1 July 2022 12:42 PM IST
Summary
ഡെല്‍ഹി: ഇന്ത്യയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിനും 1.75 ബില്യണ്‍ ഡോളറിന്റെ (13,834.54 കോടി രൂപ) വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നല്‍കി. മൊത്തം വായ്പയില്‍, ഒരു ബില്യണ്‍ ഡോളര്‍ ആരോഗ്യ മേഖലയിലേക്കുള്ളതാണ്. ബാക്കി 750 മില്യണ്‍ ഡോളര്‍ സ്വകാര്യ മേഖല നിക്ഷേപത്തിലൂടെ ധനസഹായ വിടവുകള്‍ നികത്തുന്നതിനുള്ള വികസന നയ വായ്പ (ഡിപിഎല്‍) രൂപത്തിലായിരിക്കും. ഇന്ത്യയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 500 മില്യണ്‍ ഡോളര്‍ വീതമുള്ള രണ്ട് കോംപ്ലിമെന്ററി വായ്പകള്‍ക്ക് […]
ഡെല്‍ഹി: ഇന്ത്യയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിക്കും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനുള്ള സ്വകാര്യ നിക്ഷേപത്തിനും 1.75 ബില്യണ്‍ ഡോളറിന്റെ (13,834.54 കോടി രൂപ) വായ്പയ്ക്ക് ലോക ബാങ്ക് അംഗീകാരം നല്‍കി. മൊത്തം വായ്പയില്‍, ഒരു ബില്യണ്‍ ഡോളര്‍ ആരോഗ്യ മേഖലയിലേക്കുള്ളതാണ്. ബാക്കി 750 മില്യണ്‍ ഡോളര്‍ സ്വകാര്യ മേഖല നിക്ഷേപത്തിലൂടെ ധനസഹായ വിടവുകള്‍ നികത്തുന്നതിനുള്ള വികസന നയ വായ്പ (ഡിപിഎല്‍) രൂപത്തിലായിരിക്കും.
ഇന്ത്യയുടെ ആരോഗ്യമേഖലയെ പിന്തുണയ്ക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി 500 മില്യണ്‍ ഡോളര്‍ വീതമുള്ള രണ്ട് കോംപ്ലിമെന്ററി വായ്പകള്‍ക്ക് ലോകബാങ്ക് ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ അംഗീകാരം നല്‍കി.
ഒരു ബില്യണ്‍ ഡോളറിന്റെ ഈ സംയുക്ത ധനസഹായത്തിലൂടെ, 2021 ഒക്ടോബറില്‍ ആരംഭിച്ച ഇന്ത്യയുടെ പ്രധാന മന്ത്രി-ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷനെ (പിഎം-എബിഎച്ച്ഐഎം) ലോകബാങ്ക് പിന്തുണയ്ക്കുന്നുണ്ടെന്ന് ലോകബാങ്ക് വ്യക്തമാക്കി.
രാജ്യത്തുടനീളമുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ് ഫണ്ട് ഉപയോഗിക്കുന്നത്. ദേശീയ തലത്തിലുള്ള ഇടപെടലുകള്‍ക്ക് പുറമേ, വായ്പകളിലൊന്ന് ആന്ധ്രാപ്രദേശ്, കേരളം, മേഘാലയ, ഒഡീഷ, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രദേശ് എന്നീ ഏഴ് സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മള്‍ട്ടി-ലാറ്ററല്‍ ഫണ്ടിംഗ് ഏജന്‍സി അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍, ചെറുകിട ബിസിനസ്സുകള്‍, ഗ്രീന്‍ ഫിനാന്‍സ് വിപണികള്‍ എന്നിവയിലെ സ്വകാര്യമേഖലയിലെ നിക്ഷേപം പ്രയോജനപ്പെടുത്തി ധനസഹായ വിടവുകള്‍ പരിഹരിക്കുന്നതിന് നിര്‍ണായകമായ പരിഷ്‌കാരങ്ങളെ പിന്തുണയ്ക്കുന്നതിനായി ബോര്‍ഡ് കേന്ദ്ര സര്‍ക്കാരിന് ഡിപിഎല്‍ അംഗീകാരം നല്‍കി.
ആരോഗ്യമേഖലയില്‍ ഇന്ത്യയുടെ പ്രകടനം കാലക്രമേണ മെച്ചപ്പെട്ടതായി ലോകബാങ്ക് പറഞ്ഞു. 1990 ലെ 58 ല്‍ നിന്ന് 2020 ല്‍ ഇന്ത്യയുടെ ആയുര്‍ദൈര്‍ഘ്യം 69.8 ആയി ഉയര്‍ന്നു. രാജ്യത്തിന്റെ വരുമാന നിലവാരത്തേക്കാള്‍ കൂടുതലാണിത്.