22 Jun 2024 12:27 PM GMT
Summary
- സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും ധനമന്ത്രി ഉറപ്പ് നല്‍കി
- എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ പങ്കെടുക്കുന്നു
- കൗണ്‍സിലിന്റെ മുന്‍ തീരുമാനങ്ങളെ അടിസ്ഥാനമാക്കി ജിഎസ്ടി നിയമങ്ങളിലെ ഭേദഗതികളും ചര്‍ച്ചയില്‍
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ സംസ്ഥാന സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സിലിന്റെ 53-ാമത് യോഗം ആരംഭിച്ചു. സംസ്ഥാനങ്ങള്‍ക്ക് ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും ജിഎസ്ടി നഷ്ടപരിഹാര കുടിശ്ശികയും ധനമന്ത്രി ഉറപ്പ് നല്‍കി.
യോഗത്തില്‍ ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് യുക്തിസഹമാക്കല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് അന്തിമമാക്കുന്നതിനുള്ള മന്ത്രിമാരുടെ സംഘത്തിന്റെ പുരോഗതിയും ചര്‍ച്ച ചെയ്‌തേക്കും. കൗണ്‍സിലിന്റെ മുന്‍ തീരുമാനങ്ങളെ അടിസ്ഥാനമാക്കി ജിഎസ്ടി നിയമങ്ങളിലെ ഭേദഗതികളും ചര്‍ച്ചയില്‍ ചെയ്യും.
മോദി സര്‍ക്കാരിന്റെ പുതിയ ടേമിലെ ആദ്യത്തേ ജിഎസ്ടി കൗണ്‍സില്‍ യോഗമാണിത്. ഓണ്‍ലൈന്‍ ഗെയിമിംഗിലെ നികുതി, മുന്‍കാല നികുതി ആവശ്യങ്ങള്‍ മറികടക്കുന്നതിനുള്ള ഭേദഗതി, റീഇന്‍ഷുറന്‍സിനായി സാധ്യമായ ഇളവ് അവലോകനം എന്നിവ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളില്‍ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ജിഎസ്ടി കൗണ്‍സിലില്‍ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍ പങ്കെടുക്കുന്നുണ്ട്.
എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരുന്നത്. 52-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം 2023 ഒക്ടോബര്‍ 7-നാണ് നടന്നത്. ആ യോഗത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും കാസിനോകള്‍ക്കും കുതിരപ്പന്തയത്തിനും 28 ശതമാനം ജിഎസ്ടി ചുമത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. പിന്നീട് മാര്‍ച്ചില്‍ നടന്ന ജിഎസ്ടി യോഗത്തില്‍, ഓണ്‍ലൈന്‍ ഗെയിമിംഗില്‍ നിന്നുള്ള വരുമാനത്തിന്മേല്‍ ചുമത്തിയ 28 ശതമാനം ജിഎസ്ടിയുടെ അവലോകനം കൗണ്‍സില്‍ മാറ്റിവച്ചിരുന്നു.