22 July 2023 7:20 AM GMT
Summary
- ആണവ ശേഷിയുള്ള അന്തര്‍വാഹിനി ദക്ഷിണകൊറിയയില്‍
- പിന്നാലെ ഉത്തരകൊറിയയുടെ മിസൈല്‍ പരീക്ഷണ പരമ്പര
- സമാധാനത്തിന്റെ പാതയിലേക്കെത്താന്‍ പ്യോങ്യാങിന് ഉപദേശം
ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നുള്ള ഏതെങ്കിലും ആണവ ആക്രമണം കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന്റെ 'അവസാനം' കുറിക്കുമെന്ന് ദക്ഷിണകൊറിയ മുന്നറിയിപ്പ് നല്‍കി. യുഎസ് ആണവ ശേഷിയുള്ള അന്തര്‍വാഹിനിയും മറ്റും വിന്യസിച്ചിതിനുപിന്നാലെയാണ് സിയോളിന്റെ മുന്നറിയിപ്പ് വന്നത്.
ഒഹായോ ക്ലാസ് ആണവ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി (എസ്എസ്ബിഎന്‍) ദക്ഷിണ കൊറിയയില്‍ എത്തിയതിനെതിരെ പ്യോങ്യാങ്ങിന്റെ പ്രതിരോധ മന്ത്രി കാങ് സണ്‍-നാം കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു. രൂക്ഷമായ ഭാഷയില്‍ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാല്‍ ദക്ഷിണ കൊറിയ ഇത്രയുംരൂക്ഷമായി തിരിച്ചടിക്കുന്നത് അപൂര്‍വമായാണ്.
'ദക്ഷിണ കൊറിയ-യുഎസ് സഖ്യത്തിനെതിരെ ഉത്തരകൊറിയന്‍ ആണവ ആക്രമണം ഉണ്ടായാല്‍, സഖ്യത്തില്‍ നിന്ന് ഉടനടി, അതിശക്തവും നിര്‍ണായകവുമായ പ്രതികരണം ഉണ്ടാകും. അത്
ഉത്തരകൊറിയന്‍ ഭരണത്തിന്റെ അന്ത്യത്തില്‍ കലാശിക്കുമെന്ന് ഞങ്ങള്‍ വീണ്ടും ശക്തമായി മുന്നറിയിപ്പ് നല്‍കുന്നു,' യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി മന്ത്രാലയത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുചെയ്തു.
ചൊവ്വാഴ്ചയാണ് യുഎസ്എസ് കെന്റുക്കി തെക്കുകിഴക്കന്‍ തുറമുഖ നഗരമായ ബുസാനില്‍ എത്തിയത്. സഖ്യകക്ഷിയെ പ്രതിരോധിക്കാന്‍ ആണവായുധം ഉള്‍പ്പെടെയുള്ള സൈനിക ശേഷിയുടെ മുഴുവന്‍ കരുത്തും ഉപയോഗിക്കുന്നതിന് യുഎസിന് മടിയില്ല എന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ഈ നീക്കം.
ദക്ഷിണ കൊറിയ-യുഎസ് ന്യൂക്ലിയര്‍ കണ്‍സള്‍ട്ടേറ്റീവ് ഗ്രൂപ്പിന്റെ യോഗത്തയും എസ്എസ്ബിഎന്‍-ന്റെ വരവിനെയും ദക്ഷിണകൊറിയ ന്യായീകരിച്ചു. ഉത്തരകൊറിയയുടെ തുടര്‍ച്ചയായ ആണവ, മിസൈല്‍ ഭീഷണികള്‍ക്കെതിരായ ശരിയായ പ്രതിരോധ നടപടിയായി അവര്‍ ഇതിനെ വിലയിരുത്തി. ഈ നടപടികള്‍ എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്നവാദത്തെ അവര്‍ തള്ളി.
പ്യോങ്യാങ്ങിന്റെ ആണവ പരിപാടികളും മിസൈല്‍ പ്രകോപനങ്ങളും യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെ വ്യക്തമായ ലംഘനങ്ങളാണെന്നും ദക്ഷിണ കൊറിയ-യുഎസ് സഖ്യത്തിനെതിരെ ആണവ ആക്രമണ ഭീഷണി ആവര്‍ത്തിക്കുന്ന ഒരേയൊരു രാജ്യം അവര്‍ മാത്രമാണെന്നും സിയോള്‍ പറഞ്ഞു.
ആണവായുദ്ധ വികസനത്തിലൂടെയും ഭീഷണികളിലൂടെയും ഉത്തരകൊറിയ ഒരിക്കലും ഇളവുകള്‍ നേടുകയില്ലെന്ന് ദക്ഷിണകൊറിയ താക്കീത് നല്‍കി. അവര്‍ കൂടുതല്‍ ഒറ്റപ്പെടുകയും ദാരിദ്ര്യം കൂടുതല്‍ ഗുരുതരമകുകയും മാത്രമാകും അതുകൊണ്ട് സംഭവിക്കുക. അതിനാല്‍ പ്യോങ്യാങ് അവ ഉപേക്ഷിച്ച് സമാധാനത്തിന്റെ പാതയിലേക്ക് വരേണ്ടതുണ്ട്.
പ്രസിഡന്റുമാരായ യൂന്‍ സുക് യോളും ജോ ബൈഡനും ഏപ്രിലില്‍ നടന്ന ഉച്ചകോടിയില്‍ പുറത്തിറക്കിയ വാഷിംഗ്ടണ്‍ പ്രഖ്യാപനത്തില്‍, തന്ത്രപ്രധാനമായ അന്തര്‍വാഹിനി ഉള്‍പ്പെടെയുള്ളവ മേഖലയില്‍ വിന്യസിക്കുമെന്ന് പ്രതിജ്ഞ ചെയ്തതിരുന്നു. 1981 ന് ശേഷം ആദ്യമായാണ് അമേരിക്കയുടെ എസ്എസ്ബിഎന്‍ മേഖലയില്‍ എത്തുന്നത്.
ജൂലൈ 12-ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതും ബുധനാഴ്ച രണ്ട് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിച്ചതും മേഖലയില്‍ പിരിമുറുക്കം വര്‍ധിപ്പിച്ചിട്ടുണ്ട്.