25 March 2025 9:39 AM
85 രൂപയുടെ ബിരിയാണി അരി 65 രൂപയ്ക്ക്, റംസാൻ, ഈസ്റ്റർ, വിഷു ഫെയറുകളിൽ 40% വിലക്കുറവ്; വമ്പൻ ഓഫറുകളുമായി സപ്ലൈകോ
MyFin Desk
റംസാൻ, ഈസ്റ്റർ, വിഷു പ്രമാണിച്ച് സപ്ലൈകോയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഫെയറുകളിൽ വിവിധ ഉൽപ്പന്നങ്ങൾക്ക് 40 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്ന് ഭക്ഷ്യ, പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ എല്ലാ ജില്ലകളിലും ആരംഭിക്കുന്ന ഈസ്റ്റർ, വിഷു, റംസാൻ ഫെയറുകളുടെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരം പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പ്രത്യേകം ചന്തകൾ ആരംഭിക്കുന്നുണ്ട്. മറ്റ് ജില്ലകളിൽ സപ്ലൈകോയുടെ പ്രധാന ഔട്ട്‌ലെറ്റുകളിൽ ഫെയറിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് നിലവിലെ ഔട്ട്‌ലെറ്റുകളിൽ വിപണന മേള ക്രമീകരിക്കുന്നത്. മാർച്ച് 30 വരെ റംസാൻ ഫെയറും എപ്രിൽ 10 മുതൽ 19 വരെ വിഷു, ഈസ്റ്റർ ഫെയറും നടക്കും.
മാർക്കറ്റിൽ നിലവിലെ ഉൽപ്പന്നത്തിന്റെ വിലയെ അപേക്ഷിച്ച് 40% വരെ വിലക്കുറവാണ് ഫെയറുകളിലുള്ളത്. 285 രൂപ വരെ മാർക്കറ്റിൽ വിലയുള്ള വെളിച്ചെണ്ണ 235 രൂപക്കാണ് സപ്ലൈകോ നൽകുന്നത്. അതുപോലെ മറ്റ് 13 നിത്യോപയോഗ സാധനങ്ങൾ 35 മുതൽ 40 ശതമാനം വരെ വിലകുറച്ചാണ് നൽകുന്നത്. കൂടാതെ മറ്റ് ഉൽപ്പനങ്ങൾ 15 മുതൽ 45 ശതമാനം വരെ വിലകുറച്ചു കൊടുക്കുന്നതിനുള്ള ക്രമീകരണവും സപ്ലൈകോ നടത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ വിൽപ്പന വരുന്ന വിവിധ തരത്തിലുള്ള ബിരിയാണി അരിക്ക് പൊതുവിപണിയിൽ 85, 120 രൂപ വില വരുമ്പോൾ സപ്ലൈകോ യഥാക്രമം 65, 94 രൂപക്കാണ് ഇതേ അരി നൽകുന്നത്. സവാള, ചെറിയഉള്ളി, വെളുത്തുള്ളി ഇവക്കെല്ലാം വിലക്കുറവുണ്ട്.