാനത്തില്‍ നിന്നും 7.25 ശതമാനമായി. മറ്റ് കാലാവധിയിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. ബാങ്ക് ഏറ്റവും ഉയര്‍ന്ന പലിശയായ 7.75 ശതമാനം നല്‍കുന്നത് 666 ദിവസത്തെ നിക്ഷേപങ്ങള്‍ക്കാണ്.
80 വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍
എണ്‍പത് വയസിനു മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപ പലിശ നിരക്കും ബാങ്ക് ഉയര്‍ത്തിയിട്ടുണ്ട്. നിക്ഷേപ കാലാവധി ഒരു വര്‍ഷം മുതല്‍ 665 ദിവസം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 0.45 ശതമാനമാണ് (45 ബേസിസ് പോയിന്റാണ് ) ഉയര്‍ത്തിയത്. ഇതോടെ പലിശ നിരക്ക് 7.10 ശതമാനത്തില്‍ നിന്നും 7.55 ശതമാനമായി.
നിക്ഷേപം 667 ദിവസം മുതല്‍ രണ്ട് വര്‍ഷം വരെയാണെങ്കിലും പലിശ നിരക്കില്‍ ഇതേ മാറ്റമാണ് വന്നിരിക്കുന്നത്. രണ്ട് വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കില്‍ 0.5 ശതമാനം (50 ബേസിസ് പോയിന്റിന്റെ) വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പലിശ നിരക്ക് 7.05 ശതമാനത്തില്‍ നിന്നും 7.55 ശതമാനമായി ഉയര്‍ന്നു.