6 March 2025 2:50 PM IST
Summary
- മോഷ്ടിക്കപ്പെട്ടത് 830 കിലോ മുടി
- ബാഗുകളിലായിരുന്ന മുടി കടത്തിയത് ഒരു എസ്യുവിയില്‍
- ആറോളംപേര്‍ പൂട്ടുതകര്‍ത്താണ് മുടി മോഷ്ടിച്ചത്
മനുഷ്യന്റെ മുടിക്കെന്താ വില! ആലോചിച്ചിട്ടുണ്ടോ? ഏതാനും ദിവസം മുമ്പ് ബെംഗളൂരുവിലെ ഒരു ഗോഡൗണില്‍നിന്നും കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ട മുടിയുടെ വില ഒരു കോടി രൂപയാണ്. ലക്ഷ്മിപുര ക്രോസിലെ ഒരു വാണിജ്യ കെട്ടിടത്തില്‍നിന്നുമാണ് ഒരു സംഘം 830 കിലോ മുടി മോഷ്ടിച്ചത്. ഇതിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് സാധാരണക്കാര്‍. മോഷണത്തെത്തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
വടക്കന്‍ ബെംഗളൂരുവില്‍ നിന്നുള്ള 73 വയസ്സുള്ള മുടി വ്യാപാരിയായ വെങ്കടസ്വാമി തന്റെ സംഭരണശാല ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് മാറ്റിയിരുന്നു.സോളദേവനഹള്ളി പോലീസില്‍ നല്‍കിയ പരാതി പ്രകാരം, പുതിയ ഗോഡൗണ്‍ ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്റിലാണ് സ്ഥിതി ചെയ്യുന്നത്. അദ്ദേഹം അവിടെ 27 ബാഗുകളിലായി ഏകദേശം 830 കിലോഗ്രാം മുടി സൂക്ഷിച്ചിരുന്നു.
ഫെബ്രുവരി 28 ന് അര്‍ദ്ധരാത്രി മഹീന്ദ്ര ബൊലേറോ എസ്യുവിയില്‍ ആറോളം വരുന്ന ഒരു സംഘം ഗോഡൗണിലെത്തി. തുടര്‍ന്ന് ഗോഡൗണിന്റെ ഷട്ടര്‍ തകര്‍ത്ത് മുടി ബാഗുകള്‍ എസ്യുവിയില്‍ കയറ്റി കടന്നുകളഞ്ഞതായി വെങ്കടസ്വാമി പറഞ്ഞു.
ആ പ്രദേശത്തെ ഒരു താമസക്കാരന്‍ സംഘം ബാഗുകള്‍ എസ്യുവിയിലേക്ക് കയറ്റുന്നത് കണ്ടിരുന്നു.
എന്നാല്‍, ഒരു വഴിയാത്രക്കാരന്, സംഘം മുടി മോഷ്ടിക്കുന്നതായി സംശയമുണ്ടായി. ഉടന്‍ തന്നെ അദ്ദേഹം 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഹൊയ്സാല പട്രോളിംഗ് പോലീസ് സംഭവസ്ഥലത്ത് എത്തി, ഗോഡൗണ്‍ ഷട്ടര്‍ ഭാഗികമായി തുറന്നിരിക്കുന്നതായി അവര്‍ കണ്ടെത്തി. കെട്ടിടത്തിലെ സമീപത്തെ കട ഉടമകളെ പോലീസ് വിവരമറിയിച്ചു, പുലര്‍ച്ചെ 1:50 ആയപ്പോഴേക്കും വെങ്കടസ്വാമിക്ക് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു.
മുടി ബിസിനസിലുള്ളവര്‍ പറഞ്ഞത്, മോഷ്ടിച്ച മുടിക്ക് വിപണിയില്‍ ഒരു കോടി രൂപ വിലവരും എന്നാണ്.
അയല്‍പക്ക കെട്ടിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവി ക്യാമറകളില്‍ അക്രമികളും എസ്യുവിയും പതിഞ്ഞിട്ടുണ്ട്. എന്നാല്‍ ദൃശ്യങ്ങളുടെ ഗുണനിലവാരം മോശമാണെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.