image

1 Nov 2023 11:32 AM GMT

News

സ്വകാര്യ ബാങ്കുകളിൽ കൊഴിഞ്ഞുപോക്കു കൂടുതൽ, ആർ ബി ഐ ഗവർണ്ണർ

MyFin Desk

more attrition in private banks, rbi governor
X

Summary

ഇങ്ങനെ സംഭവിക്കുന്നത് പരിശോധിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്


സ്വാകര്യ മേഖല ബാങ്കുകളില്‍ ജോലിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടുതലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇത് ആര്‍ബിഐ ശ്രദ്ധിക്കുന്നുണ്ട്.

ബിസിനസ് സ്റ്റാൻഡേർഡ് സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഓരോ ബാങ്കിനും അതിന്റേതായ ഒരു പ്രധാന ടീം കെട്ടിപ്പടുക്കേണ്ടതുണ്ട്. ഈ ടീം വര്‍ഷങ്ങള്‍ മുന്നോട്ടു പോകുന്നതിനനുസരിച്ച് ബാങ്കിനൊപ്പം വളരണം.

ഇന്നത്തെ തലമുറ വ്യത്യസ്തമായി ചിന്തിക്കുന്നവരാണ്. അവര്‍ക്കു മുന്നില്‍ ഫിന്‍ടെക്, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിങ്ങനെ അവസരങ്ങള്‍ ധാരാളമുണ്ട്. ഒന്നിനു വേണ്ടിയും കാത്തു നില്‍ക്കാന്‍ താല്‍പര്യപ്പെടാത്ത ഇന്നത്തെ തലമുറയെ തെറ്റു പറയാനും പറ്റില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പക്ഷേ, ഇതിനിടയില്‍ ബാങ്കുകളില്‍ ഒരു ശക്തമായ സംഘടന സംവിധാനം ആവശ്യമാണ്. അതിനായി ഒരു കേന്ദ്ര ടീം തന്നെ ആവശ്യവുമാണ്. അതുകൊണ്ട് തന്നെ ആര്‍ബിഐ ഇക്കാര്യങ്ങള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്. ബാങ്കുകളും ഈ കെഴിഞ്ഞു പോക്കിനെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ഈ പ്രശ്‌നം വിശകലനം ചെയ്യുകയും പരിശോധിക്കുകയും ചെയ്യേണ്ടത് ബാങ്കുകളാണ്. ആര്‍ബിഐ ഇത് സംബന്ധിച്ച് എന്തെങ്കിലും മാനദണ്ഡങ്ങളോ നിര്‍ദ്ദേശങ്ങളോ വെച്ചിട്ടില്ല. ബാങ്ക് മാനേജ്‌മെന്റിനാണ് അതിന്റെ ചുമതല. ഓരോ ബാങ്കുകള്‍ക്കും തങ്ങളുടെ സ്ഥാപനത്തിലെ കൊഴിഞ്ഞു പോക്ക് നിരക്ക് കൂടുതലാണെന്ന് തോന്നിയാല്‍ അത് തടയാനായി എന്തെങ്കിലും ചെയ്യേണ്ടത് ആ ബാങ്കുകളാണ്. കാരണം ആത്യന്തികമായി ഒരു ടീമിനെ കെട്ടിപ്പടുക്കേണ്ട ചുമതല അവര്‍ക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി വിപണിയില്‍ പ്രത്യേകിച്ച് സര്‍ക്കാര്‍ സെക്യൂരിറ്റികളുടെ വിപണിയില്‍ നിക്ഷേപ അടിത്തറ വികസിപ്പിക്കുക, പങ്കാളികള്‍ക്ക് കൂടുതല്‍ അവസരം നല്‍കുക എന്നീ ശ്രമങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ് ആര്‍ബിഐ. അതിന്റെ ഭാഗമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുമുണ്ട്. രാജ്യത്തെ ബാങ്കുകള്‍ വിദേശ നിക്ഷേപകര്‍ക്ക് മാര്‍ജിന്‍ സൗകര്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുന്നത് പോലുള്ള കാര്യങ്ങള്‍ ഇതിന്റെ ഭാഗമാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ജെപി മോര്‍ഗന്‍ ഗ്ലോബല്‍ ബോണ്ട് സൂചികയില്‍ സര്‍ക്കാരിന്റെ ബോണ്ടുകള്‍ ഉള്‍പ്പെടുത്തിയത് അവരുടെ തീരുമാനമാണ്. ഇത് ഇന്ത്യയുടെ വിപണി, ധനകാര്യ വിപണി എന്നിവയെക്കുറിച്ചുള്ള ഒരു വിശ്വാസ വോട്ടെടുപ്പാണെന്ന് പറയാം. നിശ്ചിത സമയ പരിധിക്കുള്ളില്‍ 25 ബില്യണ്‍ ഡോളറിന്റെ നിക്ഷേപത്തിന് ഇത് കാരണമാകുമെന്നാണ് വിദഗ്ധരുടെ കണക്കുകൂട്ടല്‍. ഇത് ഇരു തലയുള്ള വാളാണ്. നിരവധി നിഷ്‌ക്രിയ (പാസീവ്) നിക്ഷേപകരെ സൂചികയിലെ വെയിറ്റേജ് സ്വാധീനിക്കും. മറിച്ചും സംഭവിക്കാം.

ഇന്ത്യയുടെ സേവന ശേഷിയില്‍ വിശ്വാസമുള്ളവരാണ് വിദേശ നിക്ഷേപകര്‍. ആര്‍ബിഐ കെട്ടിപ്പടുത്തിട്ടുള്ള കരുതല്‍ ശേഖരം മൂലം കേന്ദ്ര ബാങ്കിന് ഒരിക്കലും ഡോളര്‍ ആവശ്യകത നിറവേറ്റാന്‍ കഴിയില്ലയെന്നത് സംബന്ധിച്ച് ഒരിക്കലും സംശയമുണ്ടാകില്ല. യുക്രെയ്ന്‍ യുദ്ധത്തിനു ശേഷം ഡോളറിന്റെ പുറത്തേക്കുള്ള ഒഴുക്ക് ശക്തമായപ്പോള്‍ അതിനെ തടസരഹിതമായി ആര്‍ബിഐ കൈകാര്യം ചെയ്തു. വലിയ തോതില്‍ നിക്ഷേപം ഉണ്ടായപ്പോഴാകട്ടെ കരുതല്‍ ശേഖരം വര്‍ധിപ്പിക്കാനും ഈ അവസരം വിനിയോഗിച്ചുവെന്നും ആര്‍ബിഐ ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ ബാങ്കുകള്‍, ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്ഥിതി ആരോഗ്യകരമാണ്. അത് വ്യക്തിഗത നിലയ്ക്കും മൊത്തത്തിലും മികച്ചു നില്‍ക്കുകയാണ്. ഈ മികച്ച കണക്കുകള്‍ വരുന്നത് മെച്ചപ്പെട്ട ഭരണത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ആര്‍ബിഐ ബാങ്കിംഗ് മേഖലയിലെ സദ്ഭരണത്തിനാണ് ഊന്നല്‍ നല്‍കുന്നത്.

ശക്തമായ റിസ്‌ക് മാനേജ്‌മെന്റ്, കംപ്ലയന്‍സസ് സംസ്‌കാരം, ഇന്റേണല്‍ ഓഡിറ്റ് എന്നീ മുന്ന് ഘടകങ്ങളാണ് ഒരു ബാങ്കിനെയോ എന്‍ബിഎഫ്‌സിയെയോ മികച്ചതാക്കുന്നത്. എവിടെയങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ ഉടനെ പ്രശ്‌നം കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ഉടനെയുള്ള ജോലി. ആര്‍ബിഐയുടെ സൂപ്പര്‍വൈസറി ടീമുകള്‍ എപ്പോഴും ബാങ്ക് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ബാങ്കുകളിലെ ആർ ടി സംവിധാനം, സൈബര്‍ സുരക്ഷ സൗകര്യങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം സമഗ്രമായ പരിശോധന നടത്താറുണ്ട്. ബാങ്കുകളിലെ പ്രശ്‌നങ്ങളെ ഒരിക്കലും വലിയൊരു വാര്‍ത്തയാക്കാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ബിഎഫ്‌സികളും ബാങ്കുകളും തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളുണ്ട്. പുതിയ ബാങ്കിംഗ് രജിസ്‌ട്രേഷന് അപേക്ഷകന്‍ 1,000 കോടി രൂപ ഓഹരി മൂലധനം നല്‍കേണ്ടതുണ്ട്, അതേസമയം എന്‍ബിഎഫ്‌സിയുടെ രജിസ്‌ട്രേഷന് ഇത് ഇപ്പോഴും 10 കോടി രൂപയാണ്. പിന്നെ കാഷ് റിസേര്‍വ് റേഷ്യോ പോലുള്ള മറ്റ് ആവശ്യകതകളും ഉണ്ട്. മൊത്തത്തില്‍ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട് ചില കീഴ് വഴക്കങ്ങളുണ്ട്.

ഉദാഹരണത്തിന്, ബാങ്കുകളുടെ കാര്യത്തില്‍, മേഖലാ പരിധികള്‍, എക്‌സ്‌പോഷര്‍, ക്രെഡിറ്റ് എക്‌സ്‌പോഷര്‍ എന്നിവയ്ക്കായി ബോര്‍ഡ് അംഗീകൃത നയം ഉണ്ടായിരിക്കും. റിസര്‍വ് ബാങ്ക് നിര്‍ബന്ധമാക്കിയ ചില കാര്യങ്ങളുണ്ട്. ഇത് എന്‍ബിഎഫ്‌സികളുടെ കാര്യത്തില്‍ വ്യത്യസ്തമാണ്. വലിയ എന്‍ബിഎഫ്‌സികള്‍ വിവേകപൂര്‍ണ്ണമായ മാനേജ്‌മെന്റിലൂടെ ഇത് സ്വയം ചെയ്യുന്നു. എന്‍ബിഎഫ്‌സികള്‍ക്ക് ബാങ്കുകള്‍ വായ്പ നല്‍കുന്നത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ആര്‍ബിഐ നിരീക്ഷിക്കുന്നുമുണ്ട്. ഏതെങ്കിലും സ്ഥാപനങ്ങളെ ബാങ്കുകളാകാന്‍ ഞങ്ങള്‍ പ്രേരിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നില്ല. ആര്‍ക്കും ബാങ്കിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്ന വിധം തുറന്ന സംവിധാനമാണുള്ളതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.