image

2 April 2024 8:49 AM

News

കെജ്‌രിവാളിന്റെ ഐഫോണിലേക്ക് ആക്‌സസ് ലഭിക്കില്ലെന്നറിയിച്ച് ആപ്പിള്‍

MyFin Desk

ed, apple helpless to get access to kejriwals iphone
X

Summary

  • പുതിയ മദ്യനയം വഴി കെജ്‌രിവാള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്
  • പാസ്‌വേഡ് അറിയുന്നത് ആര്‍ക്കാണോ അവര്‍ക്ക് മാത്രമേ ആക്‌സസ് ലഭിക്കൂ
  • ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ തന്റെ ഐഫോണില്‍ നിന്ന് കണ്ടെത്താനാണ് ഇഡി ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്


മദ്യനയക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഐഫോണിലേക്ക് ആക്‌സസ് നേടുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ശ്രമം വിജയിച്ചില്ലെന്ന് റിപ്പോര്‍ട്ട്.

ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിനോട് ഇക്കാര്യത്തില്‍ ഇഡി സഹായം അഭ്യര്‍ഥിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐഫോണിന്റെ ഉടമ ഫോണില്‍ സെറ്റ് ചെയ്തിരിക്കുന്ന പാസ്‌വേഡ് ഉപയോഗിച്ച് മാത്രമേ ആക്‌സസ് ചെയ്യാന്‍ സാധിക്കൂ എന്നാണ് ആപ്പിള്‍ ഇഡിയെ അറിയിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ പാസ്‌വേഡ് അറിയുന്നത് ആര്‍ക്കാണോ അവര്‍ക്ക് മാത്രമേ ആക്‌സസ് ലഭിക്കൂ എന്നാണ്. കമ്പനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അറിയിച്ചു.

കെജ്‌രിവാളിനെതിരേ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളോ ഡെസ്‌ക്‌ടോപ്പുകളോ പോലുള്ള ഇലക്ട്രോണിക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ആകെ കണ്ടുകെട്ടിയത് നാല് മൊബൈല്‍ ഫോണുകളാണ്. ഇതില്‍ നിന്നും തെളിവ് കണ്ടെത്താനാണ് ഇഡി ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ആം ആദ്മിയുടെ തിരഞ്ഞെടുപ്പ് തന്ത്രത്തിന്റെ വിശദാംശങ്ങള്‍ തന്റെ ഐഫോണില്‍ നിന്ന് കണ്ടെത്താനാണ് ഇഡി ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.

ഇഡി ഇപ്പോള്‍ കണ്ടുകെട്ടിയിരിക്കുന്ന ഐഫോണ്‍ ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷം മാത്രമേ ആയിട്ടുള്ളൂ എന്നും 2020-21-ലെ മദ്യനയത്തിന്റെ കരട് തയാറാക്കുമ്പോള്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണം തന്റെ കൈവശമില്ലെന്നും കെജ്‌രിവാള്‍ ഇഡിയെ അറിയിച്ചു.

2024 മാര്‍ച്ച് 21 നാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ആ സമയത്ത് നാല് മൊബൈല്‍ ഫോണും കണ്ടെടുത്തു. എന്നാല്‍ കമ്പ്യൂട്ടറുകളോ മറ്റ് ഇലക്ട്രോണിക് തെളിവുകളോ ഒന്നും കണ്ടെത്താനായില്ല. ഐഫോണ്‍ അടക്കമുള്ള നാല് മൊബൈല്‍ ഫോണ്‍ കെജ്‌രിവാള്‍ സ്വിച്ച് ഓഫ് ചെയ്തു. സ്വിച്ച് ഓണ്‍ ചെയ്യണമെങ്കില്‍ പാസ്‌വേഡ് വേണം. കെജ്‌രിവാള്‍ പാസ്‌വേഡ് വെളിപ്പെടുത്താന്‍ തയാറാകുന്നുമില്ല.അറസ്റ്റ് ചെയ്യപ്പെട്ട രാത്രിയില്‍ 70,000 രൂപ കെജ്‌രിവാളിന്റെ കൈവശമുണ്ടായിരുന്നു.

പുതിയ മദ്യനയം വഴി കെജ്‌രിവാള്‍ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡി ആരോപിക്കുന്നത്. മാത്രമല്ല, അനധികൃതമായി നേടിയ പണത്തില്‍ നിന്ന് 45 കോടി രൂപ ഗോവയില്‍ ആം ആദ്മി പാര്‍ട്ടിയുടെ 2021-22 തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചുവെന്നും ഇഡി ആരോപിക്കുന്നു.