image

10 April 2025 11:27 AM

News

കേരളത്തിൽ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ, സഞ്ചിത പ്രവർത്തന ലാഭം 134 കോടി രൂപയായി വർധിച്ചു

MyFin Desk

കേരളത്തിൽ 24 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിൽ, സഞ്ചിത പ്രവർത്തന ലാഭം 134 കോടി രൂപയായി വർധിച്ചു
X

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2024-25 സാമ്പത്തിക വർഷം മികച്ച പ്രകടനം കാഴ്ചവച്ചതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതു മേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18 ൽ നിന്ന് 24 ആയി ഉയർന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത പ്രവർത്തന ലാഭം 134.56 കോടി രൂപയായി വർധിക്കുകയും ചെയ്തു. തൊട്ടു മുൻപുള്ള സാമ്പത്തിക വർഷം രേഖപ്പെടുത്തിയ 76.16 കോടി രൂപയുടെ നഷ്ടം മറികടന്നാണ് ലാഭത്തിലേക്ക് മുന്നേറിയത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം വാർഷിക വിറ്റുവരവിലും വർധനയുണ്ടായി. 4419 കോടിയിൽ നിന്ന് 5119.18 കോടിയായി വിറ്റുവരവ് വർധിച്ചു. 15.82% യാണ് വർധന.

വ്യവസായ വകുപ്പിന് കീഴിലുള്ള 48 പൊതുമേഖലാസ്ഥാപനങ്ങളുടെ പ്രകടനത്തെക്കുറിച്ച് ബോർഡ് ഫോർ പബ്ളിക് സെക്ടർ ട്രാൻസ്ഫർമേഷൻ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സ്വയംഭരണ സ്ഥാപനങ്ങളായ കിൻഫ്രയും കെ.എസ്.ഐ.ഡി.സിയും മികച്ച ലാഭം നേടി. കിൻഫ്ര 88.41 കോടി രൂപയുടെ വരുമാനവും 7.19 കോടി രൂപയുടെ ലാഭവും ഉണ്ടാക്കി. കെ.എസ്.ഐ.ഡി.സി വായ്പ / ഇക്വിറ്റി ഇനങ്ങളിലായി 456.49 കോടി രൂപ വ്യവസായ സ്ഥാപനങ്ങൾക്ക് നൽകി. 61.81 കോടി രൂപയുടെ ലാഭവും നേടി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും അവയെ സ്വയം പര്യാപ്തമാക്കാനും സർക്കാർ നടത്തിയ നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് മികച്ച പ്രകടനത്തിന് ആധാരമെന്ന് മന്ത്രി വ്യക്തമാക്കി.