image

5 April 2025 11:40 AM

News

ആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കി

MyFin Desk

aadhaar-pan linking made mandatory
X

Summary

  • ഡിസംബര്‍ 31ന് മുമ്പ് കാര്‍ഡുകള്‍ ലിങ്ക് ചെയ്യണം
  • പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, പാന്‍ പ്രവര്‍ത്തന രഹിതമായി കണക്കാക്കും


രാജ്യത്ത് പാന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നു. ഡിസംബര്‍ 31ന് മുമ്പ് കാര്‍ഡുകള്‍ ലിങ്ക് ചെയ്യണമെന്ന് കേന്ദ്ര നിര്‍ദേശം.

പാന്‍ കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കില്‍, അത്തരം പാന്‍ പ്രവര്‍ത്തനരഹിതമായി കണക്കാക്കുമെന്ന് ആദായ നികുതി വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴതിന് സമയപരിധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ വര്‍ഷം അവസാനം വരെയാണ് സമയം അനുവദിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നത്. 1961ലെ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 പ്രകാരമാണ് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.

പാന്‍ കാര്‍ഡ് റദ്ദായാല്‍ ആദായ നികുതി അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും അവതാളത്തിലാകും. മാത്രമല്ല, ഐടിആര്‍ ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. ഇതിന് പുറമെ ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകളും നിലക്കും. ഒപ്പം സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത അവസ്ഥയുമുണ്ടാവുമെന്നും ആദായ നികുതി വകപ്പ് വ്യക്തമാക്കി.

നേരത്തെ യഥാര്‍ത്ഥ ആധാര്‍ നമ്പറിന് പകരം ആധാര്‍ എന്‍ റോള്‍മെന്റ് ഐഡി ഉപയോഗിച്ച് പാന്‍ കാര്‍ഡ് നേടാന്‍ വ്യക്തികളെ സര്‍ക്കാര്‍ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ വ്യവസ്ഥ നിര്‍ത്തലാക്കിയിട്ടുണ്ട്. പാന്‍ കാര്‍ഡിന് അപേക്ഷിക്കുമ്പോഴോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോഴോ ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതുണ്ട്.

ഇതുവഴി പാന്‍ കാര്‍ഡിന്റെ ആധികാരികത വര്‍ധിക്കും. കൂടാതെ, ഒരാള്‍ ഒന്നിലധികം പാന്‍ കാര്‍ഡ് സ്വന്തമാക്കുന്നതും ഒഴിവാകുമെന്നും വകുപ്പ് പറയുന്നു.