26 Oct 2023 1:08 PM
Summary
- കോടതിവിധി ഞെട്ടിച്ചതായി ഇന്ത്യ
- ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ അറസ്റ്റുചെയ്തത്
ഇന്ത്യയുടെ എട്ട് മുന്‍നാവിക ഉദ്യോഗസ്ഥരെ ഖത്തറിലെ ഒരു കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ചാരപ്രവര്‍ത്തനം ആരോപിച്ചാണ് ഇവരെ ശിക്ഷിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഖത്തര്‍ ജയിലിലായിരുന്നു. സേനാ മെഡലുകള്‍ നേടിയ, ഇന്ത്യന്‍ നേവിയുടെ പ്രമുഖ കപ്പലുകള്‍ നയിച്ചിരുന്ന മുന്‍ ഉന്നത ഉദ്യോഗസ്ഥനും ഇവരിലുണ്ട്.
ഇന്ത്യന്‍ നാവികസേനയുടെ മുന്‍ ഉദ്യോഗസ്ഥരായ ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ഠ്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെയാണ് ഖത്തര്‍ അറസ്റ്റ് ചെയ്തതെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.
2022 ഓഗസ്റ്റ് 30-ന് ദോഹയില്‍ നിന്ന് ഒരു അന്തര്‍വാഹിനി പരിപാടിയില്‍ ചാരപ്പണി നടത്തിയെന്നാരോപിച്ചാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. മാര്‍ച്ചിലാണ് ഇവരുടെ വിചാരണ ആരംഭിച്ചത്. ആരോപണങ്ങളുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് തെളിവുകള്‍ ഉണ്ടെന്നാണ് ഖത്തര്‍ അവകാശപ്പെടുന്നത്.
അല്‍ ദഹ്റ കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. ഖത്തറിലെ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതി വിധി ഞെട്ടിച്ചതായും വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും വിദേശകാര്യവകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.
'കേസിന് രാജ്യം ഉയര്‍ന്ന പ്രാധാന്യം നല്‍കുന്നു, അത് സൂക്ഷ്മമായി പിന്തുടരുന്നു. എല്ലാ കോണ്‍സുലര്‍, നിയമ സഹായങ്ങളും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. വിധി ഖത്തര്‍ അധികൃതരുമായി ചര്‍ച്ച ചെയ്യും, ''മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.