5 May 2023 6:24 AM
Summary
- ഭാവിയില്‍ കേരളത്തിന് അഞ്ചു വന്ദേഭാരത് ?
- 2022-23ല്‍ നല്‍കിയത് 1,085 കോടി മാത്രം
- വളവുകള്‍ നിവര്‍ത്തുന്നതിന് 'റെയില്‍ ബൈപ്പാസ് ' പദ്ധതി
കേരളത്തിന് ഒരു വന്ദേഭാരത് ട്രെയിന്‍ ലഭിച്ചതോടെ സംസ്ഥാനത്തോടുള്ള റെയില്‍വേയുടെ അവഗണന മാറുകയാണെന്ന് പ്രതീക്ഷ. ഭാവിയില്‍ അഞ്ചു വന്ദേഭാരത് ട്രെയിനുകള്‍ കൂടി കേരളത്തിന് ലഭിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവന്നിട്ടുള്ളത്. അടുത്ത വർഷം പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ ബജറ്റില്‍ കേരളത്തിന് ആശ്വാസകരമായ പല പ്രഖ്യാപനങ്ങളും ഇടം കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിന് റെയില്‍വേ ബജറ്റില്‍ 2,033 കോടി രൂപയുടെ പദ്ധതികളാണ് അനുവദിച്ചത്. ഇതില്‍ അങ്കമാലി-ശബരി റെയില്‍പാതയ്ക്ക് വകയിരുത്തിയ 100 കോടി രൂപയും ഉള്‍പ്പെടും. 116 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി പാതയുടെ സര്‍വേ വേഗം പൂര്‍ത്തിയാക്കാന്‍ കെറെയില്‍ കോര്‍പറേഷനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കഴിഞ്ഞ സാമ്പത്തികവര്‍ഷം 1,085 കോടിയായിരുന്നു അനുവദിച്ചത്. 2021ല്‍ ഇത് 871 കോടി രൂപയായിരുന്നു. എന്നാല്‍ 2009-14 കാലയളവില്‍ 372 കോടി രൂപ മാത്രമാണ് അനുവദിച്ചിരുന്നത്. ആവശ്യമായ ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ സംസ്ഥാനത്തിന്‍റെ ഭാഗത്തുണ്ടാകുന്ന കാലതാമസവും റെയ്ല്‍വേ വികസനത്തെ ബാധിക്കുന്നുണ്ട്. എല്ലായിടത്തും പാത ഇരട്ടിപ്പിക്കല്‍ നടപ്പാക്കാനാണ് ലക്ഷ്യം വെക്കുന്നത്. ഒരു സ്റ്റേഷന്‍ ഒരു ഉല്‍പന്നം പദ്ധതിയിലൂടെ പ്രാദേശിക ഉല്‍പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും റെയില്‍വേക്ക് പദ്ധതിയുണ്ട്. പ്രാദേശിക സമൂഹങ്ങളുടെ വരുമാനം മെച്ചപ്പെടുത്താനാണ് ഇത് ലക്ഷ്യം വെക്കുന്നത്.
പാത ഇരട്ടിപ്പിക്കല്‍
പാത ഇരട്ടിപ്പിക്കലിന് (ബാക്കിയുള്ള പ്രവൃത്തികള്‍ക്ക്) തിരുവനന്തപുരം-കന്യാകുമാരി: 808 കോടി, അമ്പലപ്പുഴ-തുറവൂര്‍: 15 കോടി, തുറവൂര്‍-കുമ്പളം: 52 കോടി, കുമ്പളം-എറണാകുളം: 101 കോടി, കുറുപ്പന്തറ-ചിങ്ങവനം: 20 കോടി, അമ്പലപ്പുഴ-ഹരിപ്പാട്: 3.03 കോടി, ചെങ്ങന്നൂര്‍-ചിങ്ങവനം: ഒരു കോടി എന്നിങ്ങനെയാണ് അനുവദിച്ചത്. മേല്‍പാല നിര്‍മാണത്തിനും തുക അനുവദിച്ചിട്ടുണ്ട്.
ഇതിനു പുറമേ വിവിധ ലെവല്‍ ക്രോസിങ്ങുകള്‍, ആര്‍.ഒ.ബികള്‍, ട്രാക്ക് പുതുക്കല്‍ എന്നിവയ്ക്കും തുക അനുവദിച്ചിട്ടുണ്ട്. കേരളത്തിലടക്കം രാജ്യത്തെ 1000 സ്റ്റേഷനുകളില്‍ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ തുറക്കും. പ്രമുഖ സ്റ്റേഷനുകളില്‍ റൂഫ് പ്ലാസയുമുണ്ടാകും.
ദക്ഷിണേന്ത്യയിലോടുന്ന ട്രെയിനുകളിലെ പഴയ കോച്ചുകള്‍ 34 വര്‍ഷത്തിനകം പുതിയ കോച്ചുകളാക്കും. ഈ വര്‍ഷം 250 കോച്ചുകളും അടുത്ത വര്‍ഷം 320 കോച്ചുകളും മാറ്റുമെന്നും റെയില്‍വേ പറയുന്നു. 5.5 മണിക്കൂറില്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്താവുന്ന തരത്തിലുള്ള ട്രാക്കുകളുടെ നിര്‍മാണം നാലുവര്‍ഷത്തിനകം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. 34 സ്‌റ്റേഷനുകള്‍ ആഗോള നിലവാരത്തിലെത്തിക്കുന്നതിനും റെയില്‍വേക്ക് പദ്ധതിയുണ്ട്.
വന്ദേഭാരത് നല്‍കുന്ന പ്രതീക്ഷ
വന്ദേഭാരത് സര്‍വീസ് പരിഗണിച്ച് ട്രാക്കിലെ വളവുകള്‍ നികത്താനും സിഗ്‌നല്‍ സംവിധാനം മെച്ചപ്പെടുത്താനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ട്രാക്ക് വികസനം പൂര്‍ത്തിയാകുന്നതോടെ 36-48 മാസം കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര അഞ്ചര മണിക്കൂറായി ചുരുങ്ങുമെന്നും 3-4 വര്‍ഷം കൊണ്ട് റെയില്‍വേ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തിലെത്തുമെന്നും റെയില്‍വേ മന്ത്രി പറയുന്നു.
വളവ് നിവര്‍ത്തലും ബലപ്പെടുത്തലും റെയില്‍വേ ഊര്‍ജിതമാക്കുമ്പോള്‍ നിലവിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വേഗം വരും. ഇതോടെ കേരളത്തിലെ മെമു മുതല്‍ രാജധാനി വരെയുള്ള ട്രെയിനുകളുടെ വേഗതയും മെച്ചപ്പെടും. വളവു നികത്തി ട്രാക്കുകള്‍ നേരെയാക്കാന്‍ 351 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്.
വന്ദേഭാരതിനായി ആദ്യഘട്ടത്തില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗവും ഭാവിയില്‍ 130 കിലോമീറ്ററുമാണ് ലക്ഷ്യമിടുന്നത്. ട്രാക്ക് നിവര്‍ത്തലും ബലപ്പെടുത്തലും അടക്കമുള്ള എല്ലാ നിര്‍മാണപ്രവര്‍ത്തനവും പൂര്‍ത്തിയായാലേ 160 കി.മീ വേഗത്തില്‍ ഓടിയെത്താനാകൂ. 35 വര്‍ഷമാണ് വന്ദേഭാരത് ട്രെയിനിന്റെ പ്രവര്‍ത്തന കാലാവധി.
ട്രെയിനുകളുടെ വേഗം കൂടും
കേരളത്തിലെ ട്രെയിനുകളുടെ വേഗം പൊതുവില്‍ കൂട്ടാനുള്ള നടപടികളും റെയില്‍വേ ആരംഭിച്ചിട്ടുണ്ട്. വളവുകള്‍ നിവര്‍ത്തുന്നതിനൊപ്പം കള്‍വര്‍ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാവും.
അടുത്ത 60 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. വേഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം 2025 മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കും. ആദ്യഘട്ടത്തിലെ വേഗവര്‍ധന നടപ്പായാല്‍ സ്റ്റോപ്പുകളുടെ എണ്ണം കുറവായ ട്രെയിനുകള്‍ക്ക് തിരുവനന്തപുരത്തു നിന്ന് എറണാകുളം വരെ രണ്ടരമണിക്കൂറിനുള്ളില്‍ എത്താനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..
ഇനി വരുന്ന പാതകളെല്ലാം പരമാവധി വേഗത്തില്‍ ട്രെയിനുകള്‍ക്ക് കടന്നുപോകാവുന്ന രീതിയിലാകും നിര്‍മിക്കുക. വന്ദേഭാരത് എക്‌സ്പ്രസേ മാത്രമല്ല, ഭാവിയില്‍ വരാനിരിക്കുന്ന ഹൈസ്പീഡ് ട്രെയിനുകള്‍ കൂടി ലക്ഷ്യമിട്ടാണ് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്
'റെയില്‍ ബൈപ്പാസ്' പദ്ധതി
തിരുവനന്തപുരം-കാസര്‍കോട് പാതയില്‍ 626 വളവുകളും 230 ലെവല്‍ക്രോസുകളും 138 ഇടത്ത് വേഗനിയന്ത്രണവുമുണ്ട്. പാതയുടെ 36 ശതമാനവും വളവുകളാണ്. കേരളത്തിലെ റെയില്‍വേ ലൈനുകളിലെ വളവുകള്‍ നിവര്‍ത്തുന്ന 'റെയില്‍ ബൈപ്പാസ് ' പദ്ധതി റെയില്‍വേ നടപ്പാക്കും. നിലവിലെ റെയില്‍പാതയിലെ വളവുകള്‍ നിവര്‍ത്തിയെടുക്കാനുള്ള പദ്ധതിയാണ് റെയില്‍ ബൈപാസ്. ട്രാക്ക് പുതുക്കല്‍, വളവുകള്‍ നിവര്‍ത്തല്‍, സിഗ്‌നല്‍ സംവിധാനങ്ങളുടെ നവീകരണം എന്നിവയിലൂടെയാണ് വേഗം കൂട്ടുന്നത്.
ഓഗസ്റ്റിനകം 75 സര്‍വീസ്
ഓഗസ്റ്റിനകം 75 പുതിയ ട്രെയിനുകള്‍ ഓടിക്കാനാണ് ശ്രമം നടക്കുന്നത്. ചെന്നൈയിലും കപൂര്‍ത്തലയിലും റായ്ബറേലിയിലുമുള്ള കോച്ച് ഫാക്ടറികളില്‍ 44 ട്രെയിനുകള്‍ നിര്‍മാണത്തിലാണ്. 130 കോടിയാണ് ഒരു ട്രെയിനിന്റെ നിര്‍മാണച്ചെലവ്. വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകളുടെ നിര്‍മാണം ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ തുടങ്ങിയിട്ടുണ്ട്. 200 ട്രെയിനുകളുടെ നിര്‍മാണത്തിനും 35 വര്‍ഷത്തെ പരിപാലനത്തിനും 58,000 കോടിയുടെ കരാറാണ് നല്‍കിയിട്ടുള്ളത്. 2024ല്‍ വന്ദേഭാരത് സ്ലീപ്പര്‍ സര്‍വീസ് ആരംഭിക്കുകയാണ് ലക്ഷ്യം. ഇതുവരെ 102 വന്ദേഭാരത് ട്രെയിനുകളുടെ നിര്‍മാണത്തിനാണ് റെയില്‍വേ കരാര്‍ നല്‍കിയത്. ഇവയെല്ലാം ചെയര്‍ കാറാണ്.