15 Dec 2022 10:28 AM GMT
രാജ്യത്ത് കഴിഞ്ഞ 19 മാസത്തിനിടെ ബാങ്കുകള്‍, ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, വായ്പാ ആപ്പുകള്‍ എന്നിവക്കെതിരെ 13,000 ത്തോളം പരാതികള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. 2021 ആര്‍ബി ഐയ്ക്ക് കീഴിലെ ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന്‍ ലഭിച്ച പരാതികളാണ് ഇത്രയും. പ്രധാനമായും ഡിജിറ്റല്‍ വായ്പകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് ഇത്. കൂടാതെ റിക്കവറി ഏജന്റുമാര്‍ക്കെതിരെയും പരാതികള്‍ ലഭിച്ചിട്ടുണ്ട്.
2021 ഏപ്രില്‍ 1 മുതല്‍ 2022 നവംബര്‍ 30 വരെയുള്ള കാലയളവില്‍ 12,903 പരാതികളാണ് ലഭിച്ചത്. ഡിജിറ്റല്‍ വായ്പക്ക് ഉപഭോക്താക്കളില്‍ നിന്ന് കൊള്ള പലിശ ഈടാക്കിയും, ഡിജിറ്റല്‍ വായ്പ ഇടപാടുകളില്‍ തട്ടിപ്പ് കാണിച്ചുമെല്ലാം വലിയ തോതില്‍ ഇടപാടുകാര്‍ കബളിപ്പിക്കപ്പെടുന്നുണ്ട്.
വളരെ എളുപ്പത്തിലും അധികം നൂലാമാലകള്‍ ഇല്ലാതെ മൊബൈലില്‍ തന്നെ അപേക്ഷിക്കാവുന്ന ഡിജിറ്റല്‍ വായ്പകള്‍ ഈയടുത്ത് ഏറെ പ്രചാരത്തിലായിട്ടുണ്ട് . വളരെ കുറച്ചു സമയം കൊണ്ട് അധിക നൂലാമാലകള്‍ ഇല്ലാതെ പെട്ടന്നു തന്നെ വായ്പ ലഭിക്കുന്നു എന്നതാണ് വായ്പാ ആപ്പുകളെ ആകര്‍ഷിക്കുന്നത്. വായ്പ എടുക്കുന്ന ആളുടെ സിബില്‍ സ്‌കോറോ, വായ്പ തിരിച്ചടക്കുന്നതിനുള്ള യോഗ്യതയോ നോക്കാതെ ഉടന്‍ തന്നെ പണം ലഭിക്കുന്നു. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, മൂന്ന് മാസത്തെ സാലറി സ്ലിപ് എന്നിവയുണ്ടെങ്കില്‍ ഏതു വ്യക്തിക്കും വായ്പ നല്‍കുന്നതിന് ഇത്തരം കമ്പനികള്‍ തയ്യാറാണ്.
3,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള വായ്പകളാണ് നല്‍കുന്നത്. ഏഴു ദിവസം മുതല്‍ 15 ദിവസം വരെ വളരെ ചുരുങ്ങിയ കാലാവധിയുള്ള ഇത്തരം വായ്പകള്‍ക്ക് വലിയ തോതിലുള്ള പലിശ നിരക്കാണ് ഈടാക്കുന്നത്. ഇത് സാധാരണ ഒരു മൈക്രോ ഫിനാന്‍സില്‍ നിന്നും ഈടാക്കുന്ന പലിശ നിരക്കില്‍ നിന്നും വളരെ കൂടുതലാണ്.
തിരിച്ചടവ് വൈകുമ്പോള്‍ വന്‍ തോതിലുള്ള പെനാല്‍റ്റി തുകയും ഇന്‍സ്റ്റന്റ് വായ്പ നല്‍കുന്ന കമ്പനികള്‍ ഈടാക്കുന്നു. ചില സമയം വായ്പ തുകയുടെ 50 ശതമാനം വരെ ഫൈന്‍ നല്‍കേണ്ടി വരുന്നു. ഇതിനു പുറമെ 20 -25 ശതമാനം വരെ പ്രോസസ്സിംഗ് ഫീസും 18 ശതമാനത്തോളം ജി എസ് ടിയും ഈടാക്കുന്നു. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ദുരുപയോഗിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.