14 Dec 2022 7:00 AM
Summary
- ഓഹരി ഒന്നിന് 9,731 രൂപ നിരക്കിലാണ് ബാങ്ക് ഓഹരികൾ സ്വന്തമാക്കുന്നത്.
- കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിൻടോക്കിന്റെ വിറ്റുവരവ് 11.28 കോടി രൂപയായിരുന്നു.
എച്ച്ഡിഎഫ് സി ബാങ്ക്, ഫിൻ ടെക്ക് സ്റ്റാർട്ട് അപ്പ് ആയ മിൻ ടോക് ഇന്നവേഷൻസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 31.1 കോടി രൂപയുടെ ഓഹരികൾ ഏറ്റെടുക്കുന്നതിനുള്ള കരാറിൽ ഒപ്പു വച്ചു. കമ്പനിയുടെ 20 രൂപ മുഖ വിലയുള്ള 21,471 'കമ്പൽസറി കൺവെർട്ടിബിൾ പ്രീഫെറെൻസ് ഷെയറുകളാണ് (സിസിപിഎസ്) ബാങ്ക് ഏറ്റെടുക്കുക. ഒരു നിശ്ചിത സമയത്തിന് ശേഷം നിശ്ചിത എണ്ണമാക്കി പരിവർത്തനം ചെയ്യാൻ കഴിയുന്ന ഓഹരികളാണ് സിസിപിഎസ്.
ഓഹരി ഒന്നിന് 9,731 രൂപ നിരക്കിലാണ് ബാങ്ക് ഓഹരികൾ സ്വന്തമാക്കുന്നത്. ഈ ഇടപാടിലൂടെ കമ്പനിയുടെ 7.75 ഓഹരികളാണ് ബാങ്കിന്റെ കൈവശമുണ്ടാവുക.
ഇത്തരം വളരുന്ന ഫിൻടെക്ക് സ്റ്റാർട്ട് അപ്പുകൾ വ്യാപാരികൾക്ക് മൂല്യ വർധിത സേവനങ്ങൾ നൽകുകയും, വ്യാപാരികളുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ സുഗമമാക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നതിനാലാണ് ഇങ്ങനെയൊരു നിക്ഷേപം നടത്തുന്നതെന്ന് ബാങ്ക് വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മിൻടോക്കിന്റെ വിറ്റുവരവ് 11.28 കോടി രൂപയായിരുന്നു. കൂടാതെ കമ്പനി 1.47 കോടി രൂപയുടെ അറ്റാദായവും റിപ്പോർട്ട് ചെയ്തിരുന്നു. ഏറ്റെടുക്കൽ നടപടികൾ ജനുവരി 31 നു പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.