5 Nov 2024 7:25 AM GMT
Summary
ഇനി മടങ്ങി എത്താനുള്ളത് 6970 കോടി രൂപ
2000 രൂപ നോട്ടുകളിൽ 98.04 ശതമാനം ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ജനങ്ങളുടെ കൈവശമുള്ള 6970 കോടി രൂപ മൂല്യമൂള്ള നോട്ടുകളാണ് ഇനി മടങ്ങി എത്താനുള്ളതെന്നും റിസര്‍വ് ബാങ്ക് അറിയിച്ചു. നോട്ടുനിരോധനത്തെ തുടര്‍ന്ന് 2016 നവംബറിലാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്.
2023 മേയ് 19-നാണ് 2,000 രൂപ നോട്ട് പിൻവലിക്കുന്നതായി ആർബിഐ അറിയിച്ചത്. റിസർവ് ബാങ്കിന്റെ ക്ലീൻ നോട്ട് പോളിസി പ്രകാരമായിരുന്നു തീരുമാനം. അന്ന് 3.56 ലക്ഷം കോടി രൂപയായിരുന്നു വിനിമയത്തിനായി രാജ്യത്തുണ്ടായിരുന്നത്. 2024 ഒക്ടോബര്‍ 31 വരെയുള്ള കണക്കനുസരിച്ച് ഇത് 6970 കോടി രൂപയായി കുറഞ്ഞതായും റിസര്‍വ് ബാങ്ക് വ്യക്തമാക്കി.
അവശേഷിക്കുന്ന 2000 രൂപ നോട്ടുകൾ റിസർവ് ബാങ്ക് ഓഫീസുകളിൽ തന്നെ മാറ്റാനുള്ള സൗകര്യം നിലവിലുണ്ട്. രാജ്യത്തെ ഏത് പോസ്റ്റോഫീസ് വഴിയും ആർബിഐ ഓഫീസിലേക്ക് തപാലായി നോട്ട് അയക്കാവുന്നതാണ്. പിന്നാലെ അക്കൗണ്ടിലേക്ക് പണമെത്തും.
അഹമ്മദാബാദ്, ബെംഗളൂരു, ബേലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്‌ന, തിരുവനന്തപുരം എന്നിവിടങ്ങളിലെ ആര്‍ബിഐയുടെ ഓഫീസുകളില്‍ ഇപ്പോഴും 2000 രൂപയുടെ നോട്ടുകള്‍ മാറ്റി വാങ്ങാൻ സൗകര്യമുണ്ടെന്നും ആര്‍ബിഐ അറിയിച്ചു.