image

25 Jan 2025 11:20 AM IST

News

പാലിന് വില കുറച്ച് അമൂൽ; പുതിയ നിരക്കുകൾ ഇങ്ങനെ...

MyFin Desk

പാലിന് വില കുറച്ച് അമൂൽ; പുതിയ നിരക്കുകൾ ഇങ്ങനെ...
X

ഇന്ത്യയിലെ പ്രമുഖ ഡയറി ബ്രാൻഡ് ആയ അമൂൽ പാലിന് വില കുറച്ചു. ലിറ്ററിന് 1 രൂപയാണ് കുറച്ചിരിക്കുന്നത്. ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് ഇക്കാര്യം അറിയിച്ചത്. ഒരു ലിറ്റർ പാക്കറ്റ് പാൽ വാങ്ങുന്ന ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് അമൂലിൻ്റെ നടപടി. ജനുവരി 24 മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു.

പ്രീമിയം പാലായ അമൂൽ ഗോൾഡ് മിൽക്ക് പാക്കറ്റിന് 66 രൂപയാണ്. ഇത് 65 ആയി കുറഞ്ഞു. അമൂൽ ടാസയ്ക്ക് 54ൽനിന്ന് 53 രൂപ ആയി. അമൂൽ ടീ സ്പെഷ്യലിൻ്റെ പുതിയ വില 61 രൂപയാണ്. കഴിഞ്ഞ വർഷം ജൂണിൽ പാൽ ലിറ്ററിന് രണ്ടു രൂപ അമൂൽ വർധിപ്പിച്ചിരുന്നു. 2023 ഫെബ്രുവരിയിലും അമൂൽ പാൽ വില വർധിപ്പിച്ചിരുന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം പ്രതിദിനം ശരാശരി 310 ലക്ഷം പാൽ ആണ് കൈകാര്യം ചെയ്തത്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലുള്ള 36 ലക്ഷം കർഷകരിൽ നിന്നും 10 മെമ്പർ യൂണിയനുകളിൽ നിന്നും പ്രതിദിനം 300 ലക്ഷം ലിറ്റർ പാലാണ് അമൂൽ സംഭരിക്കുന്നത്. ഇൻ്റർനാഷണൽ ഫാം കംപാരിസൻ നെറ്റ്‍വർക്കിൻ്റെ കണക്ക് പ്രകാരം, ലോകത്തെ 20 ക്ഷീര കമ്പനികളിൽ എട്ടാം സ്ഥാനത്താണ് അമൂൽ. ആഭ്യന്തര വിപണി കീഴടക്കുന്നതിനോടൊപ്പം 50 രാജ്യങ്ങളിലേക്ക് ക്ഷീരോൽപന്നങ്ങളുടെ കയറ്റുമതിയും അമൂൽ നടത്തുന്നുണ്ട്. കഴിഞ്ഞ വ‍ർഷം മെയ് മാസം യുഎസ് വിപണിയിലേക്കും അമൂൽ എത്തിയിരുന്നു.