5 Jun 2023 10:08 AM
Summary
- തോറിയം അധിഷ്ഠിത ആണവോര്‍ജ്ജ പദ്ധതികള്‍ പ്രോല്‍സാഹിപ്പിക്കണം
- ഫോസില്‍ ഇന്ധനങ്ങള്‍ സാമ്പത്തിക വെല്ലുവിളിയും ഉയര്‍ത്തുന്നു
- ഫോസില്‍ ഇന്ധനങ്ങളെ പിന്തുണച്ച് മുഖ്യസാമ്പത്തിക ഉപദേഷ്ടാവ്
പെട്രോൾ, ഡീസൽ തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിക്കാതിരുന്നാല്‍ 40 ശതമാനത്തിലധികം മലിനീകരണം കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‍കരി. ഐഐടി-ഡൽഹി, ഐഐടി-റോപ്പർ, യൂണിവേഴ്സിറ്റി എന്നിവയുടെ സഹകരണത്തോടെ കോൺഫെഡറേഷൻ ഓഫ് റിന്യൂവബിൾ എനർജി സർവീസ് പ്രൊഫഷണല്‍സ് ആൻഡ് ഇൻഡസ്ട്രീസ് (ക്രെസ്‍പായ്) സംഘടിപ്പിച്ച ഹരിതോര്‍ജ്ജ കോൺക്ലേവിനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഗഡ്‍കരി..
"നമ്മള്‍ പ്രതിവർഷം 16 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനങ്ങൾ ഇറക്കുമതി ചെയ്യുന്നു. ഇത് വലിയ സാമ്പത്തിക വെല്ലുവിളി ഉയർത്തുന്നതിനൊപ്പം മലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ, 12 ലക്ഷം കോടി രൂപയുടെ കൽക്കരിയും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകള്‍ മെച്ചപ്പെടുത്തി ഇത് കുറക്കേണ്ടതുണ്ട്."
ശുദ്ധവും ഹരിതവുമായ ഊർജം പ്രോത്സാഹിപ്പിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുന്നതില്‍ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) പോലുള്ള സ്ഥാപനങ്ങളുടെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. 2030-ഓടെ 500 ജിഗാവാട്ടിന്‍റെ പുനരുപയോഗ വൈദ്യുതി ഉൽപാദന ശേഷിയാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം എടുത്തുപറഞ്ഞു. "നമ്മുടെ മൊത്തം വൈദ്യുതോല്‍പ്പാദനത്തില്‍ സൗരോർജ്ജത്തിന് 38 ശതമാനം വിഹിതമുണ്ട്. സൗരോർജ്ജ വൈദ്യുതിയുടെ വില യൂണിറ്റിന് 2.60 രൂപയായി കുറഞ്ഞപ്പോൾ മറ്റ് ഹരിത ഊർജ സ്രോതലുകളില്‍ നിന്നുള്ള വൈദ്യുതി യൂണിറ്റിന് 6.5 രൂപയായി," അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ബയോമാസ് അധിഷ്ഠിത ഊർജം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. രാജ്യത്ത് യുറേനിയം കുറവാണ് എന്നതു കണക്കിലെടുത്ത് തോറിയം അടിസ്ഥാനമാക്കിയുള്ള ആണവോർജ്ജ പദ്ധതികൾ വികസിപ്പിക്കേണ്ടതുണ്ടെന്നും ഗഡ്‍കരി കൂട്ടിച്ചേര്‍ത്തു.
വികസ്വര സമ്പദ് വ്യവസ്ഥകള്‍ക്ക് ഫോസില്‍ ഇന്ധനങ്ങളെ ഒഴിവാക്കി മുന്നോട്ടുപോകാനാവില്ലെന്നും ഇതിന് ശ്രമിക്കുന്നത് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയെ പുറകോട്ട് അടിപ്പിക്കുമെന്നും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര സര്‍ക്കാരിന്‍റെ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഫോസില്‍ ഇന്ധനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ വിമുഖത കാണിക്കുന്നതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. വര്‍ധിച്ചുവരുന്ന ഊര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റാന്‍ ഫോസില്‍ ഇന്ധനങ്ങള്‍ അനിവാര്യമാണെന്ന കാഴ്ചപ്പാടാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്.