image

11 May 2023 12:45 PM GMT

Banking

സിഇഒയ്ക്ക് സ്റ്റോക്ക് ഓപ്ഷന്‍സ് അനുവദിച്ച് സിഎസ്ബി ബാങ്ക്

C L Jose

csb bank granted options
X

Summary

  • ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പദവി വഹിച്ച കാലയളവിലെ വേരിയബിള്‍ പേയുടെ ഭാഗമായിട്ടാണ് ഓപ്ഷന്‍സ് അനുവദിക്കുന്നത്.
  • സ്‌കീം പ്രകാരം ഓഹരി കൈവശപ്പെടുത്തുന്നതിനായി ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.
  • 293.80 രൂപയാണ് ഓരോ ഓഹരിയുടെയും എക്‌സര്‍സൈസ് വില.



മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പ്രളയ് മൊണ്‍ഡാലിന് 13,145 സ്റ്റോക്ക് ഓപ്ഷന്‍സ് അനുവദിച്ച് സിഎസ്ബി ബാങ്ക്. ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റേതാണ് തീരുമാനം. ഇതുവഴി 10 രൂപ മുഖവിലയുള്ള 13,145 ഓഹരികള്‍ നാല് വര്‍ഷത്തെ കാലയളവില്‍ നാല് ഗഡുക്കളായി ഒരു ഓഹരിക്ക് 293.80 രൂപ നിരക്കില്‍ മൊണ്‍ഡാലിന് വാങ്ങാന്‍ സാധിക്കും.

ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ പദവി വഹിച്ച കാലയളവിലെ (ഫെബ്രുവരി 17, 2022 മുതല്‍ സെപ്റ്റംബര്‍ 14, 2022 വരെ) വേരിയബിള്‍ പേയുടെ ഭാഗമായിട്ടാണ് മൊണ്‍ഡാലിനുള്ള ഓപ്ഷന്‍ അനുവദിക്കുന്നത്. മെയ് നാലിനാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും സ്റ്റോക്ക് ഓപ്ഷന്‍ അനുവദിച്ചുകൊണ്ടുള്ള അനുമതി സിഎസ്ബി ബാങ്കിന് ലഭിച്ചത്.

ഷെയര്‍ ബേസ്ഡ് എംപ്ലോയീ ബെനഫിറ്റ്സ് (SEBI) റെഗുലേഷന്‍സ്,2014 വ്യവസ്ഥകള്‍ അനുസരിച്ച് ബാങ്കിന്റെ ഓഹരി ഉടമകള്‍ സിഎസ്ബി എംപ്ലോയീസ് സ്റ്റോക്ക് ഓപ്ഷന്‍ സ്‌കീം (ESOS) രൂപപ്പെടുത്തുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഷെയര്‍ ബേസ്ഡ് എംപ്ലോയീ ബെനഫിറ്റ്സ് റെഗുലേഷന്‍സ്, 2014 പിന്നീട് ഷെയര്‍ ബേസ്ഡ് എംപ്ലോയീ ബെനഫിറ്റ്സ് ആന്‍ഡ് സ്വീറ്റ് ഇക്വിറ്റി റെഗുലേഷന്‍സ് 2021 എന്നാക്കി മാറ്റി.

293.80 രൂപയാണ് ഓരോ ഓഹരിയുടെയും എക്സര്‍സൈസ് വില. സ്റ്റോക്ക് ഓപ്ഷന്‍സ് അനുവദിക്കാന്‍ ബാങ്ക് തീരുമാനിച്ചതിനു തൊട്ടു മുന്‍പത്തെ ദിവസമായ മെയ് 9 ലെ സിഎസ്ബി ബാങ്കിന്റെ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ക്ലോസിംഗ് വിലയാണ് 293.80 രൂപ.

സ്‌കീം പ്രകാരം ഓഹരി കൈവശപ്പെടുത്തുന്നതിനായി ഒരു സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. 12 മാസം പൂര്‍ത്തിയാകുമ്പോള്‍ (2024 മെയ് 10) അനുവദിച്ച ഓപ്ഷന്‍സിന്റെ 25 ശതമാനം കൈവശപ്പെടുത്തും. 24 മാസം പൂര്‍ത്തിയാകുമ്പോള്‍ (2025 മെയ് 10) ഓപ്ഷന്‍സിന്റെ 25 ശതമാനം കൂടി കൈവശപ്പെടുത്തും. ബാക്കി വരുന്ന 50 ശതമാനം യഥാക്രമം 36 മാസവും 48 മാസവും പൂര്‍ത്തിയാകുമ്പോള്‍ 25ശതമാനം വീതമുള്ള രണ്ട് ഗഡുക്കളായി കൈവശപ്പെടുത്തും.