image

2 Sept 2023 7:55 AM

News

2000രൂപാ നോട്ടുകളില്‍ 93ശതമാനവും തിരിച്ചെത്തി

MyFin Desk

reseve bank of india | rs 2000 notes | currency note swap
X

പിന്‍വലിക്കല്‍ പ്രഖ്യാപനത്തിനുശേഷം പ്രചാരത്തിലുണ്ടായിരുന്ന 2000രൂപയുടെ നോട്ടുകളില്‍ 93ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അറിയിച്ചു. ഓഗസ്റ്റ് 31 വരെ 0.24 ലക്ഷം കോടി രൂപയുടെ 2,000 രൂപയുടെ നോട്ടുകള്‍ മാത്രമേ ഇനിയും തിരിച്ചെത്താനുള്ളൂ എന്ന് ആർ ബി ഐ സര്‍ക്കുലർ പറയുന്നു.

2023 മെയ് 19-ന് ആര്‍ബിഐ നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോള്‍ പ്രചാരത്തിലുണ്ടായിരുന്ന 2000 രൂപ നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടി രൂപയായിരുന്നു. മെയ് 19 ലെ പ്രഖ്യാപനത്തിന് ശേഷം ബാങ്കുകളിലേക്ക് മടങ്ങിയെത്തിയ 2000 രൂപാ നോട്ടുകളുടെ മൂല്യം 3.32 ലക്ഷം കോടി രൂപ ആണെന്ന് ബാങ്കുകളില്‍ നിന്ന് ലഭിച്ച ഡാറ്റ ഉദ്ധരിച്ച് ആര്‍ബിഐ വ്യക്തമാക്കുന്നു.

പ്രധാന ബാങ്കുകളില്‍ നിന്ന് ശേഖരിച്ച ഡാറ്റ സൂചിപ്പിക്കുന്നത്, പ്രചാരത്തില്‍ നിന്ന് തിരികെ ലഭിച്ച 2000 രൂപയുടെ മൊത്തം നോട്ടുകളില്‍ 87 ശതമാനവും നിക്ഷേപ രൂപത്തിലാണ് എന്നാണ്. ബാക്കിയുള്ള 13 ശതമാനം മറ്റ് ഡിനോമിനേഷനുകളിൽ ഉള്ള നോട്ടുകളാക്കി മാറ്റിയതായും ആര്‍ബിഐ പറയുന്നു.

സമയബന്ധിതമായി പിന്‍വലിക്കല്‍ പൂര്‍ത്തിയാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സമയം ലഭിക്കുന്നതിനും സെപ്റ്റംബര്‍ 30 അവസാന തീയതിയായി തീരുമാനിച്ചു. വരാനിരിക്കുന്ന നോട്ടുകളുടെ മൂല്യം വിലയിരുത്തിശേഷം ആര്‍ബിഐ സെപ്റ്റംബറിലെ സമയപരിധി വീണ്ടും ദീർഘിപ്പിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കും.

ബാങ്ക് ശാഖകളിലും ആര്‍ബിഐയുടെ പ്രാദേശിക ഓഫിസുകളിലും ജനങ്ങള്‍ക്ക് 2000രൂപ നോട്ടുകള്‍ മാറ്റാനോ നിക്ഷേപിക്കാനോ സാധിക്കും. അക്കൗണ്ട് ഇല്ലാത്ത ഒരാള്‍ക്ക് 20,000 രൂപ വരെ ഏത് ബാങ്ക് ശാഖയിലും മാറ്റുകയും ചെയ്യാം.

മെയ് 19 ന്, 2000 രൂപ നോട്ടുകള്‍ പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കാന്‍ ആര്‍ബിഐ തീരുമാനിച്ചെങ്കിലും അത് ലീഗൽ ടെന്‍ഡറായി തുടരുമെന്ന് അറിയിച്ചിരുന്നു. എന്നിരുന്നാലും, 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്ന് ആര്‍ബിഐ ബാങ്കുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട് .