22 March 2024 3:07 PM IST
Summary
വര്‍ഷങ്ങളായി മത്സ്യബന്ധനമാണ് ഇരുവരുടെയും ഉപജീവനമാര്‍ഗം
ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്റെ കരുതല്‍ ലഭിച്ച സന്തോഷത്തിലാണ് പിഴല സ്വദേശികളായ 81-കാരന്‍ വാസുവും 75-കാരി സരസ്വതി.
വര്‍ഷങ്ങളായി മത്സ്യബന്ധനമാണ് ഇരുവരുടെയും ഉപജീവനമാര്‍ഗം. പെരിയാറിലും അതിന്റെ കൈവഴികളില്‍ നിന്നുമാണ് ഇരുവരും മീന്‍ പിടിച്ചിരുന്നത്.
മീന്‍ വിറ്റ് ലഭിക്കുന്ന പണം കൊണ്ടാണ് ഇരുവരും മകന്റെ ചികിത്സയ്ക്കുള്ള മരുന്ന് വാങ്ങുന്നതും ഓരോ ദിവസത്തെയും ഭക്ഷണത്തിനുള്ള വക കണ്ടെത്തുന്നതും.
ചില ദിവസങ്ങളില്‍ 300 രൂപയുടെ മീന്‍ വരെ ഇരുവരും ചേര്‍ന്ന് പിടിക്കും. എന്നാല്‍ ചില ദിവസങ്ങളില്‍ വെറും കൈയ്യോടെ മടങ്ങേണ്ടിയും വരാറുണ്ട്.
പഴകിയ ഒരു പൊട്ടിപ്പൊളിഞ്ഞ വഞ്ചിയിലാണ് മീന്‍ പിടിക്കാനായി ഉപയോഗിച്ചിരുന്നത്. ഇത് വലിയ അപകട സാധ്യതയുള്ളതാണെന്ന് ഇരുവര്‍ക്കും അറിയാം. പക്ഷേ, പുതിയ വഞ്ചി സ്വന്തമാക്കാന്‍ മോശം സാമ്പത്തികനില ഇവരെ അനുവദിച്ചില്ല. ഇതറിഞ്ഞ കടമക്കുടി ഗ്രാമപഞ്ചായത്തും ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷനുമാണ് വാസുവിനെയും സരസ്വതിയെയും സഹായിക്കാനായി മുന്നോട്ടുവന്നത്.
മാര്‍ച്ച് 20 ന് വാസുവിനും സരസ്വതിക്കും പുതിയ വഞ്ചി സമ്മാനിക്കുകയായിരുന്നു.
കടമക്കുടിയില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് മേരി വിന്‍സന്റ്, വൈസ് പ്രസിഡന്റ് വിപിന്‍ രാജ്, പഞ്ചായത്തംഗങ്ങളായ ജെയ്‌നി സെബാസ്റ്റ്യന്‍, ലിസമ്മ ജേക്കബ്, വി.എ. ബെഞ്ചമിന്‍, ജിയ സന്തോഷ്, ദിലീപ് കോമളന്‍, ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ എ.ജി.എം. ലത്തീഫ് കാസിം എന്നിവര്‍ പങ്കെടുത്തു.