9 May 2023 4:02 PM
Summary
- ഇനി വേണ്ടത് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ അനുമതി
- മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ് ഉപയോഗിക്കില്ല
- ഏസി സംവിധാനത്തോടൊപ്പം പാനിക് ബട്ടണും
പൊതുഗതാഗത സംവിധാനങ്ങളെ ഏറെ പ്രയോജനപ്പെടുത്തുന്ന നഗരങ്ങളിലൊന്നാണ് ഡല്‍ഹി. ഇന്ത്യയിലെ മറ്റ് നഗരങ്ങളിലൊന്നും കാണാത്ത അത്രയും കാറുകളും ടുവീലറുകളും ഡല്‍ഹിയിലെ നിരത്തുകളില്‍ നമ്മള്‍ക്ക് കാണുവാന്‍ സാധിക്കും.
ഗതാഗത രംഗത്ത് എന്നും വിപ്ലവകരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തിലും ഡല്‍ഹി ഒന്നാമതാണ്.ഇപ്പോള്‍ ഇതാ ആപ്പ് അധിഷ്ഠിതമായ ബസ് സര്‍വീസ് നടപ്പിലാക്കാന്‍ പോവുകയാണ് ഡല്‍ഹി. ഇക്കാര്യം ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ തന്നെയാണ് അറിയിച്ചിരിക്കുന്നത്.
ഡല്‍ഹിയുടെ നിരത്തുകളില്‍ പ്രീമിയം ബസ് സര്‍വീസ് ആരംഭിക്കാന്‍ പോവുകയാണ്. ഇതുസംബന്ധിച്ച ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേനയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു.ഗവര്‍ണറുടെ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ പൊതുജനത്തിന്റെ അഭിപ്രായം കൂടി ആരായുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രകാരം മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ബസ് സര്‍വീസിനായി ഉപയോഗിക്കില്ല. 2024 ജനുവരി ഒന്നിനു ശേഷം വാങ്ങുന്ന ബസുകള്‍ എല്ലാം ഇലക്ട്രിക് ആയിരിക്കും. സര്‍വീസ് ബസുകളില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ ആപ്പിലൂടെ സൗകര്യമൊരുക്കും. സിസിടിവി ക്യാമറ ഘടിപ്പിച്ചതായിരിക്കും ബസുകള്‍. ഏസി സംവിധാനത്തോടൊപ്പം അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാനുള്ള പാനിക് ബട്ടണും ഉണ്ടാവും.
രാജ്യത്തിന്റെ തലസ്ഥാനമാണ് ഡല്‍ഹി. തലസ്ഥാന നഗരിയിലെ പൊതുഗതാഗത സംവിധാനം ലോക നിലവാരമുള്ളതായിരിക്കണം. വിദേശരാജ്യങ്ങളിലെ സര്‍വീസുകളോട് കിടപിടിക്കുന്നതായിരിക്കണം. ജനങ്ങള്‍ പൊതുഗതാഗത സംവിധാനം ഉപയോഗിക്കണമെന്ന് ആഗ്രഹിക്കുന്നണ്ടെങ്കില്‍ അവ സുരക്ഷിതവും, സൗകര്യപ്രദവും കൃത്യനിഷ്ഠയുള്ളതുമായിരിക്കണമെന്നു ' കെജ്‌രിവാള്‍ പറഞ്ഞു.