image

22 Aug 2023 1:02 PM

News

ട്രാക്കോ കേബിളിന്റെ വായ്പ്പയ്ക്കായി മാത്രം ഒരു സർക്കാർ ധനകാര്യ സ്ഥാപനം ?

C L Jose

a company to state to provide 84% loan to traco cable
X

Summary

  • 2022 ൽ വായ്പ നല്‍കിയതു 78.31 കോടി രൂപ
  • 48.50 കോടി രൂപയ്ക്ക് സര്‍ക്കാരിന്റെ ഗാരന്റിയുണ്ട്


തിരുവനന്തപുരം:കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (കെഎസ്പിഐഎഫ്‌സിഎല്‍) ബിസിനസ് മോഡല്‍ കൗതുകകരമാണ്. സംസ്ഥാനത്തെ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബങ്കേതര ധനകാര്യ സ്ഥാപനം വായ്പ നല്‍കിയ 78.31 കോടി രൂപയുടെ 84 ശതമാനവും ട്രാക്കോ കേബിള്‍ എന്ന ഒരൊറ്റ ഉപഭോക്താവിനാണ്. (2022 മാര്‍ച്ച് 31 വരെയുള്ള ഏറ്റവും പുതിയ കണക്കാണ്).

റിസര്‍വ് ബാങ്ക് അനുവദിച്ചിട്ടുണ്ടെങ്കില്‍ കൂടിയും ഒരു ഉപഭോക്താവിന് ഉയര്‍ന്ന അനുപാതത്തില്‍ വായ്പ നല്‍കുന്നത് വായ്പ നല്‍കുന്ന കമ്പനിക്ക് ഉയര്‍ന്ന അപകടസാധ്യത സൃഷ്ടിക്കുന്ന കാര്യമാണെന്നാണ് കമ്പനിയുടെ ഓഡിറ്റര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ, 'സാമ്പത്തിക സ്ഥിതി വായ്പ അനുവദിക്കുന്നതിനുള്ള ഒരു മാനദണ്ഡമാണെങ്കില്‍, ഈ വായ്പകള്‍ക്ക് വ്യക്തമായ ഒരു കൊളാറ്ററല്‍ സെക്യൂരിറ്റിയുടെയും സുരക്ഷിതത്വമില്ലത്തതിനാലും, ഒരു തരത്തിലുള്ള ചാര്‍ജും കമ്പനിയില്‍ നിന്നും ഈടാക്കാത്തതിനാലും ട്രാക്കോയ്ക്ക് ഇത്തരം ഉയര്‍ന്ന മൂല്യമുള്ള വായ്പകള്‍ക്ക് അര്‍ഹതയില്ലെന്നും ഓഡിറ്റര്‍മാര്‍ അഭിപ്രായപ്പെട്ടു. ട്രാക്കോയ്ക്ക് നല്‍കിയ മൊത്തം വായ്പയില്‍ 48.50 കോടി രൂപയ്ക്ക് കേരള സര്‍ക്കാരിന്റെ ഗാരന്റിയുണ്ട്.

റേറ്റിംഗ് താഴ്ത്തി

പ്രമുഖ റേറ്റിംഗ് ഏജന്‍സിയായ ബ്രിക് വര്‍ക്ക് കെഎസ്പിഐഎഫ്‌സിഎല്ലിന്റെ 40 കോടിയുടെ കടത്തിന്റെ ദീര്‍ഘകാല റേറ്റിംഗ് ബിബിബി - സില്‍ നിന്ന് ബിബി + ലേക്ക് താഴ്ത്തിയിട്ടുണ്ട്. ആവശ്യമായ വിവരങ്ങള്‍ നല്‍കുന്നതില്‍ റേറ്റിംഗ് ഏജന്‍സിയുമായി സഹകരിക്കാന്‍ കമ്പനി വിസമ്മതിച്ചിരുന്നു. അതിനാല്‍ കെഎസ്പിഐഎഫ്‌സിഎല്ലിനെ റേറ്റിംഗ് 'ഇഷ്യുവര്‍ സഹകരിക്കുന്നില്ല' എന്ന വിഭാഗത്തിലേക്ക് റേറ്റിംഗ് ഏജന്‍സി മാറ്റിയിട്ടുണ്ട്.

2022 മാര്ച്ച് 31 വരെയുള്ള കണക്കനുസരിച്ച് കെഎസ്പിഐഎഫ്‌സിഎല്ലിന്റെ 59.40 ശതമാനം ഓഹരി സംസ്ഥാന സര്‍ക്കാരിന്റെയും ബാക്കി 40.60 ശതമാനം കെഎസ്ഇബി ലിമിറ്റഡിന്റെയും കൈവശമാണ്. കെഎസ്ഇബിക്ക് ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് ഹ്രസ്വകാല വായ്പകളും പ്രവര്‍ത്തന മൂലധന വായ്പകളും വഴി സാമ്പത്തിക സഹായം നല്‍കുക എന്നതാണ് കെഎസ്പിഐഎഫ്‌സിഎല്ലിന്റെ പ്രധാന ബിസിനസ്. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കമ്പനിക്ക് അഞ്ച് ഉപഭോക്താക്കള്‍ മാത്രമേയുള്ളൂ, അതില്‍ ഒരു ഉപഭോക്താവിന് കമ്പനി മൊത്തം വായ്പയുടെ 84 ശതമാനവും നല്‍കിയിരിക്കുകയണ്.' കെഎസ്പിഐഎഫ്‌സിഎല്ലിന്റെ റേറ്റിംഗ് സംബന്ധിച്ച് വിശദീകരിക്കുന്നതിനിടെ ബ്രിക്ക് വര്‍ക്ക് വ്യക്തമാക്കി.

കെഎസ്പിഐഎഫ്‌സിഎല്ലില്‍ നിന്നുള്ള വിവരങ്ങളുടെ അഭാവവും മാനേജ്‌മെന്റ് സഹകരണമില്ലായ്മയും കാരണം കമ്പനിയുടെ സാമ്പത്തിക പ്രകടനവും, കടം നൽകാനുള്ള സാധുവായ റേറ്റിംഗ് നിലനിര്‍ത്താനുള്ള സാധ്യത വിലയിരുത്താനും കഴിയുന്നില്ലെന്നും. 2023 ഏപ്രില്‍ മുതല്‍ കമ്പനി ബ്രിക് വര്‍ക്കിന് നോ-ഡിഫോള്‍ട്ട് സ്റ്റേറ്റ്‌മെന്റ് (എന്‍ഡിഎസ്) സമര്‍പ്പിക്കുന്നില്ലെന്നും റേറ്റിംഗ് ഏജന്‍സി പറഞ്ഞു.

1998 മാര്‍ച്ചില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി സ്ഥാപിതമായ കേരള പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെപിഎഫ്‌സിഎല്‍) ആണ് പിന്നീട് കെഎസ്പിഐഎഫ്എല്ലായത്. സംസ്ഥാനത്തെ ഊര്‍ജ്ജ പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനായി കേരള സര്‍ക്കാരും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡും (കെഎസ്ഇബിഎല്‍) സംയുക്തമായാണ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്നത്. 2006-ലെ ഒരു ഉത്തരവിലൂടെ കേരള സര്‍ക്കാര്‍ മറ്റ് അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്ക് ധനസഹായം നല്‍കാന്‍ അനുമതി നല്‍കുകയും അതനുസരിച്ച് കമ്പനിയെ കേരള സ്റ്റേറ്റ് പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎസ്പിഐഎഫ്‌സിഎല്‍) എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.