5 July 2022 8:03 AM GMT
വിന്‍ഡ്‌ഫോള്‍ ടാക്‌സ്, കേന്ദ്ര സര്‍ക്കാരിലേക്ക് 94,800 കോടി എത്തിയേക്കും: മൂഡീസ്
MyFin Desk
Summary
ഇന്ത്യന്‍ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത നികുതി (വിന്‍ഡ്‌ഫോള്‍ ടാക്‌സ്) ഏര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിലേക്ക് ഇതുവഴി 94,800 കോടി രൂപയുടെ (12 ബില്യണ്‍ യുഎസ് ഡോളര്‍) വരുമാനം ലഭിക്കുമെന്ന് മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പ്രാദേശിക ക്രൂഡ് നിര്‍മ്മാതാക്കള്‍ ഇനി ഓരോ ടണ്‍ ക്രൂഡ് ഓയിലിനും 23,250 രൂപ അധിക നികുതി അടയ്ക്കണമെന്ന ഉത്തരവ് വന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുറത്ത് വന്നതോടെ ഓയില്‍ റിഫൈനിങ് ആന്റ് മാര്‍ക്കറ്റിങ് […]
ഇന്ത്യന്‍ എണ്ണ ഉത്പാദക കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ അപ്രതീക്ഷിത നികുതി (വിന്‍ഡ്‌ഫോള്‍ ടാക്‌സ്) ഏര്‍പ്പെടുത്തിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിലേക്ക് ഇതുവഴി 94,800 കോടി രൂപയുടെ (12 ബില്യണ്‍ യുഎസ് ഡോളര്‍) വരുമാനം ലഭിക്കുമെന്ന് മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് പ്രാദേശിക ക്രൂഡ് നിര്‍മ്മാതാക്കള്‍ ഇനി ഓരോ ടണ്‍ ക്രൂഡ് ഓയിലിനും 23,250 രൂപ അധിക നികുതി അടയ്ക്കണമെന്ന ഉത്തരവ് വന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം പുറത്ത് വന്നതോടെ ഓയില്‍ റിഫൈനിങ് ആന്റ് മാര്‍ക്കറ്റിങ് കമ്പനികളുടെ ഓഹരികളില്‍ ഇടിവുണ്ടായി. കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവ് സംഭവിക്കുമെന്ന് വ്യക്തമായതോടെ നിക്ഷേപകര്‍ ആശങ്കയിലാണെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ആഗോള മാര്‍ക്കറ്റില്‍ ക്രൂഡ് വില വര്‍ധിച്ചതോടെ പ്രാദേശിക എണ്ണക്കമ്പനികള്‍ കൊള്ള ലാഭം നേടുകയാണ്. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ അപ്രതീക്ഷിത നികുതി ഈടാക്കിയത്.
വിന്‍ഡ്ഫാള്‍ ടാക്‌സ് എന്നാല്‍…
ആഗോള-ആഭ്യന്തര സാഹചര്യങ്ങളുടെ ആനുകൂല്യത്തില്‍ കമ്പനികള്‍ക്ക് ലഭിക്കുന്ന അപ്രതീക്ഷിത നേട്ടത്തിന് ഈടാക്കുന്ന നികുതിയാണ് വിന്‍ഡ്‌ഫോള്‍ ടാക്‌സ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൂഡ് വില വന്‍ തോതില്‍ ഉയരുകയാണ്. വലിയ തുക നികുതി അടയ്‌ക്കേണ്ടി വന്നാല്‍ അത് കമ്പനികളുടെ വരുമാനത്തെ ബാധിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 40 ഡോളറിലെത്തിയാല്‍ മാത്രമേ വിന്‍ഡ്ഫാള്‍ ടാക്‌സ് ഒഴിവാക്കുകയുള്ളൂവെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് കഴിഞ്ഞ ദിവസം വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഓയില്‍ ഇന്ത്യയ്ക്കും, ഒഎന്‍ജിസിക്കും വലിയ നഷ്ടമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് അനലിസ്റ്റുകളായ മോര്‍ഗന്‍ സ്റ്റാന്‍ലി ഗവേഷര്‍ ചൂണ്ടിക്കാട്ടുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇരുകമ്പനികളുടേയും വരുമാനത്തില്‍ ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക തലത്തില്‍ ഇന്ധനവിലയില്‍ വിലയില്‍ ഇത് കൊണ്ട് വര്‍ധനവുണ്ടാവില്ലെന്നും ധനകാര്യ മന്ത്രാലയം ഉറപ്പ് നല്‍കിയിട്ടുണ്ട്. 2021-22 സാമ്പത്തികവര്‍ഷം 29.7 മില്യണ്‍ ടണ്‍ എണ്ണ ഉത്പാദനമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്.
ഈ കണക്ക് പരിഗണിച്ചാണ് സര്‍ക്കാരിന് ലഭിക്കുന്ന തുക കണക്കാക്കിയത്. ക്രൂഡ് ഓയിലിനുള്ള വിന്‍ഡ്‌ഫോള്‍ ടാക്‌സിന് പുറമെ ഡീസല്‍-പെട്രോള്‍ കയറ്റുമതിക്കും സര്‍ക്കാര്‍ സെസ്സ് പ്രഖ്യാപിച്ചിട്ടുണ്ട്. പെട്രോളിന് ലിറ്ററിന് 6 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയുമാണ് സെസ് ഇനത്തില്‍ കമ്പനികള്‍ സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. വിമാന-ജെറ്റ് ഇന്ധനങ്ങളുടെ കയറ്റുമതി തീരുവയും ലിറ്ററിന് ഒരു രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്.
ആഭ്യന്തര ഇന്ധന ലഭ്യത വര്‍ധിപ്പിക്കുകയാണ് നികുതി വര്‍ധിപ്പിച്ചതിന്റെ പ്രധാന ലക്ഷ്യമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ ക്രൂഡ് ഓയില്‍ വില 50 ശതമാനത്തിലധികം വര്‍ധിച്ചത് കൊണ്ട് ബ്രിട്ടീഷ് സര്‍ക്കാര്‍ ഓയില്‍, വാതക കമ്പനികള്‍ക്ക് 25 ശതമാനം വിന്‍ഡ്ഫാള്‍ ടാക്‌സാണ് പ്രഖ്യാപിച്ചത്.