19 March 2025 11:58 AM IST
Summary
- ഒന്‍പതുമാസങ്ങള്‍ക്കുശേഷമാണ് സുനിത, വില്‍മോര്‍ എന്നിവരുടെ മടക്കം
- സുരക്ഷിതമായി തിരിച്ചെത്തിയ യാത്രികരെ ഐ എസ് ആര്‍ ഒ സ്വാഗതം ചെയ്തു
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ മടങ്ങിയെത്തി. നിലയത്തില്‍ ഒമ്പത് മാസത്തിലധികം ചെലവഴിച്ചതിനുശേഷമാണ് യാത്രികര്‍ക്ക് മടങ്ങാനായത്. അവരുടെ ബഹിരാകാശ പേടകമായ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം കാപ്‌സ്യൂള്‍ ബുധനാഴ്ച പുലര്‍ച്ചെ 3:27 ഫ്‌ലോറിഡ തീരത്ത് കടലില്‍ സുരക്ഷിതമായി ഇറങ്ങി.
ബുച്ച് വില്‍മോര്‍, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ്, നിക് ഹേഗ് എന്നിവരും സുനിതക്ക് ഒപ്പം മടങ്ങിയെത്തി.
അവരുടെ മടക്കയാത്ര 17 മണിക്കൂര്‍ നീണ്ടുന്നു. ഫ്‌ലോറിഡതീരത്ത് കടലില്‍ ലാന്‍ഡുചെയ്ത പേടകത്തിനുസമീപം നേവി സീലിന്റെ ബോട്ടുകള്‍ എത്തി. പരിശോധനകള്‍ക്കും ശേഷം യാത്രികരെ റിക്കവറിഷിപ്പിലേക്ക് മാറ്റി. വിശദമായ മെഡിക്കല്‍ പരിശോധനകള്‍ക്കായി ഇവരെ കൊണ്ടുപോയി.
സുനിത വില്യംസും ബുച്ച് വില്‍മോറും കഴിഞ്ഞ വര്‍ഷം ജൂണില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചത്. ബോയിംഗ് സ്റ്റാര്‍ലൈനര്‍ കാപ്‌സ്യൂളിന് അതിന്റെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനാല്‍ യാത്രികര്‍ ബഹിരാകാശ കേന്ദ്രത്തില്‍ തന്നെ തുടരാന്‍ നിര്‍ബന്ധിതരായി. പരീക്ഷണ പറക്കലില്‍ ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പറത്തിയ ആദ്യത്തെ ക്രൂ ആയിരുന്നു ഇരുവരും. തകരാറുള്ള കാപ്‌സ്യൂള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഭൂമിയിലേക്ക് മടങ്ങിയിരുന്നു.
സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ 286 ദിവസമാണ് ചെലവഴിച്ചത്. അവര്‍ ഭൂമിയെ 4,576 തവണ വലംവെക്കുകയും 121 ദശലക്ഷം മൈല്‍ (195 ദശലക്ഷം കിലോമീറ്റര്‍) സഞ്ചരിക്കുകയും ചെയ്തു. തന്റെ മൂന്നാമത്തെ ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കിയ സുനിത വില്യംസ് എല്ലായാത്രയിലും കൂടി 608 ദിവസങ്ങളാണ് ബഹിരാകാശത്ത് ചെലവഴിച്ചത്.
സുരക്ഷിതമായി ഭൂമിയിലേക്ക് തിരിച്ചെത്തിയ ബഹിരാകാശ യാത്രികരായ സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആര്‍ഒ) സ്വാഗതം ചെയ്തു. എക്സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍, ഇന്ത്യന്‍ വംശജയായ സുനിത വില്യംസിനെ ഇസ്രോ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ പ്രശംസിക്കുകയും അവരുടെ തിരിച്ചുവരവിനെ 'അത്ഭുതകരമായ യാത്ര' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.