image

24 Jun 2022 6:00 AM GMT

Forex

രൂപയുടെ മൂല്യം: സ്ഥിരത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍

MyFin Desk

രൂപയുടെ മൂല്യം: സ്ഥിരത ഉറപ്പാക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍
X

Summary

ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ രൂപയുടെ സ്ഥിരത ഉറപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ഡി പത്ര. പിഎച്ച്ഡി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പിഎച്ച്ഡിസിസിഐ) ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ജിയോ പൊളിറ്റിക്കല്‍ സ്പില്‍ ഓവേഴ്‌സ് ആന്‍ഡ് ഇന്ത്യന്‍ ഇക്കണോമി' എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം. 'ഞങ്ങള്‍ രൂപയുടെ സ്ഥിരതയ്ക്കായി നിലകൊള്ളും, ഞാന്‍ സംസാരിക്കുമ്പോഴും ഞങ്ങള്‍ അതിന് തുടര്‍ച്ചയായി പരിശ്രമിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ക്രമരഹിതമായ ചലനങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല. രൂപയുടെ […]


ഡെല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ രൂപയുടെ സ്ഥിരത ഉറപ്പാക്കുമെന്ന് റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കല്‍ ഡി പത്ര. പിഎച്ച്ഡി ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (പിഎച്ച്ഡിസിസിഐ) ഡെല്‍ഹിയില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 'ജിയോ പൊളിറ്റിക്കല്‍ സ്പില്‍ ഓവേഴ്‌സ് ആന്‍ഡ് ഇന്ത്യന്‍ ഇക്കണോമി' എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം.
'ഞങ്ങള്‍ രൂപയുടെ സ്ഥിരതയ്ക്കായി നിലകൊള്ളും, ഞാന്‍ സംസാരിക്കുമ്പോഴും ഞങ്ങള്‍ അതിന് തുടര്‍ച്ചയായി പരിശ്രമിക്കുന്നുണ്ട്. മാര്‍ക്കറ്റില്‍ ക്രമരഹിതമായ ചലനങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല. രൂപയുടെ മേല്‍ ഞെരുക്കമുള്ള ചലനങ്ങള്‍ ഞങ്ങള്‍ അനുവദിക്കില്ല. ഒപ്പം അസ്ഥിരതയ്ക്കെതിരെ രൂപയെ പ്രതിരോധിക്കുന്ന വിപണിയിലാണ് ഞങ്ങള്‍ എന്ന് പരക്കെ അറിയിക്കുകയും ചെയ്യും,' ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു. രൂപയുടെ മൂല്യം ക്രമാതീതമായി ഇടിയാതിരുന്നത് ഇന്ത്യയുടെ പക്കല്‍ 600 ബില്യണ്‍ യുഎസ് ഡോളിന്റെ വിദേശ നാണ്യ ശേഖരം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിയുകയായിരുന്നു. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 78.33ല്‍ ആയിരുന്നു. ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും ഇത് 78.31ല്‍ എത്തി. കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ രൂപയുടെ മൂല്യം 78.32ല്‍ എത്തിയിരുന്നു. ആഗോളതലത്തില്‍ ഡോളര്‍ ശക്തമായതും വിദേശ ഫണ്ടുകളുടെ ഒഴുക്ക് വര്‍ധിച്ചതും രൂപയ്ക്ക് തിരിച്ചടിയാകുകയാണ്. ആഗോള വിപണികളിലെ സ്ഥിരതയാര്‍ന്ന പ്രവണതകളെ പിന്തുടര്‍ന്ന് വിപണി ഇന്നും നേട്ടത്തിലാണ് വ്യാപാരമാരംഭിച്ചത്. ആദ്യഘട്ട വ്യാപാരത്തില്‍ സെന്‍സെക്സ് 644.15 പോയിന്റ് ഉയര്‍ന്ന് 52,909.87 ലും, നിഫ്റ്റി 192.6 പോയിന്റ് ഉയര്‍ന്ന് 15,749.25 ലും എത്തി.