image

1 Feb 2024 11:57 AM

News

കാര്‍ഷിക ക്ഷേമത്തില്‍ അടിയുറച്ച ബജറ്റെന്ന് കുമാരസ്വാമി

MyFin Desk

kumaraswamy said that the budget is based on farmers welfare
X

Summary

  • യുവജനതയുടെ ശാക്തീകരണവും ലക്ഷ്യം
  • യുവതലമുറ തൊഴില്‍ദാതാക്കളായി മാറും


കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ജനപക്ഷവും വികസനവും പുരോഗമനപരവുമാണെന്ന് ജെഡി (എസ്) നേതാവ് എച്ച് ഡി കുമാരസ്വാമി.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കുന്ന സമ്പൂര്‍ണ ബജറ്റില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന പരിപാടികളെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഇടക്കാല ബജറ്റില്‍ പ്രത്യേകിച്ച് കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട വകയിരുത്തലുകള്‍ മികച്ചതെന്നും അദ്ദേഹം വിലയിരുത്തി.

'വ്യത്യസ്ത എണ്ണക്കുരുക്കള്‍ ഉല്‍പ്പാദിപ്പിക്കുന്നതില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ബജറ്റില്‍ ഒരു വ്യവസ്ഥയുണ്ട്. ഇത് രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും. കാര്‍ഷിക കേന്ദ്രീകൃത അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിലാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ബജറ്റില്‍ കര്‍ഷക ക്ഷേമത്തിന് ഊന്നല്‍ നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി അറിയിച്ചു. ' മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ ആജീവനാന്ത ദൗത്യമായ കര്‍ഷകരുടെ ക്ഷേമത്തില്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാന്‍ നന്ദിയുള്ളവനാണ്' -അദ്ദേഹം പറഞ്ഞു.

ജനസംഖ്യയുടെ 50 ശതമാനത്തോളം യുവാക്കളുള്ള ഒരു രാജ്യത്ത് നൈപുണ്യ വര്‍ധന സംരംഭങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടി, വിശ്വകര്‍മ യോജന, മുദ്ര ലോണ്‍ യോജന, സ്‌കില്‍ ഇന്ത്യ മിഷന്‍ എന്നിവ യുവജനതയെ ശാക്തീകരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

തൊഴിലന്വേഷകരായി മാറുന്നതിനുപകരം, യുവാക്കള്‍ പരിശീലനത്തിലൂടെ സ്വയം തൊഴില്‍ ചെയ്യുന്നവരായി മാറും. എളുപ്പത്തില്‍ വായ്പ ലഭിക്കുന്നതിലൂടെ അവര്‍ തൊഴില്‍ ദാതാക്കളായി മാറും. ടൂറിസം വികസനത്തിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇടക്കാല ബജറ്റില്‍ മത്സ്യബന്ധനത്തിനും ഊന്നല്‍ നല്‍കിയതായി കുമാരസ്വാമി ചൂണ്ടിക്കാട്ടി.