29 July 2022 6:56 AM
Summary
ഡെല്‍ഹി: ഒന്നാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 15 ശതമാനം വര്‍ധിച്ച് 3,977.77 കോടി രൂപയിലെത്തി. 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 3,443.72 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 30,390.60 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 43,560.72 കോടി രൂപയായി ഉയര്‍ന്നു. ഇതാണ് കമ്പനിയ്ക്ക് നേട്ടമായത്. മുന്‍വര്‍ഷത്തെ 26,691.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് വര്‍ഷം ഒന്നാം […]
ഡെല്‍ഹി: ഒന്നാം പാദത്തില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 15 ശതമാനം വര്‍ധിച്ച് 3,977.77 കോടി രൂപയിലെത്തി. 2021 ജൂണ്‍ 30 ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ കണ്‍സോളിഡ്റ്റഡ് അറ്റാദായം 3,443.72 കോടി രൂപയായിരുന്നു. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിലെ 30,390.60 കോടി രൂപയില്‍ നിന്ന് ഇക്കഴിഞ്ഞ ഒന്നാം പാദത്തില്‍ 43,560.72 കോടി രൂപയായി ഉയര്‍ന്നു. ഇതാണ് കമ്പനിയ്ക്ക് നേട്ടമായത്.
മുന്‍വര്‍ഷത്തെ 26,691.49 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് വര്‍ഷം ഒന്നാം പാദത്തില്‍ കമ്പനിയുടെ ചെലവ് 38,399.33 കോടി രൂപയായി ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ എന്‍ടിപിസിയുടെ മൊത്ത വൈദ്യുതി ഉല്‍പ്പാദനം 86.88 ബില്യണ്‍ യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 71.74 ബില്യണ്‍ യൂണിറ്റായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. അവലോകന പാദത്തില്‍ പ്ലാന്റുകള്‍ക്കുള്ള ആഭ്യന്തര കല്‍ക്കരി വിതരണം 51.24 ദശലക്ഷം ടണ്ണാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 45.81 ദശലക്ഷം ടണ്ണായിരുന്നു.
കല്‍ക്കരി ഉല്‍പ്പാദനത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 2.46 ദശലക്ഷം ടണ്ണായിരുന്നു ഉത്പാദനമെങ്കില്‍ ഇക്കഴിഞ്ഞ ജൂണ്‍ പാദത്തില്‍ ഇത് 4.10 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. കല്‍ക്കരി ഇറക്കുമതി ജൂണില്‍ അവസാനിച്ച മൂന്ന് മാസങ്ങളില്‍ 0.47 ദശലക്ഷം ടണ്ണില്‍ നിന്ന് 4.33 ദശലക്ഷം ടണ്ണായി ഉയര്‍ന്നിട്ടുണ്ട്. കമ്പനിയുടെ ശരാശരി പവര്‍ താരിഫ് 2022 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ യൂണിറ്റിന് 4.57 രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് യൂണിറ്റിന് 3.73 രൂപയായിരുന്നു. സംയുക്ത സംരംഭങ്ങള്‍ ഉള്‍പ്പെടെ 69,134.20 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ പവര്‍ യൂട്ടിലിറ്റിയാണ് എന്‍ടിപിസി.