image

17 Jun 2022 2:19 AM GMT

Technology

യുപിഐയും റുപേ കാര്‍ഡും ഇനി യൂറോപിലും: ആദ്യം ഫ്രാന്‍സില്‍

MyFin Desk

യുപിഐയും റുപേ കാര്‍ഡും ഇനി യൂറോപിലും: ആദ്യം ഫ്രാന്‍സില്‍
X

Summary

ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് റിയല്‍ടൈം പേയ്‌മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ഇനി മുതല്‍ ഫ്രാന്‍സിലും ലഭ്യമാകും. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുപിഐ സേവനം വ്യാപിക്കുകയാണ്. ഫ്രാന്‍സ് ആസ്ഥാനമായ ലിറ നെറ്റ്‌വര്‍ക്കുമായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍പിസിഎല്‍) അറിയിച്ചു. മാത്രമല്ല ഇത് പ്രകാരം ഫ്രാന്‍സില്‍ റുപേ കാര്‍ഡ് സേവനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വിവ ടെക്നോളജി 2022 ഇവന്റുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് […]


ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് റിയല്‍ടൈം പേയ്‌മെന്റ് സിസ്റ്റമായ യുപിഐയുടെ സേവനം ഇനി മുതല്‍ ഫ്രാന്‍സിലും ലഭ്യമാകും. ഇതോടെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുപിഐ സേവനം വ്യാപിക്കുകയാണ്. ഫ്രാന്‍സ് ആസ്ഥാനമായ ലിറ നെറ്റ്‌വര്‍ക്കുമായി എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ് ലിമിറ്റഡ് ധാരണാ പത്രം ഒപ്പിട്ടെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍പിസിഎല്‍) അറിയിച്ചു.

മാത്രമല്ല ഇത് പ്രകാരം ഫ്രാന്‍സില്‍ റുപേ കാര്‍ഡ് സേവനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വിവ ടെക്നോളജി 2022 ഇവന്റുമായി ബന്ധപ്പെട്ട് ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെ കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സിംഗപ്പൂര്‍, യുഎഇ, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതുവരെ യുപിഐ പേയ്മെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ വ്യാപിപ്പിക്കും

2020ല്‍, ഇന്ത്യയ്ക്ക് പുറത്ത് യുപിഐ, റുപേ കാര്‍ഡ് എന്നിവയുടെ സേവനം വ്യാപിപ്പിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും (ആര്‍ബിഐ) എന്‍പിസിഐയും ചേര്‍ന്ന് സ്ഥാപിച്ച ഉപസ്ഥാപനമാണ് എന്‍ഐപിഎല്‍. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് യുഎഇയില്‍ യുപിഐ സേവനങ്ങള്‍ക്ക് സ്വീകാര്യത ലഭിച്ചത്. രാജ്യത്തെ റീട്ടെയില്‍ സ്റ്റോറുകള്‍ ഉള്‍പ്പടെയുള്ള വ്യാപാര സ്ഥാപനങ്ങളിലും യുപിഐ ഭീം ആപ്പ് ഉപയോഗിച്ച് ഇന്ത്യക്കാര്‍ക്ക് പേയ്മെന്റ് ഇടപാട് നടത്താം.

ഇതിനായി ഉപഭോക്താക്കള്‍ക്ക് ഇന്ത്യയില്‍ യുപിഐ അധിഷ്ഠിത ബാങ്ക് അക്കൗണ്ട്, ഭീം മൊബൈല്‍ ആപ്പ് എന്നിവ ഉണ്ടായിരിക്കണം. യുപിഐ സേവനം യുഎഇയിലെ എല്ലാ സ്ഥലങ്ങളിലും ലഭ്യമാകില്ലെന്നും അറിയിപ്പുണ്ട്. നിയോപേ ടെര്‍മിനലുകളുള്ള സ്ഥാപനങ്ങള്‍ മാത്രമാണ് പേയ്‌മെന്റുകള്‍ സ്വീകരിക്കുക. ഇന്ത്യയ്ക്ക് പുറത്ത് യുപിഐയുടെ ഉപയോഗം വ്യാപിപ്പിക്കുന്നതിന് ആര്‍ബിഐ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി ഭഗവത് കൃഷ്ണറാവു കാരാട് ഏതാനും ദിവസം മുന്‍പ് ലോക്സഭയില്‍ രേഖാമൂലം അറിയിച്ചിരുന്നു.

വിവിധ രാജ്യങ്ങളില്‍ BHIM UPI QR-ന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് വേണ്ട ചുവടുവെപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അന്താരാഷ്ട്ര വ്യാപാര സ്ഥാപനങ്ങളിലെ എല്ലാ റീട്ടെയില്‍ പര്‍ച്ചേസിനും BHIM UPI QR ഉപയോഗിച്ച് പേയ്മെന്റുകള്‍ നടത്തുന്നതിന് സൗകര്യമൊരുക്കും.