image

12 July 2022 12:46 AM

Corporates

ബോസിന്റെ 'മുട്ടുന്യായം' ഇനിയേല്‍ക്കില്ല: വര്‍ക്ക് ഫ്രം ഹോം അവകാശമാക്കാന്‍ നെതര്‍ലാന്‍ഡ്‌സ്

MyFin Desk

ബോസിന്റെ മുട്ടുന്യായം ഇനിയേല്‍ക്കില്ല: വര്‍ക്ക് ഫ്രം ഹോം അവകാശമാക്കാന്‍ നെതര്‍ലാന്‍ഡ്‌സ്
X

Summary

കോവിഡ് വ്യാപനം ഏറ്റവും കൂടി നിന്നിരുന്ന 2020ല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ജോലി പോകാതിരുന്നവര്‍ക്ക് ശരണമായത് വര്‍ക്ക് ഫ്രം ഹോം രീതിയും. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും മാറാന്‍ മിക്ക ജീവനക്കാര്‍ക്കും 'മടി'യായിരുന്നു. ആഗോള തലത്തിൽ ഇതുതന്നെയായിരുന്നു സ്ഥിതി. ജീവനക്കാരെ ഓഫീസിലേക്ക് തിരികെയെത്തിക്കാന്‍ കമ്പനികള്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമിറക്കി. മാത്രമല്ല, വീടും  ഓഫീസും ഉൾപ്പെടുന്ന ഹൈബ്രിഡ് തൊഴില്‍ രീതിയുടെ സാധ്യതയ്ക്ക് വിലക്ക് വരും വിധമുള്ള സര്‍ക്കുലറുകളും കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കി. എന്നാല്‍, […]


കോവിഡ് വ്യാപനം ഏറ്റവും കൂടി നിന്നിരുന്ന 2020ല്‍ ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്. ജോലി പോകാതിരുന്നവര്‍ക്ക് ശരണമായത് വര്‍ക്ക് ഫ്രം ഹോം രീതിയും. എന്നാല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയെങ്കിലും വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും മാറാന്‍ മിക്ക ജീവനക്കാര്‍ക്കും 'മടി'യായിരുന്നു. ആഗോള തലത്തിൽ ഇതുതന്നെയായിരുന്നു സ്ഥിതി. ജീവനക്കാരെ ഓഫീസിലേക്ക് തിരികെയെത്തിക്കാന്‍ കമ്പനികള്‍ കര്‍ശന നിര്‍ദ്ദേശങ്ങളുമിറക്കി.

മാത്രമല്ല, വീടും ഓഫീസും ഉൾപ്പെടുന്ന ഹൈബ്രിഡ് തൊഴില്‍ രീതിയുടെ സാധ്യതയ്ക്ക് വിലക്ക് വരും വിധമുള്ള സര്‍ക്കുലറുകളും കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കി. എന്നാല്‍, വേണ്ട സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്ന് ജീവനക്കാരുടെ ഭാഗത്ത് നിന്നും ആവശ്യമുയരുമ്പോഴാണ് ഇതിനായി പ്രത്യേക നിയമനിര്‍മ്മാണം നടത്താനുള്ള നെതര്‍ലാന്‍ഡ്‌സിന്റെ ചുവടുവെപ്പിനെ ആഗോള തൊഴില്‍ മേഖല ഉറ്റുനോക്കുന്നത്.

വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന ഒരു തൊഴിലാളിയുടെ അവകാശത്തെ പൂര്‍ണമായും സംരക്ഷിക്കുന്ന ചട്ടത്തിന് ഡച്ച് പാര്‍ലമെന്റിന്റെ ലോവര്‍ ഹൗസ് അനുമതി നല്‍കിയിരുന്നു. ഇനി സെനറ്റിന്റെ അംഗീകാരം കൂടി ലഭിക്കണം. ചട്ടപ്രകാരം ഒരു ജീവനക്കാരന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടുകയും അയാളുടെ തൊഴില്‍ മേഖല അതിനനുസൃതവുമായ ഒന്നുമാണെങ്കില്‍ 'ബോസ്' അനുമതി നല്‍കണം. ഇതിന് യാതൊരുവിധ തടസമുണ്ടാകാന്‍ പാടില്ലെന്നും ചട്ടത്തിലുണ്ട്.

2015ലെ നെതര്‍ലന്‍ഡിന്റെ ഫ്‌ലെക്‌സിബിള്‍ വര്‍ക്കിംഗ് ആക്ടിന്റെ ഭേദഗതിയാണ് പുതിയ നിയമം. ഇത് ജീവനക്കാര്‍ക്ക് അവരുടെ ജോലി സമയം, ഷെഡ്യൂള്‍, ജോലിസ്ഥലം എന്നിവയില്‍ പോലും മാറ്റങ്ങള്‍ അഭ്യര്‍ത്ഥിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇതിനകം തന്നെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുന്ന രാജ്യം കൂടിയാണ് നെതര്‍ലാന്‍ഡ്സ്. ആഗോള കമ്പനികള്‍ ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാന്‍ കഷ്ടപ്പെടുന്ന സമയത്താണ് പുതിയ നിയമനിര്‍മ്മാണം.

ചട്ടം പ്രാബല്യത്തില്‍ വന്നാല്‍ വര്‍ക്ക് ഫ്രം ഹോം സംബന്ധിച്ചുള്ള നിയമം നടപ്പാക്കുന്ന ആദ്യ രാജ്യം കൂടിയാകും നെതര്‍ലാന്‍ഡ്‌സ്. നിലവിലെ രീതി കണക്കാക്കിയാല്‍ നെതര്‍ലാന്‍ഡ്‌സില്‍ വര്‍ക്ക് ഫ്രം ഹോമിന് അപേക്ഷ നല്‍കിയാലും തൊഴില്‍ ദാതാക്കളുടെ തീരുമാനമാണ് നടപ്പാകുക. മിക്കവര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നതിനുള്ള അനുമതി ലഭിക്കാറില്ലെന്നും പരാതിയുയരുന്നുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം വര്‍ക്ക് ഫ്രം ഹോം അപേക്ഷ തള്ളിയാല്‍ അതിനുള്ള കാരണവും തൊഴില്‍ദാതാക്കള്‍ വിശദീകരിക്കണം.

കോവിഡ് വ്യാപനത്തിന് രണ്ട് വര്‍ഷം മുന്‍പേ തന്നെ നെതര്‍ലാന്‍ഡ്‌സിലെ 14 ശതമാനം ജീവനക്കാരും വര്‍ക്ക് ഫ്രം ഹോം രീതിയിലാണ് ജോലി ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആഗോളതലത്തില്‍ നോക്കിയാല്‍ ടെസ്ല ഉള്‍പ്പടെയുള്ള കോര്‍പ്പറേറ്റുകള്‍ ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോമില്‍ നിന്നും തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.