image

14 Nov 2023 5:23 PM IST

News

കിട്ടാക്കടം: 12 ബാങ്കുകളുടെ പ്രൊവിഷനിംഗ് കുറഞ്ഞു

MyFin Desk

banking
X

banking

Summary

2022 ജൂണിനു ശേഷമുള്ള ഓരോ പാദത്തിലും കിട്ടാക്കടങ്ങള്‍ക്കു വേണ്ടി നീക്കിവയ്ക്കുന്നതില്‍ കുറവ് രേഖപ്പെടുത്തി


2023-24 സെപ്റ്റംബര്‍ പാദത്തില്‍ 12 പൊതുമേഖല ബാങ്കുകളുടെ കിട്ടാക്കടത്തിനുള്ള പ്രൊവിഷനിംഗില്‍ (വകയിരുത്തല്‍) കുറവ്. ഇതിനാൽ ഈ ബാങ്കുകളുടെ ലാഭം ഉയരുകയും, അവയുടെ ഓഹരികൾ വിപണിയിൽ നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്യും.

16,552 കോടി രൂപയാണ് സെപ്റ്റംബര്‍ പാദത്തില്‍ 12 പൊതുമേഖലാ ബാങ്കുകള്‍ പ്രൊവിഷനിംഗിനായി നീക്കിവച്ചത്. എന്നാല്‍ 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഇത് 16,875 കോടി രൂപയും, 2022-23 ജുലൈ-സെപ്റ്റംബര്‍ പാദത്തില്‍ 18,138 കോടി രൂപയും നീക്കിവച്ചിരുന്നു.

2022 ജൂണിനു ശേഷമുള്ള ഓരോ പാദത്തിലും പ്രൊവിഷനിംഗിനു വേണ്ടി നീക്കിവയ്ക്കുന്നതില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇത് കാണിക്കുന്നത് ഈ ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കുറയുകയും, ഇപ്പോൾ നിലവിൽ നൽകിയിരിക്കുന്ന വായ്‌പകളുടെ ഗുണനിലവാരം ( തിരിച്ചടവ്) നല്ല നിലയിൽ പോകുന്നു എന്നുമാണ്.

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാര്‍ഷികാടിസ്ഥാനത്തില്‍ 9.7 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ (വകയിരുത്തല്‍) രേഖപ്പെടുത്തിയത്. 1814.9 കോടി രൂപയാണ് എസ്ബിഐ സെപ്റ്റംബര്‍ പാദത്തില്‍ നീക്കിവച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പ്രൊവിഷനിംഗില്‍ 15.1 ശതമാനം കുറവുണ്ടായി. 3,018.6 കോടി രൂപയാണു ബാങ്ക് നീക്കിവച്ചത്.

ഇന്ത്യന്‍ ബാങ്കിന്റെ നീക്കിയിരുപ്പ് 54 ശതമാനത്തിന്റെ ഇടിവോടെ 917 കോടി രൂപയായി.

അതേസമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ പ്രൊവിഷനിംഗിനായി നീക്കിവയ്ക്കുന്ന തുകയില്‍ വര്‍ഷാടിസ്ഥാനത്തില്‍ 80.2 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. 1928.6 കോടി രൂപയാണ് നീക്കിവച്ചത്.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ നീക്കിയിരുപ്പും 78.7 ശതമാനത്തിന്റെ വര്‍ധനയോടെ 1120.5 കോടി രൂപയിലെത്തി.