image

20 Sept 2023 6:00 AM

News

എഐ വിദ്യാഭ്യാസ മേഖലയില്‍ അതിശയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും; മന്ത്രി ആര്‍. ബിന്ദു

MyFin Desk

ai will create amazing changes the field of education minister r bindu
X

Summary

  • നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്.
  • എഐയുടെ ഉപയോഗം ഉത്പാദന, തൊഴില്‍ മേഖലകളില്‍ ഓട്ടോമേഷന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.


ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ മനുഷ്യ ജീവിതത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിക്കായി ഉപയോഗപ്പെടുത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. ഐസിടി അക്കാദമി ഓഫ് കേരളയുടെ നേതൃത്വത്തില്‍ അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട് നടന്ന ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ സയന്‍സ്, എന്‍ജിനീയറിങ് ആന്റ് ടെക്‌നോളജി( ഐസിഎസ്ഇറ്റി 2023) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

അധ്യാപന പഠന പ്രക്രിയയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സംയോജനം വിദ്യാഭ്യാസ ലോകത്ത് അതിശയകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കും. എഐയുടെ ഉപയോഗം ഉത്പാദന, തൊഴില്‍ മേഖലകളില്‍ ഓട്ടോമേഷന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ആധുനിക സാങ്കേതികവിദ്യകള്‍ക്ക് അനുസരിച്ച് അധ്യാപന രീതികള്‍ പരിഷ്‌കരിക്കപ്പെടേണ്ടതാണ്. കൂടുതല്‍ ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിദ്യാര്‍ത്ഥികളെ സജ്ജരാക്കുകയും പ്രചോദിപ്പിക്കുകയും വേണം. ആധുനിക സാങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ യുവതലമുറയെ പ്രാപ്തരാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മനുഷ്യന്‍ വിഭാവനം ചെയ്ത കൃത്രിമബുദ്ധി പലപ്പോഴും മനുഷ്യന്റെ ബുദ്ധിയെ മറികടക്കുന്ന സാഹചര്യമാണുള്ളത്. നാലാം വ്യാവസായിക വിപ്ലവത്തിന്റെ യുഗത്തിലാണ് നാം ജീവിക്കുന്നത്.ഇന്ന് നമുക്ക് ആപ്പുകളും ഉപകരണങ്ങളും ഒഴിവാക്കുക ബുദ്ധിമുട്ടാണ്. വ്യാവസായിക മാറ്റത്തിന്റെ ഒരു ഭാഗമായ കൃത്രിമബുദ്ധി, ജീന്‍ എഡിറ്റിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ വ്യവസായം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലയില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി കൂടുതല്‍ പുരോഗതി കൈവരിക്കാന്‍ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി കേരള വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, അകാബ്‌സ് ഇന്റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ അജയ് മാതുര്‍, ഐസിറ്റി അക്കാദമി കേരള സിഇഒ സന്തോഷ് കുറുപ്പ്, ഡോ.വി.ടി ദീപ തുടങ്ങിയവര്‍ പങ്കെടുത്തു.