21 Oct 2022 3:44 AM GMT
അജിത് ഐസക്, ജോര്‍ജ് മുത്തൂറ്റ്, കൊച്ചൗസേപ്പ്, ജോയ് ആലൂക്കാസ്, ശതകോടികൾ ദാനം ചെയ്ത മലയാളികൾ
MyFin Desk
Summary
പരസ്പര സ്നേഹവും ഐക്യവും സഹാനുഭൂതിയുമുള്ള ഒരു സമൂഹത്തിന് ഏതൊരു പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാന്‍ സാധിക്കും. അങ്ങനെ നോക്കിയാല്‍ സുമനസ്സുകളാല്‍ സമൃദ്ധമാണ് ഇന്ത്യ. ഇതിന് അടിവരയിടുന്നതാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പടെയുള്ള മലയാളികള്‍ ഇടം നേടിയ എഡെല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്‍ട്രോപി ലിസ്റ്റ് 2022. എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. പട്ടിക പ്രകാരം 1161 കോടി രൂപയുടെ സാമ്പത്തിക സഹായങ്ങളാണ് അദ്ദേഹം 2021ല്‍ ചെയ്തത്. 484 കോടി രൂപയുടെ സഹായം നല്‍കി വിപ്രോ തലവന്‍ […]
പരസ്പര സ്നേഹവും ഐക്യവും സഹാനുഭൂതിയുമുള്ള ഒരു സമൂഹത്തിന് ഏതൊരു പ്രതിസന്ധി ഘട്ടത്തേയും തരണം ചെയ്യാന്‍ സാധിക്കും. അങ്ങനെ നോക്കിയാല്‍ സുമനസ്സുകളാല്‍ സമൃദ്ധമാണ് ഇന്ത്യ. ഇതിന് അടിവരയിടുന്നതാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉള്‍പ്പടെയുള്ള മലയാളികള്‍ ഇടം നേടിയ എഡെല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ഫിലാന്‍ട്രോപി ലിസ്റ്റ് 2022. എച്ച്സിഎല്‍ സ്ഥാപകന്‍ ശിവ് നാടാരാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
പട്ടിക പ്രകാരം 1161 കോടി രൂപയുടെ സാമ്പത്തിക സഹായങ്ങളാണ് അദ്ദേഹം 2021ല്‍ ചെയ്തത്. 484 കോടി രൂപയുടെ സഹായം നല്‍കി വിപ്രോ തലവന്‍ അസിം പ്രേംജിയാണ് രണ്ടാം സ്ഥാനത്ത്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയും ആദിത്യ ബിര്‍ള ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ഇരുവരും യഥാക്രമം 411 കോടി രൂപ, 242 കോടി രൂപ എന്നിങ്ങനെയാണ് സാമ്പത്തിക സഹായങ്ങള്‍ക്കായി ചെലവഴിച്ചത്.
പട്ടികയിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായാണ് ഭൂരിഭാഗം സംഭാവനയും നല്‍കിയത്. നാലാം സ്ഥാനത്തുള്ള കുമാര്‍ മംഗളം ബിര്‍ള ആരോഗ്യ സംരക്ഷണം ഊര്‍ജ്ജിതമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഭാവന നല്‍കിയത്. 190 കോടി രൂപയുടെ സഹായം നല്‍കി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് അദാനി സംഭാവന നല്‍കിയത്. 159 കോടി രൂപയുടെ സാമ്പത്തിക സഹായങ്ങള്‍ നല്‍കി ഇന്‍ഫോസിസ് നോണ്‍ എക്സിക്യുട്ടീവ് ചെയര്‍മാന്‍ നന്ദന്‍ നിലേകനി ഒന്‍പതാം സ്ഥാനത്താണ്. സമൂഹത്തിന് വളര്‍ച്ച നല്‍കുന്ന മേഖലകളിലേക്കാണ് അദ്ദേഹം സഹായം നല്‍കിയത്.
സഹായ ഹസ്തവുമായി മലയാളികളും
പട്ടിക പ്രകാരം ഏറ്റവുമധികം സാമ്പത്തിക സഹായം നടത്തിയ മലയാളി ക്വസ് കോര്‍പ്പ് സ്ഥാപകനായ അജിത്ത് ഐസക്കാണ്. 115 കോടി രൂപയാണ് കഴിഞ്ഞ വര്‍ഷം അദ്ദേഹം സംഭാവനയായി നല്‍കിയത്. ആരോഗ്യ സംരക്ഷണത്തിനായിട്ടാണ് അദ്ദേഹം നല്ലൊരു ഭാഗം സംഭാവനയും നല്‍കിയത്. പട്ടികയില്‍ പന്ത്രണ്ടാം സ്ഥാനത്താണ് അദ്ദേഹം.
ഇന്‍ഫോസിസ് സഹസ്ഥാപകനായ എസ് ഗോപാലകൃഷ്ണനും കുടുംബവും 90 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് ഇക്കാലയളവില്‍ നടത്തിയത്. ജോര്‍ജ്ജ് ജേക്കബ് മുത്തൂറ്റും കുടുംബവും 60 കോടി രൂപയുടെ സഹായങ്ങള്‍ നല്‍കി. വി ഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും കുടുംബവും 40 കോടി രൂപയുടെ സംഭാവനയാണ് നല്‍കിയത്. ജോയ് ആലുക്കാസും കുടുംബവും 10 കോടി രൂപയുടെ സാമ്പത്തിക സഹായങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.