image

23 March 2023 10:50 AM

News

ബാധ്യത, വേദാന്തയുടെ ഓഹരികൾ വിൽക്കുമെന്ന് റിപ്പോർട്ട് ?

MyFin Desk

vedanta share price
X

Summary

ധന സമാഹരണത്തിനു മറ്റു മാർഗങ്ങളൊന്നും ഫലിക്കുന്നില്ലെങ്കിൽ മാത്രമാണ് കൈവശമുള്ള ഓഹരികളിൽ 5 ശതമാനത്തിൽ കൂടാത്ത ഓഹരികൾ വിൽക്കുക എന്നാണ് ലഭിക്കുന്ന വിവരം.


ഇന്ത്യയിലെ പ്രമുഖ വ്യവസായി അനിൽ അഗർവാൾ കടക്കെണിയിലായ അദ്ദേഹത്തിന്റെ വേദാന്ത ലിമിറ്ററിന്റെ ഓഹരികൾ വിൽക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. കാലാവധി പൂർത്തിയാകാറായ ബാധ്യതകൾ തിരിച്ചടക്കുന്നതിനായി വായ്പകൾ എടുക്കുന്നതിന് പല ബാങ്കുകളുമായും ചർച്ച നടത്തിയിരുന്നു. എന്നാൽ ധന സമാഹരണത്തിനു മറ്റു മാർഗങ്ങളൊന്നും ഫലിക്കുന്നില്ലെങ്കിൽ മാത്രമാണ് കൈവശമുള്ള ഓഹരികളിൽ 5 ശതമാനത്തിൽ കൂടാത്ത ഓഹരികൾ വിൽക്കുക എന്നാണ് റിപ്പോർട്ട്.

ബ്ലൂംബെർഗിന്റെ റിപ്പോർട്ടിനെ തുടർന്ന് കഴിഞ്ഞ ആഴ്ചയിൽ കമ്പനിയുടെ ഓഹരികൾ 5.6 ശതമാനത്തോളമാണ് ഇടിഞ്ഞത് . കമ്പനിക്ക് 12.2 ബില്യൺ ഡോളറിന്റെ വിപണി മൂല്യവുമാണുള്ളത് . അതിനാൽ 5 ശതമാനം ഓഹരികൾ എന്നാൽ 610 മില്യൺ ഡോളർ വരും.

ഈ മാസം ആദ്യമാണ് വേദാന്ത ലിമിറ്റഡിന്റെ 70 ശതമാനം ഓഹരികൾ കൈവശമുള്ള വേദാന്ത റിസോഴ്‌സ് 1 ബില്യൺ ഡോളർ വായ്പ എടുക്കുന്നതിനു ചർച്ചകളിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. വായ്പയുമായി ബന്ധപ്പെട്ട ചർച്ചകളിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്.

എന്നാൽ വേദാന്തയുടെ ഓഹരികൾ വിൽക്കുന്നത് സംബന്ധിച്ച വാർത്തകൾ ശരിയല്ല എന്നാണ് ബ്ലൂംബെർഗിന്റെ അന്വേഷണത്തോട് കമ്പനിയിലെ ബന്ധപ്പെട്ടവർ മറുപടി നൽകിയത്.

വേദാന്തയുടെ ഉപസ്ഥാപനമായ ഹിന്ദുസ്ഥാൻ സിങ്ക് കഴിഞ്ഞ ദിവസം നാലാമത്തെ ഇടക്കാല ലാഭ വിഹിതം പ്രഖ്യാപിച്ചിരുന്നു. ഓഹരി ഒന്നിന് 26 രൂപ നിരക്കിലാണ് ലാഭ വിഹിതം നൽകുക. ഹിന്ദുസ്ഥാൻ സിങ്കിന്റെ 60 ശതമാനത്തോളം ഓഹരികളും വേദാന്തയുടെ കൈവശമുള്ളതിനാൽ 1.3 ബില്യൺ ഡോളർ കമ്പനിക്ക് ലാഭ വിഹിതമായി ലഭിക്കും. ഇപ്പോഴത്തെ സാഹചര്യത്തിൽ വേദാന്തക്ക് അത് വലിയൊരു സഹായമാണ്. വേദാന്തയെ സഹായിക്കുന്നതിനാണ് ഇങ്ങനെ ഒരു പ്രഖ്യാപനം എന്ന രീതിയിലും വാർത്തകൾ ഉയരുന്നുണ്ട്.

കുത്തനെയുള്ള നിരക്ക് വർധന വേദാന്ത അടക്കമുള്ള പല ഭീമന്മാരെയും വലിയ പ്രഹരമാണ് ഏൽപ്പിക്കുന്നത്. ജനുവരിയിൽ വേദാന്ത അവരുടെ സിങ്ക് നിർമാണ യുണിറ്റ്, ഹിന്ദുസ്ഥാൻ സിങ്കിന് 2.98 ബില്യൺ ഡോളറിനു വിൽക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഹിന്ദുസ്ഥാൻ സിങ്കിൽ 30 ശതമാനത്തോളം ഓഹരികൾ കൈവശമുള്ള സർക്കാർ ഇതിനെ ശക്തമായി എതിർക്കുകയായിരുന്നു. മാത്രമല്ല കമ്പനിയുടെ ഓഹരികൾ വിറ്റഴിക്കുന്ന തീരുമാനം സർക്കാർ മാറ്റി വക്കുകയും ചെയ്തു.

നടപ്പു സാമ്പത്തിക വർഷത്തിൽ വേദാന്ത റിസോഴ്‌സ്, 2 ബില്യൺ ഡോളറിന്റെ ബാധ്യതകൾ അടച്ച തീർത്തുവെന്നും, അടുത്ത രണ്ട് വർഷത്തിനുള്ളിൽ 7.7 ബില്യൺ ഡോളറിന്റെ ബാധ്യതകൾ അടച്ചു തീർക്കുമെന്നും ഫെബ്രുവരിയിൽ എക്സ്ചേയ്ഞ്ചിന് സമർപ്പിച്ച സ്റ്റേറ്റ്മെൻറിൽ പറഞ്ഞിരുന്നു.