image

27 Nov 2023 10:27 AM IST

News

ക്യുആര്‍ കോഡില്ലാത്ത ബാനറുകള്‍ക്കെതിരേ നടപടി തുടങ്ങി

MyFin Desk

Action started against banners without QR code
X

Summary

നിയമലംഘനങ്ങള്‍ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുകള്‍ പിടിച്ചെടുത്ത്, ആദ്യഘട്ടത്തില്‍ 10,000 രൂപ പിഴ ഈടാക്കും


പരസ്യ പ്രചാരണ ബോര്‍ഡ്, ബാനര്‍, ഹോര്‍ഡിങ്ങുകള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പിസിബി) ക്യുആര്‍ കോഡ് നിര്‍ബന്ധമാക്കി. പരസ്യ പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ തയ്യാറാക്കുമ്പോള്‍ അതില്‍ പി വി സി ഫ്രീ, റീസൈക്ലബിള്‍ ലോഗോ, പ്രിന്റിങ്ങ് യൂണിറ്റിന്റെ പേര്, ഫോണ്‍ നമ്പര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ സര്‍ട്ടിഫിക്കറ്റിന്റെ ക്യൂആര്‍ കോഡ് എന്നിവ നിര്‍ബന്ധമായും പ്രിന്റ് ചെയ്തിരിക്കേണ്ടതാണെന്നും പരിശോധനയില്‍ ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ പിസിബി സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടതാണെന്നും ശുചിത്വമിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ അറിയിച്ചു.

ഇവ രേഖപ്പെടുത്താത്ത ബോര്‍ഡുകള്‍ നിയമ വിരുദ്ധമായതിനാല്‍ സ്ഥാപിച്ചവര്‍ക്കെതിരെയോ പ്രിന്റ് ചെയ്ത സ്ഥാപനത്തിന് എതിരെയോ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്. പ്രിന്റ് ചെയ്യാനുളള മെറ്റീരിയല്‍ വില്‍ക്കുന്ന കടകള്‍, സ്‌റ്റോക്ക് ചെയ്തിരിക്കുന്നവയില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സാക്ഷ്യപത്രം ക്യുആര്‍ കോഡ് രൂപത്തില്‍ പ്രിന്റ് ചെയ്തിരിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത മെറ്റീരിയല്‍ സ്‌റ്റോക്ക് ചെയ്യാനോ പ്രിന്റ് ചെയ്യാനോ പാടില്ല.

മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത 100% കോട്ടണ്‍, പോളി എത്തിലിന്‍ എന്നിവ മാത്രമാണ് പ്രിന്റിങ്ങിന് ഉപയോഗിക്കാന്‍ അനുമതി. ഇക്കാര്യം പ്രിന്റര്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. 'മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത റീസൈക്കിള്‍ ചെയ്യാവുന്ന പോളിഎത്തിലീന്‍, 100% കോട്ടന്‍ എന്നിവ ഉപയോഗിച്ചുള്ള പ്രിന്റിങ് ജോലികള്‍ മാത്രമേ ഏറ്റെടുക്കുകയുള്ളൂ, ഉപയോഗശേഷമുള്ള പോളിഎത്തിലീന്‍ റീസൈക്ലിങിനായി ഈ സ്ഥാപനത്തില്‍ തിരിച്ചേല്‍പിക്കേണ്ടതാണ്' എന്ന ബോര്‍ഡ് ഓരോ പ്രിന്റിങ്ങ് സ്ഥാപനത്തിലും വ്യക്തമായി കാണാവുന്ന രീതിയില്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിച്ചിരിക്കേണ്ടതാണ്.

ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധനക്കിടയില്‍ ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തുന്നപക്ഷം നിരോധിത വസ്തുകള്‍ പിടിച്ചെടുത്ത്, ആദ്യഘട്ടത്തില്‍ 10,000 രൂപ പിഴയും രണ്ടാമതും നിയമലംഘനം നടത്തിയാല്‍ 25,000 രൂപ പിഴയും, വീണ്ടും ആവര്‍ത്തിക്കുന്ന പക്ഷം 50,000 രൂപ പിഴയും ലൈസന്‍സ് റദ്ദ് ചെയ്യുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും അനധികൃതമായി സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ക്ക് എതിരെ കോടതി ഉത്തരവ് പ്രകാരം 5000 രൂപ പിഴയും ഈടാക്കുന്നതായിരിക്കുമെന്ന് അറിയിച്ചു.