12 July 2022 1:06 AM GMT
Summary
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.76ലേക്ക് എത്തി. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ഇന്റര്‍ബാങ്ക് ഫോറക്സ് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.61 എന്ന നിലയിലായിരുന്നു രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ താഴ്ന്ന് 79.48ല്‍ എത്തി. വെള്ളിയാഴ്ച്ച രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 79.23ലാണ് വ്യാപാരം അവസാനിച്ചത്. ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ […]
ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 79.76ലേക്ക് എത്തി. ഇതുവരെയുള്ളതിലെ റെക്കോര്‍ഡ് തകര്‍ച്ചയാണ് രൂപയുടെ മൂല്യത്തിലുണ്ടായിരിക്കുന്നത്. ഇന്റര്‍ബാങ്ക് ഫോറക്സ് എക്സ്ചേഞ്ചില്‍ വ്യാപാരം ആരംഭിച്ചപ്പോള്‍ 79.61 എന്ന നിലയിലായിരുന്നു രൂപ. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ താഴ്ന്ന് 79.48ല്‍ എത്തി. വെള്ളിയാഴ്ച്ച രൂപയുടെ മൂല്യം 10 പൈസ ഇടിഞ്ഞ് 79.23ലാണ് വ്യാപാരം അവസാനിച്ചത്.
ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്പെടുന്നതും വിദേശ നിക്ഷേപം പിന്‍വലിക്കപ്പെടുന്നതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ വലിയ തോതില്‍ രാജ്യത്ത് നിന്നുള്ള നിക്ഷേപം പിന്‍വലിക്കുന്നുണ്ട്. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തില്‍ വന്‍ കുറവുണ്ടാക്കിയെന്ന് ഏതാനും ദിവസം മുന്‍പ് ആര്‍ബിഐ റിപ്പോര്‍ട്ട് വന്നിരുന്നു. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ചയില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ കുറവാണ് വിദേശ നാണ്യ ശേഖരത്തിലുണ്ടായത്.
തൊട്ടു മുമ്പത്തെ ആഴ്ചയില്‍ വിദേശ നാണ്യ ശേഖരം 2.734 ബില്യണ്‍ വര്‍ധിച്ചിരുന്നു. തുടര്‍ച്ചയായ മൂന്ന് ആഴ്ച ഇടിഞ്ഞ ശേഷമായിരുന്നു ഈ വര്‍ധന. ജൂലൈ ഒന്നിന് അവസാനിച്ച ആഴ്ച്ചയില്‍ 588.314 ബില്യണ്‍ ആണ് വിദേശനാണ്യ ശേഖരം. അതിന് മുന്‍പുള്ള ആഴ്ച്ച ഇത് 593.323 ബില്യണ്‍ ആയിരുന്നു. വിദേശനാണ്യ ശേഖരത്തില്‍ നല്ലൊരു പങ്കും കറന്‍സി ആസ്തിയാണ്. ഇതിന്റെ അളവില്‍ 4.47 ബില്യണ്‍ കുറവാണ് ഉണ്ടായത്.
സ്വര്‍ണ ആസ്തി 504 മില്യണ്‍ കുറഞ്ഞുവെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്നത് പണപ്പെരുപ്പം ഉയര്‍ത്തും. രാജ്യത്തിന്റെ ഇറക്കുമതിച്ചെലവും വ്യാപാരക്കമ്മിയും ഗണ്യമായി വര്‍ധിക്കും. ജൂണിലെ കണക്കുപ്രകാരം ഏകദേശം 2.04 ലക്ഷം കോടി രൂപ രാജ്യത്തിന്റെ വ്യാപാരക്കമ്മി. ഇത് തുടര്‍ന്നാല്‍ രൂപയുടെ മൂല്യം 82ലേക്ക് ഇടിഞ്ഞേക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.