2 Feb 2023 2:15 PM GMT
Summary
7000 കോടി വായ്പ കൊടുത്തിട്ടുള്ള ബാങ്ക് ഓഫ് ബറോഡ അവകാശപ്പെടുന്നതും, അവർ നൽകിയ വായ്പകൾ സുരക്ഷിതമാണെന്നാണ്
മുംബൈ: അദാനി ഗ്രൂപ്പിന്റെ ഏറ്റവും വലിയ സംരംഭമായ അദാനി എന്റർപ്രൈസസ് അതിന്റെ 20000 കോടിയുടെ ഫോളോ ഓൺ പബ്ലിക് ഓഫർ പിൻവലിച്ചതിനു പിന്നാലെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഗ്രുപ്പുമായുള്ള എല്ലാ ഇടപാടുകളുടെയും വിവരങ്ങൾ അതിനെ അറിയിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകി.
ഗ്രൂപ്പിന് ബാങ്കുകൾ നൽകിയ വലിയ വായ്‌പകൾ ആർ ബി ഐ ദിവസവും അതി സൂഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നു ബാങ്കിങ് മേഖലയിലെ ഉന്നതർ പറയുന്നു. ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിയുന്നതുകൊണ്ടു, ഈ കമ്പനികൾ അവരുടെ ഓഹരികൾ ഈടുവെച്ചു എടുത്ത വായ്‌പകൾ, അത് കൊടുത്ത ബാങ്കുകളെ സമ്മർദ്ദത്തിലാക്കും.
അതിനിടയിൽ, സ്വിസ് സാമ്പത്തിക സ്ഥാപനമായ ``ക്രെഡിറ്റ് സുയസ്സ് '' വായ്‌പകൾ ലഭിക്കുന്നതിനായി അദാനി ഗ്രൂപ്പ് കമ്പനികൾ ഈടായി നൽകിയ അവരുടെ കടപ്പത്രങ്ങൾ സ്വീകരിക്കാൻ വിസമ്മതിച്ചു.
അമേരിക്കയിലെ പ്രമുഖ ഓഹരി വിപണി ഗവേഷണ സ്ഥാപനമായ ഹിൻഡൻബെർഗ് കഴിഞ്ഞ ആഴ്ച്ച അദാനി ഗ്രൂപ്പിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നതോടെ, ഗ്രൂപ്പ് ഓഹരി വിപണിയിൽ ഉൾപ്പെടെ കടുത്ത പ്രതിസന്ധി നേരിടുകയാണ്. അഹമ്മദാബാദ് ആസ്ഥാനമായുള്ള അദാനി ഗ്രൂപ്പ്, ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ശക്തിയായി വാദിക്കുന്നുണ്ടങ്കിലും, അത് അനലിസ്റ്റുകളോ, നിക്ഷേപകരോ വിശ്വാസത്തിൽ എടുക്കുന്നില്ല.
ആരോപണത്തെ തുടർന്ന് അദാനി ഗ്രൂപ്പുമായി ഇടപാടുകളുള്ള ഇന്ത്യൻ ബാങ്കുകളുടെയും ഓഹരി വില ഇടിഞ്ഞു തുടങ്ങി. അതോടെ , നിക്ഷേപകരെ തണുപ്പിക്കാനായി ബാങ്കുകൾ രംഗത്ത് ഇറങ്ങിയിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നത് അവർ ഗ്രൂപ്പിന് കൊടുത്തിട്ടുള്ള വായ്പ്പകൾക്കെല്ലാം ഏതു നിമിഷവും വിൽക്കാൻ കഴിയുന്ന ആസ്തികളാണ് ഈടായി നൽകിയിരിക്കുന്നത്. അതിനാൽ അവർ നൽകിയിരിക്കുന്ന വായ്പകൾ എല്ലാ൦ സുരക്ഷിതമാണ്.
7000 കോടി വായ്പ കൊടുത്തിട്ടുള്ള ബാങ്ക് ഓഫ് ബറോഡ അവകാശപ്പെടുന്നതും, അവർ നൽകിയ വായ്പകൾ സുരക്ഷിതമാണെന്നാണ്