13 Nov 2023 6:38 AM
Summary
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വരുമാനത്തിലെ 90 ശതമാനവും സംഭാവന ചെയ്യുന്നത് തുറമുഖ ബിസിനസുകളില്‍ നിന്നുമാണ്
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് പ്രതിരോധത്തിലായ അദാനി ഗ്രൂപ്പിന് , അദാനി പോർട്സ്ന്റെ ശ്രീലങ്കയിലെ തുറമുഖ പദ്ധതിയിൽ അമേരിക്ക 553 ദശലക്ഷം ഡോളർ നിക്ഷേപിച്ചത് പുതിയ ആത്മവിശ്വാസം നൽകി. അങ്ങനെ പുതിയ ഉണർവുനേടിയ അദാനി ഗ്രൂപ്പ്, ഇപ്പോൾ കൂടുതൽ രാജ്യങ്ങളിൽ പോർട്ടുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ്.
കൊളംബോയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവെ അദാനി ഗ്രൂപ്പ് സിഇഒ കരണ്‍ അദാനി ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശ്രീലങ്കയിലും ഇസ്രയേലിലും നിലവില്‍ അദാനി ഗ്രൂപ്പിന് നിക്ഷേപമുണ്ട്. ഇതിനുപുറമെയാണു ബംഗ്ലാദേശ്, വിയറ്റ്‌നാം, ടാന്‍സാനിയ എന്നിവിടങ്ങളില്‍ അദാനി ഗ്രൂപ്പ് പുതിയ നിക്ഷേപ അവസരങ്ങള്‍ നോക്കുന്നത്.
ശ്രീലങ്കയിലെ കൊളംബോ തുറമുഖത്ത് അദാനി ഗ്രൂപ്പിന്റെ ഷിപ്പിങ് കണ്ടെയ്‌നര്‍ ടെര്‍മിനല്‍ നിര്‍മാണത്തിന് 553 ദശലക്ഷം ഡോളര്‍ (4,600 കോടി രൂപ) കഴിഞ്ഞ ദിവസം യുഎസ് പിന്തുണയുള്ള ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ (ഡിഎഫ്‌സി) നിക്ഷേപിച്ചിരുന്നു.
അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണിന്റെ വരുമാനത്തിലെ 90 ശതമാനവും സംഭാവന ചെയ്യുന്നത് തുറമുഖ ബിസിനസുകളില്‍ നിന്നുമാണ്.
കപ്പലിന്റെ സഹായത്തോടെ നടക്കുന്ന ചരക്കുനീക്കങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ മഹാസമുദ്രം വലിയ പങ്ക് വഹിക്കുന്നുണ്ട്.
കാര്‍ഗോ ചരക്കുകളുടെ മൂന്നിലൊരു ഭാഗവും ഓയില്‍ ഷിപ്പ്‌മെന്റിന്റെ മൂന്നില്‍ രണ്ട് ഭാഗവും നടക്കുന്നത് ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയാണ്. ശ്രീലങ്കയിലും പാകിസ്ഥാനിലും തുറമുഖം പാട്ടത്തിനെടുത്തും വന്‍തോതില്‍ നിക്ഷേപം നടത്തിയും ചൈന ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തന്ത്ര പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ നീക്കമാണ് ശ്രീലങ്കയിലെ നിക്ഷേപത്തിലൂടെ ഇപ്പോള്‍ അദാനി പോര്‍ട്ട് നടത്തിയിരിക്കുന്നത്.