11 Dec 2023 12:43 PM GMT
ജോസിമോള്‍ക്ക് ആധാര്‍ ലഭിച്ചു; നടപടിക്രമം തിരുത്തിയെഴുതി കേന്ദ്ര സര്‍ക്കാര്‍
MyFin Desk
Summary
- വിരലടയാളം ലഭ്യമല്ലെങ്കില്‍ കണ്ണിന്റെ ഐറിസ് ഉപയോഗിക്കാം
- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്
- അസാധാരണ എന്‍ റോള്‍മെന്റായാണ് ഇത് രേഖപ്പെടുത്തുന്നത്
ആധാര്‍ എന്‍ റോള്‍ ചെയ്യുന്നവര്‍ക്ക് വിരലടയാളം ലഭ്യമല്ലെങ്കില്‍ കണ്ണിന്റെ ഐറിസ് ഉപയോഗിച്ച് ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളത്തില്‍ നിന്നുള്ള ജോസിമോള്‍ പി ജോസിന് വിരലുകളില്ലാത്തതിനാല്‍ ആധാര്‍ എന്‍ റോള്‍ ചെയ്യാന്‍ സാധിക്കില്ല എന്ന സാഹചര്യത്തില്‍ ഇടപെട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ദ്ദേശം. ഈ കേസില്‍ ഇടപെട്ട കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ കോട്ടയം ജില്ലയിലെ കുമരകത്തുള്ള ജോസിയുടെ വീട് സന്ദര്‍ശിച്ച് അന്നു തന്നെ ആധാര്‍ നമ്പര്‍ ലഭ്യമാക്കിയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ആധാര്‍ ലഭിക്കാന്‍ യോഗ്യതയുള്ള വ്യക്തിക്ക് വിരലടയാളവും ഐറിസ് ബയോമെട്രിക് രേഖയും സമര്‍പ്പിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇതില്‍ ഏതെങ്കിലും ഒന്ന് സമര്‍പ്പിച്ചാല്‍ മതി.
യുഐഡിഎഐ അന്വേഷണം
എല്ലാ ആധാര്‍ സേവ കേന്ദ്രങ്ങളിലേക്കും ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിരലടയാളം, ഐറിസ് ബയോമെട്രിക്‌സ് എന്നിവ നല്‍കാന്‍ കഴിയാത്ത വ്യക്തിയുടെ പേര്, ലിംഗം, വിലാസം, ജനനത്തീയതി, വര്‍ഷം എന്നിവ ലഭ്യമായ ബയോമെട്രിക്‌സിനൊപ്പം എന്റോള്‍മെന്റ് സോഫ്റ്റ് വേറില്‍ ഇല്ലാത്ത വസ്തുതകളും ഉയര്‍ത്തിക്കാട്ടും. കൂടാതെ, വിരലുകള്‍ അല്ലെങ്കില്‍ ഐറിസ് അല്ലെങ്കില്‍ രണ്ടും ലഭ്യമല്ലാത്തത് സാഹചര്യങ്ങളില്‍ എന്ത് ചെയ്യണം എന്നും നിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. അത് വ്യക്തമാകുന്ന രീതിയില്‍ ഫോട്ടോയും സോഫ്‌റ്റ്വേറില്‍ അപ് ലോഡ് ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ അസാധാരണ എന്‍ റോള്‍മെന്റായാണ് ഇത് രേഖപ്പെടുത്തുന്നത്.
നേരത്തെ എന്റോള്‍ ചെയ്തപ്പോള്‍ ജോസിക്ക് ആധാര്‍ നമ്പര്‍ നല്‍കാത്തതിന്റെ കാരണങ്ങളെക്കുറിച്ചും യുഐഡിഎഐ അന്വേഷിച്ച., ആധാര്‍ എന്റോള്‍മെന്റ് ഓപ്പറേറ്റര്‍ അസാധാരണമായ എന്റോള്‍മെന്റ് നടപടിക്രമം പാലിക്കാത്തതിനാലാണ് ഇത് സംഭവിച്ചതെന്നും വ്യക്തമാക്കി. യുഐഡിഎഐ പ്രതിദിനം 1,000 ത്തോളം പേരെ അസാധാരണമായ എന്റോള്‍മെന്റിന് കീഴില്‍ ചേര്‍ക്കുന്നുവെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. വിരലുകള്‍ നഷ്ടപ്പെടുകയോ അല്ലെങ്കില്‍ ഐറിസ് അല്ലെങ്കില്‍ രണ്ട് ബയോമെട്രിക്‌സ് നല്‍കാനോ കഴിയാത്ത 29 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ യുഐഡിഎഐ ആധാര്‍ നമ്പറുകള്‍ നല്‍കിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു.