11 Oct 2023 12:21 PM GMT
Summary
ഷേണായീസില്‍ ഒരിക്കല്‍ സിനിമ കാണാന്‍ വന്നിരുന്നു ബച്ചന്‍
ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാഭ് ബച്ചന്റെ 81-ാം ജന്മദിനമാണ് ഇന്ന്.(ഒക്ടോബര്‍ 11 ).
ലോകമെങ്ങുമുള്ള സിനിമാ ആരാധകരും സിനിമാ പ്രവര്‍ത്തകരും ബിഗ് ബിയുടെ 81ാം ജന്മദിനം വലിയ പ്രാധാന്യത്തോടെയാണ് ആഘോഷിച്ചത്.
ജന്മദിനത്തില്‍ ആശംസ നേരാന്‍ മുംബൈയിലെ താരത്തിന്റെ വസതിയായ ജല്‍സയിലെത്തിയ ആരാധകര്‍ക്കു മുന്‍പില്‍ കൂപ്പു കൈകളുമായെത്തി നന്ദി അറിയിക്കുകയും ചെയ്തു.
ബോളിവുഡിലെ സൂപ്പര്‍ താരമായ അമിതാഭ് ബച്ചന് കൊച്ചു കേരളവുമായും അത്ര കൊച്ചല്ലാത്തൊരു ബന്ധമുണ്ട്. അദ്ദേഹം കാണ്ഡഹാര്‍ എന്ന മേജര്‍ രവി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയ വേഷം ചെയ്തിട്ടുണ്ട് എന്നതാണ് അവയിലൊന്ന്.
രണ്ടാമതായി ബച്ചന്‍ കൊച്ചിയില്‍ സിനിമ കാണാന്‍ വന്നിരുന്നു എന്നതാണ്.
കൊച്ചിയിലെ പ്രമുഖ സിനിമാ തീയേറ്ററായ ഷേണായീസില്‍ ഒരിക്കല്‍ സിനിമ കാണാന്‍ വന്നിരുന്നു ബച്ചന്‍.
പഴയ ഷേണായീസ് തീയേറ്റര്‍ ഏഷ്യയിലെ രണ്ടാമത്തെ വിസ്താരമ പ്രൊജക്ഷന്‍ (120 എംഎം)ഉള്ള തീയേറ്ററായിരുന്നു. അക്കാലത്ത് 35 എംഎം സിനിമകളായിരുന്നു കൂടുതല്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. 70 എംഎം സിനിമകള്‍ അപൂര്‍വവുമായിരുന്നു. 120 എംഎം സ്‌ക്രീനില്‍ സിനിമ കാണുന്നത് അതു കൊണ്ടു തന്നെ അക്കാലത്ത് പുതുമയുള്ള കാര്യവുമായിരുന്നു. ഇത് എക്സ്പീരിയന്‍സ് ചെയ്യാനാണ് അമിതാഭ് ബച്ചന്‍ ഷേണായീസിലെത്തിയതെന്നു തീയേറ്ററിന്റെ മാനേജിംഗ് പാര്‍ട്ണറായ സുരേഷ് ഷേണായി പറഞ്ഞു.
പഴയ ഷേണായീസ് തീയേറ്ററിലെ ബോക്സ് എന്ന പ്രത്യേക വിഭാഗത്തില്‍ 19 സീറ്റുകള്‍ സെലിബ്രിറ്റികള്‍ക്കു വേണ്ടിയുള്ളതാണ്. ഈ 19 സീറ്റുകളിലൊന്നിലാണ് അമിതാഭ് ബച്ചന്‍ ബുക്ക് ചെയ്ത് സിനിമ കണ്ടതെന്നും സുരേഷ് ഷേണായി പറഞ്ഞു.
' അദ്ദേഹം കണ്ടത് ഒരു ഇംഗ്ലീഷ് സിനിമയാണ്. ഞാന്‍ അന്ന് തീരെ ചെറിയ പ്രായമായതിനാല്‍ അദ്ദേഹം കണ്ട ചിത്രത്തിന്റെ പേര് ഓര്‍ക്കുന്നില്ല ' -സുരേഷ് ഷേണായി പറഞ്ഞു.
ബച്ചന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ഷോലെ പ്രദര്‍ശിപ്പിച്ചതും ഷേണായീസ് തിയേറ്ററിലാണ്.
അമിതാഭ് ബച്ചന്‍, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരങ്ങളെല്ലാം തന്നെ ഷേണായീസില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവരാണ്.
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രമായ ഉദയനാണ് താരത്തിന്റെ ക്ലൈമാക്സ് രംഗം ഷൂട്ട് ചെയ്തതും ഈ തീയേറ്ററിലായിരുന്നു.
1969-ലാണ് കൊച്ചി എംജി റോഡില്‍ ഷേണായീസ് തീയേറ്ററില്‍ ആദ്യമായി പ്രദര്‍ശനം ആരംഭിച്ചത്. മലയാളത്തിലെ ആദ്യ സിനിമസ്‌കോപ് ചിത്രമായ പടയോട്ടം (70ാാ), അമിതാഭ് ബച്ചന്റെ ഹിറ്റ് ചിത്രമായ ഷോലെ ഉള്‍പ്പെടെ നിരവധി പ്രമുഖ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച തീയേറ്റാണ് ഷേണായീസ്. 1250 സീറ്റുകളാണ് അന്ന് ഷേണായീസ് തീയേറ്ററിലുണ്ടായിരുന്നത്. ഷേണായീസ് കൂടാതെ 241 സീറ്റുകളുള്ള ലിറ്റില്‍ ഷേണായീസ് തീയേറ്ററും ഈ തീയേറ്റര്‍ സമുച്ചയത്തിലുണ്ടായിരുന്നു. ഈ തീയേറ്റര്‍ സമുച്ചയം 2015-ല്‍ പൊളിച്ചു. പിന്നീട് അഞ്ച് സ്‌ക്രീനുകളുള്ള മള്‍ട്ടിപ്ലക്സായി പുതുക്കി പണിതു. ഇപ്പോള്‍ അഞ്ച് സ്‌ക്രീനുകളിലായി മൊത്തം 754 സീറ്റുകളാണുള്ളത്. അഞ്ച് സ്‌ക്രീനുകളും 4 k പ്രൊജക്ഷനുള്ളവയാണ്. ഡോള്‍ബി അറ്റ്മോസ് സൗണ്ട് സിസ്റ്റവുമുണ്ട്.