25 Jun 2024 2:46 PM GMT
കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ ആസ്‌ട്രെക്ക് ഇന്നോവേഷന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം
MyFin Desk
Summary
- ആസ്‌ട്രെക്ക് ഇന്നോവേഷന് 58 ലക്ഷം രൂപയുടെ ജപ്പാന്‍ ധനസഹായം
- കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പാണ് ആസ്‌ട്രെക്ക്
- അടുത്ത പത്ത് മാസം ജപ്പാനിലെ ഒക്കിനാവയില്‍ ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്താന്‍ ആസ്‌ട്രെക്കിനാകും
കേരള സ്റ്റാര്‍ട്ടപ്പ് മിഷനില്‍ ഇന്‍കുബേറ്റ് ചെയ്ത ഹെല്‍ത്ത് ടെക് സ്റ്റാര്‍ട്ടപ്പായ ആസ്‌ട്രെക്ക് ഇനോവേഷന് ജപ്പാനിലെ ഒക്കിനാവ സര്‍ക്കാരിന്റെ 58 ലക്ഷം രൂപയുടെ ധനസഹായവും അവിടെ ഗവേഷണം നടത്താനുള്ള അവസരവും ലഭിച്ചു. ശരീരം തളര്‍ന്ന് കിടക്കുന്നവര്‍ക്ക് പരസഹായം കൂടാതെ എഴുന്നേല്‍ക്കാനും നടക്കാനും സഹായിക്കുന്ന റോബോട്ടിക് സ്യൂട്ടായ യുണീക് എക്‌സോ ഉത്പന്നത്തിലൂടെയാണ് ആസ്‌ട്രെക്കിന് ഗ്രാന്റ് ലഭ്യമായത്. അടുത്ത പത്ത് മാസം ജപ്പാനിലെ ഒക്കിനാവയില്‍ ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ നടത്താന്‍ ആസ്‌ട്രെക്കിനാകും.
ജപ്പാനിലെ ലോകപ്രശസ്തമായ ഒക്കിനാവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി(ഒഐഎസ്ടി)യിലെ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്റര്‍ പരിപാടിയിലേക്കാണ് ആസ്‌ട്രെക്കിനെ തെരഞ്ഞെടുത്തിരിക്കുന്നത്. വൃദ്ധസദനങ്ങളില്‍ ഉപയോഗിക്കാന്‍ തക്കവണ്ണം യുണീക് എക്‌സോയെ പ്രാപ്തമാക്കുകയാണ് ആസ്‌ട്രെക് ചെയ്യേണ്ടത്. 70,000 അമേരിക്കന്‍ ഡോളറാണ് ഇതിന് ഗ്രാന്റായി ലഭിക്കുക.
ജപ്പാനിലെ റോബോട്ടിക് മാനദണ്ഡത്തിനനുസരിച്ച് അവര്‍ ആവശ്യപ്പെടുന്ന സൗകര്യങ്ങള്‍ റോബോട്ടിക്‌സ സ്യൂട്ടിലേക്ക് സമന്വയിപ്പിക്കുകയുമാണ് ചെയ്യേണ്ടതെന്ന് ആസ്‌ട്രെക് സഹസ്ഥാപകന്‍ റോബിന്‍ കാനാട്ട് തോമസ് പറഞ്ഞു. ലോകത്ത് റോബോട്ടിക് രംഗത്ത് ഏറ്റവുമധികം ഗവേഷണങ്ങളും കണ്ടുപിടുത്തങ്ങളും നടക്കുന്ന സ്ഥാപനമാണ് ഒഎസ്‌ഐടി. ഇവരുടെ അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിക്കാനും നൂതനസാങ്കേതികവിദ്യാ രംഗത്തെ ലോകത്തെ ഏറ്റവും പ്രമുഖരില്‍ നിന്നുതന്നെ വിദഗ്‌ധോപദേശം, ആശയവിനിമയം, സഹകരണം എന്നിവ ലഭിക്കാന്‍ ഇത് സഹായിക്കുമെന്നും റോബിന്‍ പറഞ്ഞു. 23 രാജ്യങ്ങളില്‍ നിന്നായി അപേക്ഷ ക്ഷണിച്ചതിനു ശേഷമാണ് 30 ടീമുകളെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുത്തത്. 12 ടീമുകള്‍ മൂന്നാം ഘട്ടത്തിലെത്തി. ഇതില്‍ നാല് ടീമുകളെയാണ് പത്ത് മാസത്തെ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്.