7 Jan 2025 10:36 AM GMT
ഇഎന്‍ടി ശസ്ത്രക്രിയ വിദഗ്ദരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലാരിംഗോളജിസ്റ്റ് ഓഫ് ഇന്ത്യ (എഒഐ)യുടെ 76-ാമത് ദേശീയ സമ്മേളനം ' എഒഐകോണ്‍ 2025 ' ജനുവരി ഒമ്പത് മുതല്‍ 12 വരെ കൊച്ചി ലെ-മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. 10-ന് വൈകിട്ട് 5.30-ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ ജയശങ്കരന്‍ നമ്പ്യാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി നാലായിരത്തോളം ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മാത്യു ഡൊമിനിക്, വൈസ് ചെയര്‍മാന്‍ ഡോ. വി.മുഹമ്മദ് നൗഷാദ്, സെക്രട്ടറി ഡോ. പ്രവീണ്‍ ഗോപിനാഥ്, ട്രഷറര്‍ ഡോ. കെ.ജി സജു, കണ്‍വീനര്‍ ഡോ. എം. എം ഹനീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളനത്തില്‍ ഇഎന്‍ടി ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള ശില്‍പ്പശാലകള്‍, പരിശീലനം, പ്രഭാഷണങ്ങള്‍, ഇ.എന്‍.ടി ചികില്‍സാ മേഖലയില്‍ രാജ്യത്തും അന്താരാഷ്ട്രതലത്തിലും കൈവരിച്ചിട്ടുള്ള പുരോഗതികള്‍, ആധുനിക സാങ്കേതിക വിദ്യകള്‍, വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍, പാനല്‍ ചര്‍ച്ചകള്‍, പിജി സ്റ്റുന്‍ഡന്‍സ് പേപ്പര്‍ പ്രസന്റേഷന്‍, ഇ.എന്‍.ടി ,റൈനോളജി ക്വിസ് ഫൈനല്‍ മല്‍സരങ്ങള്‍, വീഡിയോ അവാര്‍ഡ് സെക്ഷനുകള്‍ എന്നിവ നടക്കും.
പരിസ്ഥിതി സൗഹാര്‍ദ്ദപരമാക്കുന്നതിന്റെ ഭാഗമായി സമ്മേളനം പൂര്‍ണ്ണമായും പേപ്പര്‍ രഹിതമാണ്. ഗതാഗതമുള്‍പ്പെടെയുള്ള മുഴുവന്‍ വിവരങ്ങളും പ്രതിനിധികള്‍ക്ക് ലഭ്യമാക്കാന്‍ കാര്‍ ഓണര്‍ ആന്റ് കാര്‍ട്ട് ഓണര്‍ (കൊകൊ) ആപ്പ് സജ്ജമാക്കിയിട്ടുണ്ട്. നാലായിരത്തിലധികം ഡോക്ടര്‍മാരും അവരുടെ കുടുംബാംഗങ്ങളും കൊച്ചിയില്‍ എത്തുന്നതിലൂടെ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്കും ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജനം ലഭിക്കുമെന്നും രണ്ട് വര്‍ഷത്തെ മുന്നൊരുക്കമാണ് സമ്മേളനത്തിനായി നടത്തിയതെന്നും സംഘാടക സമിതി ഭാരവാഹികള്‍ വ്യക്തമാക്കി. ഓര്‍ഗനൈസിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ ഡോ. പ്രീതി മേരി, ഡോ. സച്ചിന്‍ സുരേഷ്, ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.